പാവൽ തൈകൾ നട്ട് പ്രതിഷേധം

Friday 25 June 2021 12:30 AM IST

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ കൺവീനറായിരുന്ന കെ.കെ. മഹേശന്റെ തട്ടിപ്പിനിരയായവർ പാവൽ തൈകൾ നട്ട് പ്രതിഷേധിച്ചു. മൈക്രോ ഫിനാൻസ് തട്ടിപ്പിൽ പിടക്കപ്പെടുമെന്നായപ്പോൾ ആത്മഹത്യ ചെയ്ത കെ.കെ. മഹേശനെ വെള്ളപൂശാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത്മൂവ്മെന്റ് ചേർത്തല യൂണിയൻ സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.

യോഗത്തെ തകർക്കാൻ ശ്രമിക്കുന്ന കള്ളന്മാർകൂട്ടം ചേർന്ന് യോഗം ജനറൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ കയർ ഉപയോഗിച്ച് വല കെട്ടി പാവൽ കൃഷി ചെയ്യാനായിരുന്നു യൂത്ത്മൂവ്മെന്റിന്റെ തീരുമാനം. ഗുരുദേവ പ്രസ്ഥാനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന മാഫിയകൾക്ക് പാവയ്ക്കയെപ്പോലെ കയറിൽ തൂങ്ങാനാണ് വിധിയെന്ന് യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ പറഞ്ഞു. കൃഷിക്കുള്ള പാവൽ തൈ യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ വനിതാ സംഘം നേതാവ് അമ്പിളി അപ്പൂജിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജെ.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.