മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് : ക്വാറിയിൽ സ്ഫോടക വസ്തുക്കളെങ്ങനെ എത്തി ?

Wednesday 23 June 2021 10:12 PM IST

  • ക്വാറി ലൈസൻസ് പുതുക്കിയത് 2018ൽ

തൃശൂർ : വടക്കാഞ്ചേരി വാഴക്കോട് ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ കൂടുതൽ സ്‌ഫോടക വസ്തുക്കളെങ്ങനെ എത്തിയതെന്ന് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പരിശോധന ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് അന്വേഷണച്ചുമതല ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ സ്ഥലം സന്ദർശിച്ചു. എ.സി.പി പി. ശശികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
രണ്ട് എസ്.ഐമാർ, രണ്ട് എ.എസ്.ഐ, രണ്ട് സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തിയ സംഘം ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ മൊഴിയെടുത്തു. ഇന്ന് ആശുപത്രിയിൽ കഴിയുന്ന ക്വാറി ഉടമയുടെ മൊഴിയെടുക്കും.
ഇതിനിടെ സ്‌ഫോടനം സംബന്ധിച്ച് തഹസിൽദാർ, ഫോറൻസിക് വിഭാഗം എന്നിവരുടെ പ്രാഥമിക റിപ്പോർട്ട് കളക്ടർ സർക്കാരിന് കൈമാറി. മീൻ പിടിക്കുന്നതിന് ഉപയോഗിക്കുന്ന തോട്ടയാണ് പൊട്ടിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഉഗ്ര സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ എക്‌സ്‌പ്ലോസീവ്‌സ്, ഫോറൻസിക് പരിശോധനകളിൽ കണ്ടെത്തി. ഡിറ്റണേറ്റർ ഉൾപ്പെടെയുള്ളവയുടെ സാന്നിദ്ധ്യം ഉണ്ടോയെന്നും പരിശോധിച്ച് വരികയാണ്. ക്വാറി ഉടമകൾക്ക് ചേലക്കരയിൽ വേറെ ക്വാറികളുണ്ട്. ഇവിടേക്ക് സ്‌ഫോടക വസ്തുക്കൾ കടത്താനുള്ള ശ്രമത്തിനിടയിലോണോ സംഭവിച്ചതെന്നത് സംബന്ധിച്ചും പരിശോധിച്ചു വരികയാണ്. 2018 ന് ശേഷം ക്വാറിയുടെ ലൈസൻസ് പുതുക്കിയിട്ടില്ലെങ്കിലും അടുത്തിടെ വരെ ഇവിടെ ഖനനം നടന്നിരുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ക്വാറി ഉടമയുടെ സഹോദരൻ ഉമ്മറിന്റെ കണ്ണിന് ഗുരുതര പരിക്കേറ്റതിനാൽ ഇയാളെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലേക്ക് മാറ്റി.

അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് അടുത്ത ദിവസം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. സ്‌ഫോടനം നടക്കാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും സ്‌ഫോടക വസ്തുകൾ എന്തിന് കൊണ്ടു വന്നു എന്നതിനെ കുറിച്ചും അന്വേഷണം നടത്തും

പി. ശശികുമാർ

എ.സി.പി ക്രൈംബ്രാഞ്ച്

Advertisement
Advertisement