അതിർത്തി ലംഘിച്ച ബ്രിട്ടീഷ് കപ്പലിനെതിരെ വെടിയുതിർത്ത് റഷ്യ

Thursday 24 June 2021 12:55 AM IST

മോസ്കോ : കരിങ്കടലില്‍ അതിർത്തി ലംഘിച്ചതിന് ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്എംഎസ് ഡിഫൻഡർ കപ്പലിന് നേരെ മുന്നറിയിപ്പായി നിറയൊഴിച്ചെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. മുന്നറിയിപ്പിനോട് കപ്പലിൽ ഉള്ളവർ പ്രതികരിച്ചില്ലെന്നും റഷ്യൻ മന്ത്രാലയം കൂട്ടിച്ചേർത്തു. ക്രിമിയക്ക് സമീപത്തെ കേപ് ഫിയോലന്റ് മുനമ്പിനു സമീപമാണു വെടിവയ്പ്പു നടന്നതെന്നാണ് റഷ്യൻ വാദം. റഷ്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടന്നതിനെ തുടര്‍ന്നാണ് പട്രോള്‍ ഷിപ്പ് മുന്നറിയിപ്പായി വെടിയുതിർത്തത്. കപ്പല്‍ പോകുന്ന വഴിയില്‍ ജെറ്റ് വിമാനം ബോംബും വര്‍ഷിച്ചെന്ന് റഷ്യ കൂട്ടിച്ചേർത്തു. മുന്നറിയിപ്പിനെ തുടര്‍ന്ന് ബ്രിട്ടീഷ് കപ്പല്‍ സഞ്ചാരപാത മാറ്റുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ചെയ്തു.

അതേ സമയം റഷ്യയുടെ വാദത്തിനെതിരെ ബ്രിട്ടന്‍ രംഗത്തെത്തി. ബ്രിട്ടീഷ് റോയല്‍ നേവി കപ്പലിന് നേരെ മുന്നറിയിപ്പ് വെടിയോ സഞ്ചാര പാതയില്‍ ബോംബിടലോ ഉണ്ടായിട്ടില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. സമുദ്ര നിയമങ്ങള്‍ പാലിച്ച് കപ്പല്‍ ഇപ്പോഴും ഓടുന്നുണ്ടെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

മെഡിറ്ററേനിയൻ കടലിൽ നിന്ന് പിന്മാറി എച്ച്എംഎസ് ഡിഫൻഡർ കരിങ്കടലില്‍ ദൗത്യത്തിനായി തയ്യാറെടുക്കുകയാണെന്ന് ബ്രിട്ടീഷ് നാവിക വിഭാഗം നേരത്തേ അറിയിച്ചിരുന്നു.

Advertisement
Advertisement