കനിവ്തേടി ബ്രൈമൂർ എസ്റ്റേറ്റ് തൊഴിലാളികൾ

Saturday 26 June 2021 12:00 AM IST

പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ബ്രൈമൂർ ഗോൾഡൻവാലി എസ്റ്റേറ്റിലെ എൺപതിലേറെ തൊഴിലാളി കുടുംബങ്ങൾ കഴിയുന്നത് സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് കൊണ്ടുമാത്രമാണ്. എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ട് അർദ്ധപട്ടിണിയിലായിട്ട് വർഷങ്ങളായി. പൊട്ടിപ്പൊളിഞ്ഞതും ചോർന്നൊലിക്കുന്നതുമായ ലയങ്ങളിലാണ് ഇവരുടെ താമസം. ചെറിയ ഒരുകാറ്റടിച്ചാൽ പോലും ഈ മനുഷ്യരുടെ ഉള്ളിൽ തീയാണ്. ബ്രിട്ടീഷുകാരുടെ കാലത്തുപണിത ഈ ലയങ്ങൾ ഏത് സമയവും തകർച്ചയുടെ വക്കിലാണ്.

പഞ്ചായത്തിന്റെ ഇടപെടൽകൊണ്ട് ലയങ്ങളിൽ വൈദ്യുതി ലഭിച്ചിട്ടുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യം പോലും ഇല്ലാത്തതിനാൽ ചിലർ വാടകവീടുകളിലേക്ക് താമസം മാറ്റി. അടിസ്ഥാനാവശ്യങ്ങൾ നടപ്പാക്കാൻ നിലവിൽ റിലീഫ് ഫണ്ട് ഇനത്തിൽ രണ്ടരക്കോടി രൂപ അനുവദിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം ഒന്നും നടന്നില്ല. ആകാശത്ത് മഴക്കാറു കണ്ടാൽ ഇവിടുള്ള വരുടെ ഉള്ളം പിടയും.

 കാൽനട തന്നെ ശരണം

വിശപ്പകറ്റാൻ ആകെയുള്ള റേഷൻ വാങ്ങണമെങ്കിൽ കാൽനട തന്നെ ശരണം. ലോക്ഡൗൺ കാലഘട്ടത്തിൽ ഇവരുടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിലച്ചതാണ് മറ്റൊരു ആഘാതം. റേഷൻ വാങ്ങണമെങ്കിൽ ഇടിഞ്ഞാർ എന്ന സ്ഥലത്തും മറ്റാവശ്യ വസ്തുക്കൾ വാങ്ങണമെങ്കിൽ പെരിങ്ങമ്മലയിലും എത്തണം. വാഹന സൗകര്യം നിലച്ചതോടെ കാൽനടയായി 15 കിലോമീറ്ററോളം വന്യമൃഗശല്യം രൂക്ഷമായ വനപാാതയിലൂടെ സഞ്ചരിച്ചാൽ മാത്രമേ ഇവർക്ക് അവശ്യവസ്തുക്കൾ വാങ്ങാൻ കഴിയുകയുള്ളൂ.

 വിശപ്പിന്റെ ഗന്ധം മാത്രം

സുഗന്ധ ദ്രവ്യങ്ങളാൽ സമൃദ്ധമായിരുന്നു ബ്രൈമൂർ എസ്റ്റേറ്റ്. തമിഴ്നാട്ടിൽ നിന്നും എത്തിയ നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ പണിയെടുത്തത്. എഡ്വേഡ് വിൽമൂർ സായിപ്പിന് ശേഷം നമ്മുടെ നാട്ടുകാർ തോട്ടം ഏറ്റെടുത്തതോടെ പട്ടിണിയുടെ ഗന്ധമാണ് ഉള്ളത്. ഭൂരിഭാഗം തൊഴിലാളികളും തിരികെ മടങ്ങുകയും ശേഷിക്കുന്നവർ തുച്ഛമായ വരുമാനത്തിലുമാണ് ജോലിയെടുക്കുന്നത്. 100 കഴിഞ്ഞ പേച്ചിയമ്മയാണ് ലയത്തിൽ ഇന്ന് ഉള്ളതിൽ ഏറ്റവും പ്രായം ചെന്നത്. നിലവിലെ ഓരോ തൊഴിലാളി കുടുംബത്തിനും 2007 മുതൽ ഉള്ള ബാദ്ധ്യതകളും കുടിശ്ശിഖയും ക്ഷാമബത്തയും കൊടുത്തു തീർക്കാനുണ്ട്. ഇനിയും അധികാരികളുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടായില്ലെങ്കിൽ പട്ടിണി മരണവും രോഗങ്ങളും വീണ്ടും ആവർത്തിക്കപ്പെടും. കൂടാതെ മുടങ്ങി കിടക്കുന്ന തോട്ടം തൊഴിൽ പുനരാരംഭിക്കുകയും വാസയോഗ്യമായ വീട് നിർമ്മിച്ചു നൽകുകയോ വേണമെന്നാണ് ഈ പാവങ്ങളുടെ ആവശ്യം.

ബ്രൈമൂർ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ അനാസ്ഥതയാണ് പ്രധാന പ്രശ്നം. യാതൊരു നിവൃത്തിയുമില്ലാത്ത പട്ടിണി പാവങ്ങളാണ് ഇപ്പോഴും ഇടിഞ്ഞു വീഴാറായ ലയങ്ങളിൽ താമസിക്കുന്നത്. പ്ലാന്റേഷൻ ഇൻസ്പെക്ടറുടേയും, ലേബർ ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തി ഇവർക്ക് മതിയായ ആനുകൂല്യങ്ങൾ ലഭ്യമാക്കണം.

സി. ഭാസുരാംഗി

ഗ്രാമപഞ്ചായത്ത് മെമ്പർ

പെരിങ്ങമ്മല

Advertisement
Advertisement