അടിയന്തരാവസ്ഥ കറുത്ത അദ്ധ്യായം, മാദ്ധ്യമങ്ങൾ മറക്കരുത്: കെ. സുരേന്ദ്രൻ

Friday 25 June 2021 12:41 AM IST

അടിയന്തരാവസ്ഥയുടെ ഒാരോ വാർഷികവും ഒരു ഓർമ്മപ്പെടുത്തലാണ്. സത്യാഗ്രഹം എന്ന സഹനസമരമുറ ലോകത്തിന് കാണിച്ചു കൊടുത്ത മഹാത്മാവിന്റെ പേര് ദുരുപയോഗം ചെയ്ത്, പിൻഗാമികളെന്ന് സ്വയം അവകാശപ്പെടുന്നവർ, രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാൻ സത്യാഗ്രഹം നടത്തിയവരെ കൊല്ലാക്കൊല ചെയ്ത നാളുകളുടെ ചരിത്രമാണത്. ഇന്ന് നരേന്ദ്രമോദിയെയും സംഘപരിവാറിനെയും ഫാസിസ്റ്റുകൾ എന്ന പേരിൽ വളഞ്ഞിട്ടാക്രമിക്കുന്ന മാദ്ധ്യമങ്ങൾ ആ കറുത്ത അദ്ധ്യായം ഒരിക്കലും മറന്നു പോകരുത്.

ഫാസിസമെന്താണെന്ന് അടിയന്തരാവസ്ഥക്കാലത്ത് നേരിട്ടറിഞ്ഞവരാണ് ഇന്ത്യൻ മാദ്ധ്യമങ്ങൾ. മാദ്ധ്യമ സ്വാതന്ത്ര്യം തടയുക എന്നതായിരുന്നു ആ കാലത്ത് പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധി പ്രധാനമായും ചെയ്തത്. നാട്ടിൽ നടക്കുന്നതൊന്നും ജനങ്ങളറിയാൻ പാടില്ല എന്നതായിരുന്നു നിലപാട്.

അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.സി. ഷാ കമ്മിഷന് മുമ്പാകെ ഇതു സംബന്ധിച്ച നിരവധി തെളിവുകൾ ഇന്ത്യയിലെ പ്രമുഖ പത്രാധിപന്മാരും പത്രപ്രവർത്തകരും നൽകിയിട്ടുണ്ട്. ഏതാണ്ടെല്ലാ മാദ്ധ്യമങ്ങളെയും സെൻസർഷിപ്പിലൂടെ നിലയ്ക്ക് നിറുത്താൻ ഇന്ദിരയ്ക്ക് കഴിഞ്ഞു. എതിർത്തവർക്ക് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ബഹദൂർഷാ മാർഗിലെ പത്ര ഓഫീസുകളുടെയെല്ലാം വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പത്രമാരണ നടപടികളിലൂടെ കുപ്രസിദ്ധനായ വിദ്യാചരൺ ശുക്ലയായിരുന്നു അന്നത്തെ വാർത്താ വിതരണ വകുപ്പ് മന്ത്രി. എൽ.കെ. അദ്വാനി പറഞ്ഞത് പോലെ 'ഇന്ദിര പത്രങ്ങളോട് കുമ്പിടാൻ പറഞ്ഞപ്പോൾ അവർ മുട്ടിലിഴഞ്ഞു". രാംനാഥ് ഗോയങ്കെ, കെ.ആർ. മൽക്കാനി, കുൽദീപ് നയ്യാർ, സി.ആർ. ഇറാനി തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് അന്ന് മാദ്ധ്യമ ധർമ്മം ഉയർത്തിപ്പിടിച്ചത്.

പത്രസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് ജനസംഘവും മറ്റ് സംഘപ്രസ്ഥാനങ്ങളുമായിരുന്നെന്ന് ഇന്ന് ബി.ജെ.പിയെ അന്ധമായി എതിർക്കുന്ന മാദ്ധ്യമ സുഹൃത്തുക്കൾ വിസ്മരിക്കുകയാണ്. ​

അന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ.ബറുവ പറഞ്ഞത് 'ഇന്ത്യയെന്നാൽ ഇന്ദിരയെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നു"മായിരുന്നു. 1975 ജൂൺ 12 നാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗമോഹൻലാൽ സിൻഹ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ വിധി പ്രസ്താവിച്ചത്. അവരെ ആറുവർഷത്തേക്ക് മത്സരിക്കുന്നതിന് അയോ​ഗ്യയാക്കുകയും ചെയ്തതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പാർലമെന്റിന്റെ കാലാവധി അഞ്ചിൽ നിന്ന് ഏഴ് വർഷമാക്കി. ജനപ്രാതിനിദ്ധ്യ നിയമത്തിൽ ഭേദഗതി വരുത്തി. പ്രധാനമന്ത്രിയെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്നാക്കി. സ്വാതന്ത്യ സമരത്തിന്റെ പാരമ്പര്യമുണ്ടായിരുന്ന കോൺഗ്രസ് പാർട്ടിയെ നെഹ്റു കുടുംബത്തിന്റെ സ്വന്തമാക്കി മാറ്റി. രാഷ്ട്രീയ എതിരാളികളെയെല്ലാം ജയിലിലാക്കി. ജയപ്രകാശ് നാരായണൻ, മൊറാർജി ദേശായ്, വാജ്പേയി, എൽ.കെ.അദ്വാനി, ജോർജ് ഫെർണാണ്ടസ് എന്നീ പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം ജയിലിലായി.

മിസ, ഡി.ഐ.ആർ തുടങ്ങിയ കരിനിയമങ്ങൾ നടപ്പിലാക്കി.

സി.പി.എം അടിയന്തരാവസ്ഥയ്ക്കെതിരായിരുന്നെങ്കിലും സമരത്തിന് ഇറങ്ങാനുള്ള ധൈര്യം കാണിച്ചില്ല. അവരുടെ ചില നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. സംഘപരിവാർ സംഘടനകളാണ് അടിയന്തരാവസ്ഥയ്ക്കെതിരെ ചെറുത്തു നില്പ് നടത്തിയത്. വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ബോധവത്കരിച്ചും സത്യാഗ്രഹം നടത്തിയും ആർ.എസ്.എസ് പ്രവർത്തകർ അടിയന്തരാവസ്ഥയ്ക്കെതിരെ പൊതുജനാഭിപ്രായം സൃഷ്ടിച്ചു.

സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസുകാർ നിയമം കൈയിലെടുത്തു. ജനങ്ങളെ നിർബന്ധിച്ച് വന്ധ്യംകരണത്തിന് വിധേയരാക്കി. ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് അടിയന്തരാവസ്ഥയ്ക്കെതിരായ സമരം.

അധികാരത്തിന് വേണ്ടി കോൺ​ഗ്രസ് എന്തും ചെയ്യുമെന്നതിന്റെ തെളിവാണ് അടിയന്തരാവസ്ഥ. അധികാരം നഷ്ടമായതിന്റെ അസഹിഷ്ണുതയാണ് ഇപ്പോൾ അവർ മോദി സർക്കാരിനോട് കാണിക്കുന്നത്. ആ കെണിയിൽ മാദ്ധ്യമങ്ങൾ വീഴാതിരിക്കാൻ ശ്രദ്ധിക്കണം.

( ബി.ജെ.പി സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)