ബാലരാമപുരം കൈത്തറിക്ക് കരുത്തേകാൻ പ്രവാസികൾ

Thursday 24 June 2021 3:35 AM IST

തിരുവനന്തപുരം: കേരളത്തിന്റെ നെയ്ത്തു മാഹാത്മ്യം അതിർത്തിക്കപ്പുറമെത്തിച്ച ബാലരാമപുരം കൈത്തറിക്ക് പ്രവാസി മലയാളികളുടെ സഹായത്തോടെ അന്താരാഷ്ട്ര വിപണി കണ്ടെത്താൻ ശ്രമം. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഇതിനായി വിവിധ പ്രവാസി സംഘടനകളെ ഏകോപിപ്പിക്കുന്നത്. ഓണത്തോടെ ബാലരാമപുരം കൈത്തറിയെ വിദേശത്ത് ജനകീയമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രി നാളെ വിവിധ പ്രവാസി മലയാളി സംഘടനാ ഭാരവാഹികളുമായി ഓൺലൈൻ ചർച്ച നടത്തും. അമേരിക്കൻ മലയാളികളുടെ സഹായത്തോടെയാണ് നെയ്ത്തുഗ്രാമത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർത്താനുള്ള ശ്രമം നടത്തുന്നത്. ഫോമ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, വിവിധ ക്രൈസ്തവ സഭകൾ, കേരള ഹിന്ദൂസ് ഒഫ് നോർത്ത് അമേരിക്ക എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനാണ് (സിസ്സ ) സംഘാടകർ. കൊവിഡ് പ്രതിസന്ധിയിലാക്കിയ ബാലരാമപുരത്തെ നെയ്ത്തുകാർക്ക് വലിയ സാദ്ധ്യത ഇതിലൂടെ തുറക്കുമെന്നാണ് കണക്കുകൂട്ടൽ.

Advertisement
Advertisement