മൂന്നാംതരംഗത്തെ ഒതുക്കാം, വേണം മുൻഗണനാവിഭാഗങ്ങളുടെ വാക്‌സിനേഷൻതീവ്രയജ്ഞം

Thursday 24 June 2021 10:38 PM IST

തൃശൂർ: കിടപ്പ് രോഗികൾ, പട്ടികവർഗ - പട്ടികജാതി വിഭാഗങ്ങൾ, കോളനി ചേരി നിവാസികൾ, 60 വയസിന് മുകളിലുള്ളവർ തുടങ്ങി മുൻഗണനാ വിഭാഗത്തിലുളളവർക്ക് വാക്‌സിനേഷൻ ഉറപ്പുവരുത്തുന്ന തീവ്രയജ്ഞം വിപുലമാക്കിയില്ലെങ്കിൽ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനാവില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ.

എറണാകുളത്ത് മുൻഗണനാ വിഭാഗങ്ങൾക്കായുള്ള വാക്‌സിനേഷൻ ജൂലായ് ഒന്നിന് തുടങ്ങും. എറണാകുളവും തൃശൂരുമെല്ലാം വ്യാപനം കൂടിയതിനാൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ജില്ലകളാണ്. എന്നാൽ വാക്‌സിൻ ക്ഷാമം കാരണം നട്ടംതിരിയുകയാണ് ജില്ലയിലെ ആരോഗ്യവകുപ്പ്. ഓരോ വിഭാഗങ്ങൾക്കും പ്രത്യേകമായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കിയാണ് എറണാകുളത്ത് വാക്‌സിൻ യജ്ഞം നടത്തുന്നത്. ദ്രുതകർമ്മ സേന, സന്നദ്ധസേന, വാർഡ് അംഗങ്ങൾ, അങ്കണവാടി, കുടുംബശ്രീ, അക്ഷയ കേന്ദ്രങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് ഇതിനായി വിവരശേഖരണം നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെയും മറ്റും വിവരങ്ങൾ കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. തീരദേശ മേഖലയിലെ പഞ്ചായത്തുകളിൽ കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകുന്ന 'അരികെ' പദ്ധതിക്ക് തുടക്കമായെങ്കിലും വാക്‌സിൻ ക്ഷാമം കാരണം കാര്യമായി നടപ്പാക്കാനായിട്ടില്ല. പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലേയും കിടപ്പ് രോഗികൾക്കും കൊവിഡ് വാക്‌സിൻ വീടുകളിലെത്തിക്കുന്ന പദ്ധതിയാണിത്. തെരുവിൽ അലയുന്നവരെ സന്നദ്ധ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫീൽഡ് ഹെൽത്ത് സ്റ്റാഫിന്റെയും സഹായത്തോടെ സമീപത്തെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിച്ച് വാക്‌സിൻ നൽകേണ്ടതുണ്ട്.
അൻപത് വീടുകൾ അടങ്ങുന്ന ഗ്രൂപ്പിനെ ക്ലസ്റ്ററായി പരിഗണിച്ചും ക്ലസ്റ്റർ തല കമ്മറ്റികൾ രൂപീകരിച്ചും ക്ലസ്റ്ററിന് കീഴിലുള്ള 50 വീടുകളിലെ കുട്ടികളുടെ ആരോഗ്യത്തെ സംബന്ധിച്ച് ദിവസേന നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയും മൂന്നാംതരംഗത്തെ നേരിടാൻ അന്നമനട പഞ്ചായത്ത് മുന്നൊരുക്കം നടത്തിയിരുന്നു.

പ്രാദേശിക ലോക്ക്ഡൗൺ അശാസ്ത്രീയമെന്ന്

വാക്‌സിനേഷൻ കൂടുതൽ പേർക്ക് ലഭ്യമാക്കാൻ കഴിയാത്ത പശ്ചാത്തലത്തിൽ, ടി.പി.ആർ മാനദണ്ഡമാക്കിയുള്ള പ്രാദേശിക ലോക്ക്ഡൗൺ അശാസ്ത്രീയമാണെന്ന പരാതി ഉയർന്നിട്ടുണ്ട്. കൊവിഡ് പരിശോധനാ നിരക്കും പരിശോധനാഫലവും ശതമാനത്തിൽ നിശ്ചയിക്കുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും സുരക്ഷാ മാനദണ്ഡം പാലിച്ചിട്ടും വ്യാപാരം നടത്തുന്ന വ്യാപാരികളെ നിയന്ത്രിക്കുവാൻ മാത്രമാണ് ടി.പി.ആർ കൊണ്ട് കഴിയുന്നതെന്നുമാണ് വ്യാപാരി സംഘടനകളുടെ ആരോപണം.

വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതി തുടർന്നാൽ ചെറുകിട വ്യാപാരികളുടെ ആത്മഹത്യ വർദ്ധിക്കും. ടി.പി.ആർ മാനദണ്ഡങ്ങളുടെ അടിസ്ഥാനമില്ലാതെ തന്നെ എല്ലാ വ്യാപാരസ്ഥാപനങ്ങളും ദിവസവും തുറന്നു പ്രവർത്തിക്കാനുള്ള അനുവാദം നൽകണം.

രാജു അപ്‌സര
സംസ്ഥാന ജനറൽ സെക്രട്ടറി
വ്യാപാരി വ്യവസായി ഏകോപന സമിതി

Advertisement
Advertisement