വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ തുണയ്‌ക്കാതെ പാ‌ർട്ടി നേതാക്കളും; 'തെറ്റ്പറ്റിയെങ്കിൽ ജോസഫൈൻ പറയാൻ തയ്യാറാകണം', പരാതിക്കാരോട് മോശമായി സംസാരിക്കരുതെന്നാണ് നിലപാടെന്ന് പി കെ ശ്രീമതി

Thursday 24 June 2021 3:55 PM IST

കൊല്ലം: പരാതി പറയാൻ വിളിച്ച സ്‌ത്രീയോട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ മോശമായി സംസാരിച്ചു എന്ന വിഷയത്തിൽ പിന്തുണയ്‌ക്കാതെ സിപിഎം നേതാക്കളും. പരാതി പറയാൻ വിളിക്കുന്നവരോട് മോശമായി സംസാരിക്കരുതെന്നാണ് തന്റെ നിലപാടെന്ന് സിപിഎം നേതാവും മുൻ എം.പിയുമായ പി.കെ ശ്രീമതി. ജോസഫൈൻ സംസാരിച്ചതെന്താണെന്ന് പൂ‌‌‌ർണമായി കേൾക്കാൻ സാധിച്ചില്ല. തെറ്റ് പറ്റിയെങ്കിൽ അത് തുറന്ന് പറയാൻ തയ്യാറാകണമെന്നും പരാതി പറയാൻ വിളിക്കുന്നവരോട് മോശമായി സംസാരിച്ചെങ്കിൽ അത് ജോസഫൈൻ വിശദീകരിക്കണമെന്നും അവർ പറഞ്ഞു.

ഒരു ചാനൽ ഷോയ്‌ക്കിടയിലാണ് പരാതിയുമായി വിളിച്ച സ്‌ത്രീയോട് എം.സി ജോസഫൈൻ പരുക്കനായി പെരുമാറിയത്. ഇതിനെതിരെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, യൂത്ത് കോൺഗ്രസ്, സിനിമ സാംസ്‌കാരിക മേഖലയിലെ വിദഗ്ദ്ധർ എന്നിങ്ങനെ നിരവധി പേരാണ് പ്രതികരിച്ചത്.