വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച മുതിർന്ന പൗരന്മാർക്ക് പുറത്തിറങ്ങാം; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും അമ്പതിനായിരത്തിന് മുകളിൽ

Wednesday 23 June 2021 10:06 AM IST

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും അമ്പതിനായിരത്തിന് മുകളിലെത്തി. 50,848 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1,358 മരണം കൂടി ഇന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ആകെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. കഴിഞ്ഞ 50 ദിവസത്തിനുള്ളിലാണ് ഒരു കോടി കേസുകൾ റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 6,43,194 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനമാണ്.

54,24,374 പേർക്ക് 24 മണിക്കൂറിനിടെ കുത്തിവയ്പ്പ് നൽകി. ഇതുവരെ 29,46,39,511 ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച മുതിർന്ന പൗരന്മാർക്ക് പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. കൊവാക്‌സിൻ അനുമതിക്കുള്ള കൂടുതൽ വിവരങ്ങൾ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറി. അനുമതിക്ക് രണ്ടു മാസം വരെ എടുത്തേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.

Advertisement
Advertisement