രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ ഇന്നും മുന്നിൽ കേരളം; 54,069 പേർക്ക് രോഗം സ്ഥിരീകരിച്ചു, മരണം 1321, രോഗമുക്തി നിരക്ക് 96 ശതമാനത്തിന് മുകളിൽ

Thursday 24 June 2021 11:03 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ദുർബലമാകുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചനകൾ. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 54,069 പേർക്കാണ്. രോഗമുക്തി നേടിയവർ 68,885 ആണ്. കൊവിഡ് ബാധിച്ച് മരിച്ചവർ1321 ആണ്. ഇതോടെ ആകെ രോഗത്തിന് കീഴടങ്ങിയത് 3,91,981 പേരാണ്.

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് കോടി കടന്നു. ഇതിൽ 2.90 കോടി പേ‌ർ രോഗമുക്തി നേടി. ആക്‌ടീവ് കേസ്‌ലോഡ് 6.27 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക് 96.61 ശതമാനമാണ്.

ആകെ രോഗബാധിതരിൽ 71 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ മുന്നിൽ കേരളമാണ്. സംസ്ഥാനത്ത് നിന്നും മാത്രം 23.65 ശതമാനം രോഗികളുണ്ട്. 12,787 പുതിയ കേസുകളാണ കേരളത്തിലുള‌ളത്. പിന്നിൽ മഹാരാഷ്‌ട്ര 10,066 കേസുകൾ. തമിഴ്‌നാട്ടിൽ 6596, ആന്ധ്രാ പ്രദേശ് 4684, കർണാടക 4436. ഏറ്റവുമധികം പ്രതിദിന മരണമുണ്ടായത് മഹാരാഷ്‌ട്രയിലാണ് 508, പിന്നിൽ തമിഴ്‌നാട് 166.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 64.89 ലക്ഷം ഡോസ് കൊവി‌ഡ് വാക്‌സിൻ വിതരണം ചെയ്‌തു. ഇതോടെ ആകെ വാക്‌സിൻ സ്വീകരിച്ചവ‌ർ 30.16 കോടിയായി. കൊവി‌ഡ് പരിവർത്തനം വന്ന ഡെൽറ്റ പ്ളസ് വേരിയന്റ് ബാധിച്ച് ഒരാൾ ഇന്ന് മരണമടഞ്ഞു. മദ്ധ്യപ്രദേശിലാണിത്. ഇവിടെയും കേരളം, ജമ്മു കാശ്‌മീർ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലാണ് ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയിട്ടുള‌ളത്.