ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കാൻ ഇന്ത്യ

Thursday 24 June 2021 12:43 PM IST

ന്യൂഡൽഹി: അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ പ്ളസ് കൊവിഡ് വകഭേദം രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്ന നിഗമനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിരോധ നടപടികൾ ആരംഭിച്ചു. കേരളത്തിൽ അടക്കം രാജ്യത്ത് 40 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡിന്റെ ജനിതകമാറ്റം പഠിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച എെ.എൻ.എസ്.എ,

സി.ഒ.ജിയുടെ 28 ലാബുകളിൽ മഹാരാഷ്‌ട്ര, കേരളം, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 45,000ൽ അധികം സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 40 കേസുകൾ ഡെൽറ്റാ പ്ളസ് വകഭേദം മൂലമാണെന്ന് തിരിച്ചറിഞ്ഞത്. കേരളത്തിൽ പത്തനംതിട്ട, പാലക്കാട്, മഹാരാഷ്‌ട്രയിൽ രത്നഗിരി, ജൽഗാവ്, മദ്ധ്യപ്രദേശിൽ ഭോപ്പാൽ, ശിവ്പുരി എന്നിവിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മൂന്നു സംസ്ഥാനങ്ങളോടും പ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. പരിശോധനകൾ കൂട്ടാനും രോഗികളുടെ സമ്പർക്കപട്ടിക തയാറാക്കി രോഗവ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കാനും മുൻഗണനാ വിഭാഗക്കാർക്ക് വാക്സിനേഷൻ നൽകാനും കേന്ദ്രം ആവശ്യപ്പെട്ടു.

ഏപ്രിൽ അഞ്ചിന് മഹാരാഷ്‌ട്രയിലാണ് ഇന്ത്യയിൽ ആദ്യമായി പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇന്നലെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം മഹാരാഷ്‌ട്രയിൽ 21ഉം മദ്ധ്യപ്രദേശിൽ ആറും കേരളത്തിലും തമിഴ്നാട്ടിലും മൂന്ന് വീതവും കർണാടകയിൽ രണ്ടും പഞ്ചാബ്, ആന്ധ്രാ, ജമ്മുകാശ്‌മീർ എന്നിവിടങ്ങളിൽ ഓരോ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ലോക്ക്ഡൗൺ ഇളവുകൾ നീക്കുമ്പോൾ പുതിയ വകഭേദം വൻ തോതിൽ പടരുമെന്നാണ് ആശങ്ക.

വൈറസിന് മനുഷ്യ കോശങ്ങളിൽ പറ്റിപ്പിടിക്കാൻ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനിൽ ജനിതകമാറ്റം സംഭവിച്ചുണ്ടായ ബി.1.617.2.1/എ.വൈ.1 എന്ന വകഭേദമാണ് ഡെൽറ്റാ പ്ളസ് എന്നറിയപ്പെടുന്നത്. യു.എസിൽ എ.വൈ. 2 എന്ന വകഭേദത്തെയും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, പോളണ്ട്, റഷ്യ, ചൈന എന്നിവിടങ്ങളിലായി 205 ഡെൽറ്റാ പ്ളസ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ശ്വാസകോശത്തിൽ പറ്റിപിടിക്കാനുള്ള കഴിവും അതിവ്യാപനവുമാണ് ഡെൽറ്റാ പ്ളസിനെ അപകടകാരിയാക്കുന്നത്. പുതിയ വൈറസിന് മനുഷ്യ പ്രതിരോധം തകർക്കാനുള്ള ശേഷി, രോഗത്തിന്റെ ഗുരുതരാവസ്ഥ, അതിവ്യാപനം തുടങ്ങിയവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത് വരെ നിലവിലെ ചികിത്സാ രീതികൾ തുടരും. കൊവിഷീൽഡ്, കൊവാക്സിൻ വാക്സിനുകൾ ഡെൽറ്റാ പ്ളസിനെ പ്രതിരോധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

Advertisement
Advertisement