വ്യാജ ഐ എ എസ് ഓഫീസറുടെ വാക്സിനേഷൻ ക്യാമ്പ് തട്ടിപ്പ് പൊളിച്ചടുക്കി കൊൽക്കത്ത എം പി

Thursday 24 June 2021 1:25 PM IST

കൊൽക്കത്ത: ഐ എ എസ് ഓഫീസർ ചമഞ്ഞ് വ്യാജ വാക്സിനേഷൻ ക്യാമ്പ് നടത്തിയതിന് കൊൽക്കത്തയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിൽ നിന്നുളള തൃണമൂൽ കോൺഗ്രസ് എം പി മിമി ചക്രബർത്തി ഇത്തരമൊരു വ്യാജ ക്യാമ്പിൽ നിന്ന് വാക്സിനേഷൻ എടുത്ത ശേഷം ഔദ്യോഗിക വിവരങ്ങൾ ഒന്നും ലഭിക്കാതെ വന്നതോടെയാണ് ഇത്തരം ക്യാമ്പുകളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ആയിരങ്ങളാണ് ഇത്തരം വ്യാജ ക്യാമ്പുകളിൽ നിന്ന് വാക്സിനേഷൻ എടുത്തത് എന്നത് തന്നെ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ദക്ഷിണ കൊൽക്കത്തയിൽ നിന്നുളള ദെബാൻജൻ ദേവ് എന്നയാളാണ് അറസ്റ്റിലായത്.

ദെബാൻജൻ നടത്തിയ ഒരു വാക്സിനേഷൻ ക്യാമ്പിൽ മുഖ്യ അതിഥിയായി പോയതാണ് മിമി ചക്രബർത്തി. മറ്റുളളവർക്കും ഒരു പ്രചോദനം ആയിക്കോട്ടെ എന്ന് കരുതിയാണ് ആ ക്യാമ്പിൽ വച്ച് താൻ വാക്സിനേഷൻ എടുത്തത് എന്നും എന്നാൽ ഡോസ് എടുത്തതിനു ശേഷവും തുടർവിവരങ്ങൾ ഒന്നും ലഭിക്കാതെ വന്നപ്പോഴാണ് എം പിക്ക് ഈ ക്യാമ്പിനെകുറിച്ച് സംശയം ജനിക്കുന്നത്.

ഒരു ഐ എ എസ് ഓഫീസർ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ദെബാൻജൻ തന്നെ സമീപിച്ചതെന്നും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് ക്യാമ്പ് നടത്തുന്നതെന്നും പറഞ്ഞുവെന്ന് മിമി അറിയിച്ചു. താൻ പങ്കെടുത്ത ക്യാമ്പിൽ തന്നെ ഏകദേശം 250 ൽ കൂടുതൽ ആളുകൾ പങ്കെടുത്തുവെന്ന് മിമി പറഞ്ഞു. ക്യാമ്പിൽ വച്ച് താൻ കൊവിഷീൽഡ് വാക്സിൻ ആണ് സ്വീകരിച്ചതെന്നും എന്നാൽ കോവിൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പോലും ആധാർ കാർഡ് ചോദിച്ചില്ല എന്നും മിമി പറഞ്ഞു.

മിമി നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച കൊൽക്കത്ത പൊലീസ് ദെബാൻജനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ ക്യാമ്പുകളിൽ നിന്ന് വാക്സിൻ ലഭിച്ചവരുടെ വിവരങ്ങൾ ഇപ്പോൾ പൊലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. കാലാവധി തീർ‌ന്ന വാക്സിൻ ആണോ ഇവിടെ നിന്ന് കൊടുത്തത് എന്നും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

Advertisement
Advertisement