ഓടിയാൽ നഷ്ടം;നിർത്തിയിട്ടാൽ മോഷണം : ബസുകൾ കരുതണം ബാറ്ററിക്കള്ളന്മാരെയും

Thursday 24 June 2021 8:30 PM IST

കാസർകോട്: ലോക്ക് ഡൗണും തിരക്കില്ലാത്തതും മൂലം കുത്തുപാളയെടുത്തു നിൽക്കുന്ന സ്വകാര്യബസുടകളുടെ വയറ്റത്തടിച്ച് ബാറ്ററിക്കള്ളന്മാരും നിരത്തിൽ. കാസർകോട് നഗരത്തിൽ നിന്ന് നിരവധി പരാതികളാണ് ദിവസങ്ങൾക്കിടയിൽ ലഭിച്ചത്. പട്ടാപ്പകൽ പോലും ബസുകളുടെ ബാറ്ററികൾ മോഷണം പോയിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ലോക്ക് ഡൗണിനെ തുടർന്ന് കറന്തക്കാട് നിർത്തിയിട്ടിരുന്ന കെ എൽ 02, എസ് 202 ബസിന്റെ വലിയ വിലയുള്ള ബാറ്ററികൾ മോഷ്ടിച്ചു. കുറച്ചുദിവസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു സ്വകാര്യബസിന്റെ ബാറ്ററികളും മോഷണം പോയി.ഇതെ സ്ഥലത്ത് നിർത്തിയിട്ട ഓട്ടോ റിക്ഷയുടെ രണ്ട് ടയറുകളും കളവ് പോയി.നഗരത്തിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരാളുടെ 4000 രൂപയും ജനറൽ ആശുപത്രിക്ക് സമീപം കാറിൽ നിന്ന് 12000 രൂപയും മോഷണം പോയിട്ടുണ്ട്. വിദ്യാനഗർ മുൻസിപൽ സ്റ്റേഡിയത്തിനടുത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് 1,20,000 രൂപയും മോഷണം പോയതായി പൊലീസിന് പരാതി കിട്ടിയിട്ടുണ്ട്.

ലോക്ക് തുറക്കാതെയും ഗ്ലാസ് തകർക്കാതെയുമാണ് ഇത്രയും പണം നഷ്ടപ്പെട്ടതെന്നാണ് യുവാവ് പറയുന്നത്. ഇവിടെ നിന്ന് മറ്റുപലരുടെയും പണം മോഷണം പോയതായി പരാതികളുണ്ട്. കെ .എസ് .ആർ. ടി .സി കാസർകോട് ഡിപ്പോയിലെ കേബിളുകളും ലോക്ക് ഡൗണിനിടെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് ഡിപ്പോ സൂപ്രണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാടുപെടുന്നതിനിടെയാണ് വാഹന ഉടമകളിൽ പലർക്കും മോഷണം ഇരുട്ടടിയാകുന്നത്. പലതരത്തിലുള്ള ചിലവുകൾക്കൊപ്പം സാധന സാമഗ്രികൾ കൂടി വാങ്ങേണ്ട സ്ഥിതിയായി.

Advertisement
Advertisement