ജോസഫൈൻ രാജി വച്ചപ്പോൾ,​ സോഷ്യൽ മീഡിയയുടെ രോഷം ഡി വൈ എഫ് ഐയോട്,​ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ എ എ റഹിമിൻെറ പേജിൽ രോഷപ്രകടനം

Friday 25 June 2021 4:42 PM IST

വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എം.സി ജോസഫൈൻ രാജിവയ്‌ക്കേണ്ട എന്ന ഡി.വൈ.എഫ്.ഐ നിലപാട് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എ.എ റഹീമിന് ഫേസ്ബുക്കിൽ രോഷവും പരിഹാസവുമായി ജനം.

വനിതാ കമ്മിഷൻ അദ്ധ്യക്ഷ ഖേദം പ്രകടിപ്പിച്ചതോടെ വിഷയം തീർന്നുവെന്നായിരുന്നു റഹീം നടത്തിയ പ്രസ്‌താവന. ഇതിനെതിരെ നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ വരുന്നത്. റഹീമിന്റെ നിലപാടിനോട് വിയോജിക്കുന്നതായും ആദ്യത്തെ തവണയല്ല ജോസഫൈൻ ഇങ്ങനെ ചെയ്യുന്നതെന്നും പാർട്ടി അനുഭാവികൾ തന്നെ കമന്റ് ചെയ്യുന്നുണ്ട്.

റഹീം രാജിവയ്‌ക്കേണ്ടെന്ന് പറഞ്ഞപ്പോഴേ തോന്നി പിണറായി ഇവരെ പുറത്താക്കുമെന്ന് എന്ന് ചിലർ ട്രോളി. പ്രസ്‌താവന വലിയ നാണക്കേടായി പോയെന്നാണ് മറ്റ് ചിലരുടെ അഭിപ്രായപ്രകടനം. ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച വീട്ടമ്മയോട് മോശമായി പെരുമാറിയത് പാർട്ടി ഭേദമന്യേ ജനങ്ങളിൽ അവമതിപ്പുണ്ടായതിനെ തുട‌ർന്നാണ് എം.സി ജോസഫൈനിൽ നിന്നും പാർട്ടി രാജി എഴുതി വാങ്ങിയത്. എന്നാൽ മറ്റ് പാർട്ടിതല അച്ചടക്ക നടപടികൾ ജോസഫൈനെതിരെ ഉണ്ടാകില്ലെന്നാണ് വിവരം.