സിനിമയുടെ വഴിയിലെ ഏകാന്തപഥികൻ

Friday 25 June 2021 12:30 AM IST

എന്റെ കലാലയ ജീവിതകാലത്ത് തിരുവനന്തപുരം രാജവീഥിയിലൂടെ അലഞ്ഞു നടക്കുമ്പോൾ വ്യത്യസ്തതയുള്ള ഒരു കാർ കടന്നുപോകുന്നത് കാണാറുണ്ടായിരുന്നു. അംബാസഡറും ഫിയറ്റും മാത്രം ഓടിയിരുന്ന ആ കാലത്ത് ഇന്നത്തെ നാനോ കാറിനോളം വലിപ്പമുള്ള ആ കാർ കടന്നുപോകുമ്പോൾ ആളുകൾ കൗതുകത്തോടെ നോക്കുന്നത് കണ്ടിട്ടുണ്ട്. ഒരിക്കൽ ആ കാറിലേക്ക് ഞാൻ നോക്കുന്നതുകണ്ട് അടുത്തുനിന്ന ആൾ പറഞ്ഞു, 'ചെമ്മീനി'ന്റെ സ്റ്റിൽസെടുത്ത ആളാണ്. വലിയ ഫോട്ടോഗ്രാഫർ. ആ കൊച്ചുകാറിന്റെ സ്റ്റിയറിംഗിന് പിന്നിലായാണ് ശിവൻ ചേട്ടനെ ഞാൻ ആദ്യമായി കാണുന്നത്.

പിന്നെയാണ് പുളിമൂട്ടിലെ ശിവൻസ് സ്റ്റുഡിയോ കാണുന്നത്. അതിന് മുന്നിലെത്തുമ്പോൾ ഞാൻ നടത്തയുടെ വേഗം കുറയ്ക്കും. അകത്തേക്ക് ആകാംക്ഷയോടെ എത്തിനോക്കും. സിനിമാക്കാരാരെങ്കിലും വന്നിട്ടുണ്ടോ എന്നറിയാനാണ്. ഒരിക്കൽ ഇങ്ങനെ നോക്കുമ്പോൾ ഒരു കറുത്ത അംബാസഡർ കാർ പുറത്തേക്കു വരുന്നതുകണ്ടു. അതിന്റെ പിൻസീറ്റിൽ വെള്ള പാന്റ്സും വെള്ള ഷർട്ടും ധരിച്ച ഒരാൾ കൂളിംഗ് ഗ്ളാസ്സും വച്ച് ചാരിക്കിടക്കുന്നതു കണ്ടു. അത് സത്യനായിരുന്നു. ഞാൻ ആദ്യമായും അവസാനമായും സത്യനെ കാണുന്നത് അന്നാണ്. ശിവൻചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സത്യനെന്ന് പിന്നീടറിഞ്ഞു. സത്യനെ നായകനാക്കിയാണ് 'സ്വപ്നം' നിർമ്മിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. സത്യന്റെ മരണം മൂലം അത് നടക്കാതെപോയി.

കോളേജിൽ നിന്നിറങ്ങിയപ്പോൾ ഞാനും എന്റെയൊരു സുഹൃത്തും ചേർന്ന് ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചു. മൃണാൾ സെന്നിന്റെ 'ആകാശ് കുസും" ആയിരുന്നു ആദ്യചിത്രം. ഞങ്ങൾ ശിവൻ ചേട്ടന് ഒരു പാസ് കൊടുക്കാൻ വേണ്ടി ശിവൻസ് സ്റ്റുഡിയോയിൽ പോയി. അപ്പോൾ അവിടെ കേശവദേവുണ്ടായിരുന്നു. അവരുടെ സംഭാഷണം കഴിയുന്നതുവരെ ഞങ്ങൾ പുറത്ത് കാത്തുനിന്നു. അന്ന് ഫിലിം സൊസൈറ്റിയെപ്പറ്റിയും ഞങ്ങളുടെ ഭാവിപരിപാടികളെപ്പറ്റിയും അദ്ദേഹം ഞങ്ങളോട് ചോദിച്ചു. പ്രദർശനത്തിന്റെയന്ന് കൃത്യമായി തിയേറ്ററിലെത്തി. കൂടെ പദ്മരാജനുമുണ്ടായിരുന്നു. പദ്മരാജന്റെ സ്ക്രിപ്റ്റിൽ അദ്ദേഹം സിനിമ ചെയ്യാൻ പോകുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. അത് സാക്ഷാത്ക്കരിക്കപ്പെട്ടില്ല.

വർഷങ്ങൾ കഴിഞ്ഞപ്പോൾ ശിവൻചേട്ടന്റെ മകൻ സന്തോഷ് ശിവൻ എന്റെ ചിത്രത്തിന്റെ ഛായാഗ്രാഹകനായി. 'നിധിയുടെ കഥ' പ്രോസസിംഗും പ്രിന്റിംഗും ബോംബെയിലെ ആഡ്‌ലാബ്സിലാണ് നടന്നത്. പ്രിന്റ് റെഡിയായപ്പോൾ ശിവൻ ചേട്ടൻ ബോംബെയിലെത്തിയിട്ടുണ്ടെന്നറിഞ്ഞു. ചെറിയൊരു പ്രിവ്യു നടത്തിയപ്പോൾ കാണാൻ അദ്ദേഹത്തെ ക്ഷണിച്ചു. പ്രസിദ്ധ സംവിധായകൻ ബാസു ഭട്ടാചാര്യയെയും കൊണ്ടാണ് അദ്ദേഹം വന്നത്. ബാസുവിനോടൊപ്പം മകൻ ആദിത്യ ഭട്ടാചാര്യയുമുണ്ടായിരുന്നു. പടം കഴിഞ്ഞ ഉടൻ സന്തോഷ് ആദിത്യ ചെയ്യാനുദ്ദേശിച്ചിരുന്ന 'രാക്ക് ' എന്ന സിനിമയിലേക്ക് കരാർ ചെയ്യപ്പെട്ടു.

Advertisement
Advertisement