മോദിയെ അപമാനിച്ചു: മാനനഷ്ടകേസിൽ മൊഴി നൽകാൻ രാഹുൽ ഗാന്ധി ഗുജറാത്ത് കോടതിയിൽ
സൂറത്ത്: മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചതിന് ഗുജറാത്ത് എം എൽ എ ജർണേഷ് മോദി സമർപ്പിച്ച മാനനഷ്ടകേസിൽ തന്റെ മൊഴി നൽകുന്നതിനു വേണ്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്ത് കോടതിയിൽ ഹാജരായി. 2019 ലെ ലോക്സഭാ ഇലക്ഷൻ പ്രചാരണത്തിനിടെ കർണാടകയിൽ വച്ച് നടന്ന ഒരു പൊതുയോഗത്തിൽ എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെ വന്നു എന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഇതിനെ തുടർന്ന് സൂറത്ത് എം എൽ എ പർണേഷ് മോദി മാനനഷ്ടകേസ് ഫയൽ ചെയ്യുകയായിരുന്നു. "നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എങ്ങനെയാണ് ഇവർക്കെല്ലാം മോദി എന്ന പേര് കിട്ടിയത്. എല്ലാ കളളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് കിട്ടുന്നത്," രാഹുൽ അന്ന് പൊതുയോഗത്തിൽ ചോദിച്ചിരുന്നു. കോടതിയിൽ മൊഴി കൊടുത്ത് തൊട്ടു പിറകേ നിലനിൽപ്പിനുള്ള രഹസ്യം ഭയം ഇല്ലാതിരിക്കുകയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
ഇത് രണ്ടാമത്തെ തവണയാണ് രാഹുൽ ഇതേ കേസിനു വേണ്ടി കോടതിയിൽ ഹാജരാകുന്നത്. 2019ൽ കേസ് ഫയലിൽ സ്വീകരിച്ചപ്പോൾ താൻ നിരപരാധിയാണെന്ന് കോടതി മുമ്പാകെ രാഹുൽ മൊഴി നൽകിയിരുന്നു.