കൊവിഡിന്റെ പുതിയ വകഭേദം ബാധിച്ച് മദ്ധ്യപ്രദേശ് സ്വദേശിനി മരണമടഞ്ഞു, ഇന്ത്യയിലെ ആദ്യ ഡെൽറ്റാ പ്ളസ് മരണം

Thursday 24 June 2021 9:36 AM IST

ന്യൂഡൽഹി: കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റാ പ്ളസ് ബാധിച്ച് മദ്ധ്യപ്രദേശിൽ ഒരു സ്ത്രീ മരിച്ചു. ഇത് ആദ്യമായാണ് ഇന്ത്യയിൽ കൊവിഡിന്റെ പുതിയ വകഭേദം പിടിപെട്ട് ഒരാൾ മരിക്കുന്നത്. മദ്ധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയായ സ്ത്രീയാണ് മരണമടഞ്ഞത്. മദ്ധ്യപ്രദേശിൽ ഇതു വരെ അഞ്ച് പേർക്ക് ഡെൽറ്റാ വകഭേദം പിടിപ്പെട്ടു. ഇതിൽ മൂന്ന് പേർ ഭോപാലിൽ നിന്നും മറ്റ് രണ്ട് പേർ ഉജ്ജയിനി സ്വദേശികളുമാണ്. രോഗം ബാധിച്ച മറ്റ് നാലു പേരും സുഖം പ്രാപിച്ചതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

കഴിഞ്ഞ മേയ് 23നാണ് ഉജ്ജയിനി സ്വദേശി മരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അവരുടെ സാംപിളുകൾ വീണ്ടും പരിശോധിച്ചപ്പോഴാണ് അവർക്ക് പിടിപ്പെട്ടത് ഡെൽറ്റാ പ്ളസ് വകഭേദമാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞത്. മരണമടഞ്ഞ സ്ത്രീയുടെ ഭ‌ർത്താവിൽ നിന്നുമാണ് അവർക്ക് കൊവിഡ് ബാധ പകരുന്നത്. ഭർത്താവ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നുവെങ്കിലും ഭാര്യ ഇതുവരെ വാക്സിനൊന്നും സ്വീകരിച്ചിരുന്നില്ല.

സർക്കാർ സാഹചര്യം വിലയിരുത്തുകയാണെന്നും മരണമടഞ്ഞ സ്ത്രീയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മദ്ധ്യപ്രദേശ് ആരോഗ്യമന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു. മെഡിക്കൽ പരിശോധനകൾ കൃത്യ സമയത്ത് നടത്താനും ടെസ്റ്റ് റിസൾട്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കാനും ആശുപത്രികൾക്ക് നിർദേശം നൽകിയതായും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.