എരമത്തെ സൈബർ പാർക്ക് വ്യവസായവകുപ്പുദ്യോഗസ്ഥർ സന്ദർശിച്ചു; വ്യവസായ പാർക്കിന് സാദ്ധ്യത

Wednesday 23 June 2021 8:20 PM IST

കണ്ണൂർ: പത്ത് വർഷത്തിലേറെയായി കാടുപിടിച്ചു കിടക്കുന്ന എരമത്തെ സൈബർ പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് വ്യവസായ പാർക്ക് സ്ഥാപിക്കും. വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. 2010ൽ അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനാണ് എരമം പുല്ലുപാറയിൽ സൈബർ പാർക്കിന് തറക്കല്ലിട്ടത്. എന്നാൽ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

അൻപതിനായിരം ചതുരശ്ര അടിയിൽ കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ ഒരുക്കം നടത്തി ചുറ്റുമതിൽ കെട്ടി മറ്റ് പ്രവൃത്തികളും ആരംഭിച്ചിരുന്നു. ഇതിനായി അഞ്ച് കോടി വിലയുള്ള സാമഗ്രികളും എത്തിച്ചു. ഈ സ്ഥലത്താണ് പുതിയ വ്യവസായ പാർക്ക് ആരംഭിക്കാനുള്ള സാദ്ധ്യത തെളിയുന്നത്. നിലവിൽ 25 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. ആവശ്യമെങ്കിൽ ഏറ്റെടുക്കാൻ 50 ഏക്കറോളം സ്ഥലവും ഇതിനോട് ചേർന്നുണ്ട്.

നടപ്പിലാകാതെ പോയത് സൈബർ പാർക്ക് മാത്രം

കേരളത്തിലെ ഐ .ടി രംഗത്തെ വികസനത്തിനായി അന്ന് മൂന്നു മേഖല തിരിച്ചാണ് പദ്ധതി ആലോചിച്ചത്. ദക്ഷിണ മേഖലയിൽ ടെക്‌നോ പാർക്കും മദ്ധ്യകേരളത്തിൽ ഇൻഫോ പാർക്കും ഉത്തര മേഖലയിൽ സൈബർ പാർക്കും. ടെക്‌നോ പാർക്കും ഇൻഫോ പാർക്കും ആരംഭിച്ചു ആയിരകണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകിയിട്ടും സൈബർ പാർക്ക് മാത്രം യാഥാർത്ഥ്യമായില്ല. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓരോയിടത്താണ് പാർക്ക്‌ വിഭാവനം ചെയ്തത്. മൂന്നിടങ്ങളിലും ഒരു കമ്പനിയുടെ കീഴിൽ തന്നെയായി സൈബർ പാർക്ക്‌ ലിമിറ്റഡ് എന്ന പേരിലാണ് പദ്ധതി മുന്നോട്ട് വച്ചതു. ഇതിനായി കമ്പനിക്ക് ഒരു സി .ഇ. ഒ യെയും നിയമിച്ചിരുന്നു.

2010 ൽ സംസ്ഥാന ആരോഗ്യ മന്ത്രിയായിരുന്ന പി കെ ശ്രീമതിയുടെ താല്പര്യ പ്രകാരം പയ്യന്നൂർ നിയോജക മണ്ഡലത്തിലെ എരമത്ത് സൈബർ പാർക്കിനു വേണ്ടി തറക്കല്ലിട്ടു. പാർക്ക് നിർമ്മിക്കാനായി മിച്ചഭൂമി ഏറ്റെടുത്തതിൽ നിന്നും 25 ഏക്കർ ഭൂമി കണ്ടെത്തി. നഗരത്തിൽ നിന്നും ഏറെ അകലെയാണ് എരമം പുല്ലുപാറയിലെ സ്ഥലം. ഇവിടെ റോഡ് നിർമിക്കാൻ സ്ഥലം അക്വയർ ചെയ്തു. ലക്ഷ കണക്കിന് രൂപ ചിലവഴിച്ചു 25 ഏക്കർ ഭൂമിക്കു ചുറ്റും വലിയ ചുറ്റുമതിലും നിർമ്മിച്ചു.

വ്യവസായ പാർക്ക് ആരംഭിക്കാൻ അനുയോജ്യ സ്ഥലമാണ് പുല്ലുപാറയിലേത്.സൈബർ പാർക്കിനായി കൊണ്ടുവന്ന സാമഗ്രികൾ ഉപയോഗിച്ചാൽ അറുപത് ശതമാനത്തോളം പ്രവൃത്തി നിലവിൽ പൂർത്തിയാക്കാനാൻ കഴിയും-

പി. എൻ. അനിൽകുമാർ,​ജനറൽ മാനേജർ

ജില്ലാ വ്യവസായ കേന്ദ്രം

Advertisement
Advertisement