ഇപ്പോഴില്ലെങ്കിൽ ഇനിയില്ല; കോൺഗ്രസിൽ അടിമുടി മാറ്റം വേണമെന്ന് സതീശനും സുധാകരനും, ഗ്രൂപ്പ് നേതാക്കന്മാരെ തണുപ്പിക്കാൻ കൂടിക്കാഴ്‌ച നടത്തി നേതാക്കൾ

Wednesday 23 June 2021 1:57 PM IST

തിരുവനന്തപുരം: പുനഃസംഘടന വിഷയത്തിൽ സമവായം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി രാഷ്ട്രീയകാര്യ സമിതിക്ക് മുമ്പ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. മുതിര്‍ന്ന നേതാക്കളാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ജംബോ കമ്മിറ്റികൾ വേണ്ടെന്നാണ് പൊതുവികാരമെന്നും എണ്ണം രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനിക്കാമെന്നുമാണ് നേതാക്കളുടെ കൂടിക്കാഴ്‌ചയിലെ ധാരണയെന്ന് വി ഡി സതീശൻ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴില്ലെങ്കിൽ ഇനി ഇല്ലെന്ന തരത്തിൽ സമീപിച്ചാൽ മാത്രമേ കോൺഗ്രസിന് രക്ഷപ്പെടാനാകുവെന്നും അതിനുള്ള സുവര്‍ണ അവസരമാണ് പുനഃസംഘടനയെന്നും ഗ്രൂപ്പ് മാനേജർമാരെ രാഷ്ട്രീയകാര്യ സമിതിക്ക് മുന്നോടിയായി ബോദ്ധ്യപ്പെടുത്താൻ കൂടിയായിരുന്നു യോഗം. കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനയിൽ അടിമുടി മാറ്റം വേണമെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുധാകരനും ഉറച്ച് നിൽക്കുകയാണ്. ഭാരവാഹികളുടെ എണ്ണം പത്തിൽ ഒതുക്കണമെന്നാണ് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ ഉറപ്പിക്കുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ ഇത് അംഗീകരിച്ചിരുന്നില്ല.

സംഘടനാ സംവിധാനത്തിന് എന്തെല്ലാം ന്യൂനതകൾ ഉണ്ടോ അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും രാഷ്ട്രീയകാര്യ സമിതിയിൽ പുനഃസംഘടന തന്നെയാണ് അജണ്ടയെന്നും വി ഡി സതീശൻ പറഞ്ഞു. അടിമുടി മാറ്റം വേണമെന്നത് പൊതു വികാരം ആണ്. എല്ലാവരെയും ഒരുമിച്ച് നിർത്തി എല്ലാവര്‍ക്കും സ്വീകാര്യമായ ഫോര്‍മുലയാണ് ആലോചിക്കുന്നതെന്നും സമയബന്ധിതമായി ഭാരവാഹി നിർണ്ണയും പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഹൈക്കമാൻഡ് അനുമതി കൂടി വാങ്ങിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല പക്ഷങ്ങൾക്ക് അർഹമായ സ്ഥാനമാനങ്ങൾ നൽകുമെന്ന ഉറപ്പ് രാഹുൽ ഗാന്ധി നേതാക്കളെ നേരിട്ട് വിളിച്ച് അറിയിച്ചതായും വിവരമുണ്ട്. എന്തായാലും നേതാക്കളുമായി പ്രത്യക്ഷമായ അഭിപ്രായ വ്യത്യാസത്തിന് നിൽക്കാതെ അവരുടെ കൂടി താത്പര്യപ്രകാരം പുനഃസംഘടന നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാണ് പുതിയ നേതൃത്വത്തിം തീരുമാനിച്ചിരിക്കുന്നത്. രാഷ്‌‌ട്രീയകാര്യസമിതി യോഗത്തിന് മുന്നോടിയായി വർക്കിംഗ് പ്രസിഡന്‍റുമാരുമായി കെ പി സി സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ഇപ്പോൾ കൂടിക്കാഴ്‌ച നടത്തുകയാണ്.

Advertisement
Advertisement