ഇന്ത്യയ്‌ക്ക് ഭീഷണിയായി ഇലക്‌ട്രിക് ബുള‌ളറ്റ് ട്രെയിനുമായി ചൈന; സർവീസ് നടത്തുന്നത് അരുണാചൽ പ്രദേശിന് തൊട്ടടുത്ത്

Friday 25 June 2021 12:12 PM IST

ബീജിംഗ്: ഹിമാലയൻ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം ചൈന നടത്തുന്നുവെന്ന വാർത്തകൾ നാം ദിവസവും കേൾക്കുന്നതാണ്. എന്നാൽ ഇന്ത്യയ്‌ക്ക് കൂടുതൽ പ്രകോപനം സൃഷ്‌ടിക്കുന്ന തരത്തിൽ അതിർത്തിയിലൂടെ ബുള‌ളറ്റ് ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ ചൈന. ടിബറ്റിലെ പ്രവിശ്യാ തലസ്ഥാനമായ ലാസയിൽ നിന്ന് നിംഗ്ചി വരെയാണ് പുതിയ ഇലക്‌ട്രിക് ബുള‌ളറ്റ് ട്രെയിൻ സർവീസ്. അരുണാചൽ പ്രദേശിൽ നിന്നും വളരെയടുത്താണ് ടിബറ്റൻ ടൗണായ നിംഗ്‌ചി.

ചൈനയിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരണത്തിന്റെ നൂറാം വാർഷിക ദിനമായ ജൂലായ് ഒന്നിന്റെ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് 435.5 കിലോമീ‌റ്റർ നീളുന്ന സിചുവാൻ-ടിബറ്റ് റെയിൽവെ സർവീസ് ഇന്ന് പുല‌ർച്ചെ ആരംഭിച്ചത്. ക്വിംഗ്ഹൈ-ടിബറ്റ് റെയിൽവേയ്‌ക്ക് ശേഷം ടിബറ്റിലേക്കുള‌ള രണ്ടാമത് റെയിൽവേ സർവീസാകും സിചുവാൻ-ടിബറ്റ് റെയിൽവെ സർവീസ്.

അതിർത്തിയിലെ സുരക്ഷ ത്വരിതപ്പെടുത്തുന്നതിന് പുതിയ റെയിൽവെ ലൈൻ വേണമെന്നും അതിന്റെ നിർമ്മാണം ത്വരിതപ്പെടുത്താനും നവംബർ മാസത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് എട്ട് മാസത്തിനകം പദ്ധതി പൂർത്തിയായത്.

സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്‌ഡുവിൽ നിന്നാണ് പുതിയ സർവീസ് ആരംഭിച്ചത്. ഇവിടെ നിന്നും ലാസയിലേക്കുള‌ള യാത്രാ സമയം 48 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായാണ് കുറഞ്ഞത്. ഇന്ത്യയിലെ അരുണാചൽ അതിർത്തിയിലെ മെഡോഗിന് സമാന്തരമായി ചൈനയിലെ നഗരമാണ് നിംഗ്ചി.

ദക്ഷിണ തിബറ്റിലെ തങ്ങളുടെ ഭാഗമാണ് അരുണാചൽ പ്രദേശ് എന്നാണ് ചൈനയുടെ വാദം. 3488 കിലോമീ‌റ്റർ നീളുന്ന യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കപ്രദേശങ്ങൾക്ക് സമീപമാണ് സംസ്ഥാനം. ഇന്ത്യ-ചൈന അതിർത്തിയിൽ ഇനിയൊരു സംഘർഷമുണ്ടായാൽ അവശ്യ സാധനങ്ങൾ അതിർത്തിയിലെത്തിക്കാൻ ഉദ്ദേശിച്ചാണ് ഇവിടെ ബുള‌ളറ്റ് ട്രെയിൻ ചൈന ഓടിക്കുന്നത്.

Advertisement
Advertisement