മനസിൽ നിറയ്‌ക്കാം ജഗദംബ സരസ്വതിയെ

Thursday 24 June 2021 12:00 AM IST

ആത്മീയത പഠിക്കുന്ന ജിജ്ഞാസുക്കളും വിദ്യാദേവിയെ ഉപാസിക്കുന്ന വിദ്യാർത്ഥികളും യോഗികളും യോഗത്തിൽ അഥവാ ധ്യാനത്തിൽ താത്‌പര്യമുള്ളവരും ജഗദംബ സരസ്വതിയെ ആഴത്തിൽ അറിയണം.

1936ൽ ഹൈദരാബാദ് സിന്ധിൽ ദാദാ ലേഖരാജ് ആരംഭിച്ച 'ഓം മണ്ഡലി' എന്ന സത്സംഗത്തിൽ പങ്കെടുക്കാൻ പതിനേഴു വയസുള്ളൊരു പെൺകുട്ടി അമ്മയോടൊപ്പം വന്നു. രാധയെന്ന ആ പെൺകുട്ടി അനവധി പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവം അതിജീവിച്ച് ആത്മീയ ഉത്തുംഗതയിലെത്തി. ഭാരതത്തിലുടനീളം രാജയോഗ' സെന്ററുകൾ സ്ഥാപിച്ചു. ഭക്തർ 'മമ്മ' എന്ന് ഭക്തിയോടെ വിളിക്കുന്ന ജഗദംബ സരസ്വതിയുടെ മഹത്വം എത്ര പ്രകീർത്തിച്ചാലും അധികമാകില്ല. മൗണ്ട് അബുവിലെ ബ്രഹ്മാകുമാരീസ് മീഡിയാ വിംഗ് ചെയർപേഴ്സണായ രാജയോഗി ബ്രഹ്മാകുമാർ കരുണാഭായിയോട് മമ്മ പറഞ്ഞത് ഇങ്ങനെയാണ്. " സഹിക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് നമ്പർ വൺ ആകാൻ കഴിയും." മമ്മയുടെ ജീവിതത്തിന്റെ പരമമായ സത്യം ഇതു തന്നെയായിരുന്നു. സഹിക്കാനും ക്ഷമിക്കാനും ദീനാനുകമ്പ കാട്ടാനുമാണ് മമ്മ പഠിപ്പിച്ചത്.

ജഗദംബ സരസ്വതി ലോകത്തിന് നൽകിയ ശാന്തിമന്ത്രമാണ് രാജയോഗം. അത് ആത്മാവിനെ പവിത്രമാക്കുന്ന മഹായജ്ഞമാണ്. ഈ യജ്ഞം മനുഷ്യനെ തന്റെ മനസിന്റെ അധികാരിയായി മാറ്റുന്നു. ഈ വിദ്യ അഭ്യസിക്കുന്നതു വഴി സ്വപരിവർത്തനവും വിശ്വപരിവർത്തനവും ഒരേ സമയം നടക്കുന്നു. കലുഷിതമായ ഇന്നത്തെ ലോകസാഹചര്യത്തിൽ രാജയോഗത്തിന്റെ പ്രസക്തി വളരെ വലുതാണ്. നൂറുകണക്കിന് രാജയോഗികളായ ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരികളും സ്വജീവിതം ജഗദംബ സരസ്വതിയുടെ പാദമുദ്രകൾ പിന്തുടരാൻ മാറ്റിവച്ചിരിക്കുകയാണ്. ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ സെക്രട്ടറി ജനറൽ രാജയോഗി ബ്രഹ്മാകുമാർ നിർവൈർ ഭായിജി മമ്മയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

"വിദ്യാദേവി സരസ്വതിയെ കവികളും വിദ്വാന്മാരും വർണിച്ചിട്ടുണ്ട്. എന്നാൽ ആ വിദ്യാദേവിയുടെ രൂപവും കർത്തവ്യവും ഞാൻ എന്റെ കണ്ണുകൾകൊണ്ടു കണ്ടു. അവരിൽ നിന്ന് പഠിച്ചു. ആ അമ്മയുടെ കുട്ടിയായി. ഇത് എന്റെ പരമ സൗഭാഗ്യമാണ്.''

1965 ജൂൺ 24 ന് പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ പ്രഥമ മുഖ്യ പ്രശാസിക ജഗദംബ സരസ്വതി പവിത്രമായ ഇഹലോക ജീവിതം പൂർത്തിയാക്കി ആദിദേവിയിൽ ലയിച്ചു. പുലർച്ചെ രണ്ടുമണിക്ക് ഉണർന്ന് സ്നേഹത്തോടെ പരമ പിതാവായ പരമാത്മാ ശിവജ്യോതി സ്വരൂപനെ ധ്യാനിക്കുന്ന സംസ്കാരം മമ്മ അന്ത്യസമയം വരെയും പാലിച്ചിരുന്നു. ശിവജ്യോതി സ്വരൂപനെ ധ്യാനിച്ചുകൊണ്ടാണ് മമ്മ ഭൗതികശരീരം വെടിഞ്ഞത്. ആത്മാവ് ശരീരം ഉപേക്ഷിച്ച ദിവസം പോലും കുട്ടികളുമായി സംവദിച്ചിരുന്നു. ആപ്പിളും മുന്തിരിയും സമ്മാനിച്ചു. ഈ ലോകത്ത് അല്‌പകാലത്തേക്ക് അതിഥിയായി എത്തിയ തന്റെ സമയം അവസാനിച്ചെന്നും ആത്മാവ് നിമിഷങ്ങൾക്കുള്ളിൽ ശരീരം ഉപേക്ഷിക്കുമെന്നും അറിഞ്ഞിട്ടും മമ്മ തീരെ വ്യാകുലയായിരുന്നില്ല. അങ്ങനെ ശക്തിസേനയുടെ നായികയായ ജഗദംബ സരസ്വതി തന്റെ ശരീരം ഉപേക്ഷിച്ചു. ജീവിതം ഈശ്വരസേവയ്ക്കായി മാറ്റിവച്ച ജഗദംബ സരസ്വതി ആദി ദേവിയായതിന്റെ 56-ാം സ്മൃതിദിനമാണിന്ന്. ഈ ദിനത്തിൽ ജഗദംബ സരസ്വതിയിലേക്കുള്ള ആഴമേറിയ ആത്മീയയാത്രയ്ക്ക് തുടക്കമിടാം. ലോകസമാധാനത്തിനും ശാന്തിക്കുമായുള്ള രാജയോഗത്തിൽ കണ്ണിചേരാം.

Advertisement
Advertisement