ഇന്ത്യ തേടുന്ന ഭീകരൻെറ വീടിന് മുന്നിൽ ബോംബ് സ്‌ഫോടനം നടത്തിയവരെ കണ്ടെത്താൻ കഴിയാതെ തലപുകച്ച് പാക് പൊലീസ്; നിരവധി പേർ കസ്റ്റഡിയിൽ

Thursday 24 June 2021 5:00 PM IST

ലാഹോർ: കൊടുംഭീകരൻ ഹാഫീസ് സയീദിന്റെ വീടിനുമുന്നിലുണ്ടായ സ്ഫോടനത്തിന് പിന്നിലുള‌ളവരെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പാകിസ്ഥാൻ പൊലീസ്. ലാഹോർ നഗരത്തിൽ സയീദിന്റെ വീടിന് മുന്നിൽ ബുധനാഴ്‌ചയുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചതായും 21 പേ‌ർക്ക് ഗുരുതര പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ.

2008ൽ മുംബയിലുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന ഭീകരനാണ് ജമാത്ത് ഉദ് ദവ തലവൻ ഹാഫിസ് സയീദ്. സംഭവം ആദ്യം തൊട്ടടുത്തുള‌ള ഗ്യാസ് ലൈനിലുണ്ടായ സ്ഫോടനമായാണ് കരുതിയത്. രാവിലെ 11 മണിയോടെയുണ്ടായ സ്ഫോടനത്തിൽ സയീദിന്റെ വീടിന്റെ ചുമരും ജനാലകളും തകർന്നു. വീടിന് കാവൽ നിന്നിരുന്ന ചില പൊലീസുകാർക്കും സ്‌ഫോടനത്തിൽ പരിക്കേറ്റു.

സ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബ് പ്രവിശ്യയിലെ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. സംശയം തോന്നിയ നിരവധിപേരെ കസ്‌റ്റഡിയിലെടുത്തു. ബോൾ ബെയറിംഗുകൾ, ഇരുമ്പ് കഷ്‌ണങ്ങൾ, വാഹനങ്ങളുടെ ഭാഗങ്ങൾ എന്നിവ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ നിലവിൽ ലാഹോർ ജയിലിൽ ശിക്ഷയനുഭവിക്കുകയാണ് ഹാഫീസ് സയിദ്(71).

അതേസമയം ഇമ്രാൻഖാൻ സർക്കാരിന്റെ തെറ്റായ അഫ്ഗാൻ നയമാണ് പാകിസ്ഥാനിൽ അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങൾക്ക് കാരണമെന്ന് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സ‌ർദാരി അഭിപ്രായപ്പെട്ടു. നിലവിൽ അഞ്ചോളം കേസുകളിൽ 36 വർഷത്തെ ജയിൽശിക്ഷയാണ് സയീദ് അനുഭവിക്കുന്നത്.