28 വർഷം വിമാനയാത്ര ചെയ്തു; ഈസ ഇക്കുറി പറന്നത് ഒറ്റയ്ക്കൊരു വിമാനത്തിൽ

Thursday 24 June 2021 8:39 PM IST
ഈ സ മലേഷ്യയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ

കണ്ണാടിപ്പറമ്പ് (കണ്ണൂർ): 28 വർഷത്തിനകം നൂറോളം തവണ വിമാന യാത്ര ചെയ്ത കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ജുമാ മസ്ജിദിനു സമീപം ഈസ ബിൻ ഇബ്രാഹീന് ഇക്കുറി അപൂർവഭാഗ്യം. കൊച്ചിയിൽ നിന്ന് ഈസയെ മാത്രം കയറ്റിയ എയർ ഇന്ത്യ വിമാനം മലേഷ്യയിലേക്ക് പറക്കുമ്പോൾ രാജകീയ യാത്രയായി ഇത്.

കൊച്ചി നെടുമ്പാശ്ശേരിയിൽ നിന്ന് കോലാലംപൂരിലേക്കാണ് യാത്ര ചെയ്തത്. കൊവിഡ് നിയന്ത്രണം കാരണം ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഈസയെ വിമാനത്താൽ ഒറ്റയാക്കിയത്. മലേഷ്യയിൽ 28 വർഷത്തോളമായി അൽഅമീൻ സൂപ്പർ മാർക്കറ്റുകളും ഹോട്ടൽ ബിസിനസും നടത്തുകയാണ് ഈസ ബിൻ ഇബ്രാഹിം. കൊവിഡ് വ്യാപനം കാരണം ഇന്ത്യയിൽ നിന്ന് മലേഷ്യയിലേക്കുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ജനുവരിയിൽ നാട്ടിലെത്തിയ ഈ സയുടെ മടങ്ങി പോക്ക് വൈകിയത്.പിന്നീട് നിശ്ചിത വരുമാനവും യാത്രകളും ചെയ്യുന്നവർക്ക് മാത്രമാണ് യാത്രാനുമതി ലഭിച്ചത്. ഇതേത്തുടർന്നാണ് മറ്റു യാത്രക്കാർ ഇല്ലാതിരുന്നത്.

ജീവിതത്തിൽ നൂറിലധികം യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു ഒറ്റയാൻ യാത്രയെന്നും പ്രത്യേക അനുഭവമാണെന്നും ഈസ പറഞ്ഞു. കണ്ണൂരിൽ നിന്ന് ട്രെയിൻ മാർഗം നെടുമ്പാശ്ശേരിയിലെത്തിയ ഈ 51നുകാരൻ വന്ദേ ഭാരത് മിഷൻ്റെ ഭാഗമായുള്ള എയർ ഇന്ത്യയുടെ lX 422 വിമാനത്തിൽ രാവിലെ 7.45 നാണ് പുറപ്പെട്ടത്.ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ കോലാംലംപൂരിൽ ഇറങ്ങി. നിരവധി സുഹൃത്തുകളും നാട്ടുകാരും ഒറ്റയാൻ യാത്രയുടെ വിശേഷമറിയാൻ വിളിക്കുന്നുണ്ട്. ഒറ്റ യാത്രക്കാരനായതിനാൽ ബോർഡിംഗ് പാസ് പരിശോധന പെട്ടെന്ന് പൂർത്തിയാക്കി. പ്രത്യേക പരിഗണന തന്നെ വിമാനത്തിൽ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സാധാരണ പോലെ 16800 രൂപയുടെ എക്കോണമി ക്ലാസ് ടിക്കറ്റ് ചാർജ് തന്നെയാണ് ഈടാക്കിയത്. നഫീസയാണ് ഈസ ബിൻ ഇബ്രാഹിമിന്റെ ഭാര്യ. ഫാസിർ, ഫസൽ, ഇബ്രാഹിം, ഫാത്തിമ എന്നിവർ മക്കളാണ്.

Advertisement
Advertisement