കുറഞ്ഞ വിലയ്ക്ക് റിലയൻസിന്റെ സ്മാർട്ട്ഫോൺ വരുന്നു, സെപ്തംബർ 10 മുതൽ വിപണിയിൽ

Thursday 24 June 2021 4:17 PM IST

ന്യൂഡൽഹി: ഗൂഗിളുമായി ചേർന്ന് നിർമ്മിക്കുന്ന റിലയൻസിന്റെ പുതിയ ഫോൺ ജിയോ ഫോൺ നെക്സ്റ്റ് ഗണേശ ചതുർത്ഥി ദിനമായ സെപ്തംബർ 10 മുതൽ വിപണിയിൽ ലഭ്യമാകുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ലോകത്തിലെ തന്നെ വിലകുറഞ്ഞ സ്മാർട്ട് ഫോണുകളിൽ ഒന്നായിരിക്കും ജിയോ ഫോൺ നെക്സ്റ്റ് എന്ന് അംബാനി അറിയിച്ചു. റിലയൻസ് ഗ്രൂപ്പിന്റെ 44ാമത് എ ജി എമ്മിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗൂഗിളും ജിയോയും സംയുക്തമായി വികസിപ്പിച്ച ആൻഡ്രോയിഡ് പ്ളാറ്റ് ഫോമിലായിരിക്കും ജിയോ ഫോൺ നെക്സ്റ്റ് പ്രവർത്തിക്കുക. അത്യാധുനിക ഡിസൈനിൽ വരുന്ന ഫോണിൽ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഉണ്ടാകുമെന്ന് അംബാനി പറഞ്ഞു.

കൊവിഡ് കാരണം തുടർച്ചയായ രണ്ടാമത്തെ വർഷവും ഓൺലൈൻ ആയി നടത്തിയ എ ജി എമ്മിൽ പ്രതിസന്ധിയുടെകാലത്തും റെക്കോഡ് വരുമാനമായ 540000 കോടി രൂപ നേടാൻ കമ്പനിക്കായതായി ചെയർമാൻ അറിയിച്ചു. കൺസ്യൂമർ ബിസിനസിൽനിന്നുള്ള വരുമാനത്തിലാണ് റിലയൻസ് മികച്ച നേട്ടം ഉണ്ടാക്കിയത്.

എണ്ണകയറ്റുമതി സ്ഥാപനമായ സൗദി ആരാംകോയുടെ ചെയർമാൻ യാസിർ അൽ റുമയ്യാനെ റിലയൻസിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. ജാംനഗറിൽ 5000 ഏക്കറിൽ ധീരുബായ് അംബാനി ഗ്രീൻ എനർജി കോപ്ലക്‌സ് സ്ഥാപിക്കും. ദേശീയ, അന്തർദേശീയ തലത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കുയാണ് ലക്ഷ്യമെന്നും അംബാനി പറഞ്ഞു.

Advertisement
Advertisement