പഠിക്കണം: വെളിച്ചമേ കാത്തിരിക്കുന്നൂ, കാർത്തിക്കും നീരജും

Friday 25 June 2021 10:41 PM IST

മാള: കാർത്തിക്കിനും നീരജിനും ഇനി ഒറ്റ മോഹമേയുള്ളൂ, വീട്ടിൽ വൈദ്യുതി വെളിച്ചത്തിലിരുന്ന് പഠിക്കണം. രാത്രിയായാൽ ഈ ഒൻപതാം ക്‌ളാസുകാരനും സഹോദരൻ നാലാം ക്‌ളാസുകാരനും ചേർന്ന് മണ്ണെണ്ണ വിളക്കിന് ചുറ്റുമിരുന്നാണ് പഠിക്കുക. പകൽ സമയത്ത് പണി തീരാത്ത വീടിന്റെ ഉമ്മറത്തിരുന്ന് പഠിക്കും. അന്നമനട പഞ്ചായത്തിലെ നാലാം വാർഡിൽ വെണ്ണൂരിൽ താമസിക്കുന്ന ഇവരുടെ അവസ്ഥ ഇതാണ്. ഓട്ടോ ഡ്രൈവറായ വെണ്ണൂർ സ്വദേശി മാപ്രാമ്പിള്ളി ബൈജുവിനും ഭാര്യ ജിഷയ്ക്കും മക്കളുടെ ഈ ആവശ്യം എന്ന് സാധിച്ചുകൊടുക്കാമെന്ന് ഒരു നിശ്ചയവുമില്ല.

മക്കളുടെ ആവശ്യം നിറവേറ്റാനായി ബൈജു ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

സാമ്പത്തിക പ്രയാസം കാരണം വീടിന്റെ വയറിംഗ് നടത്താനോ ബാത്ത്‌റൂം നിർമ്മിക്കാനോ കഴിഞ്ഞിട്ടില്ല. നിലവിലുള്ള ചട്ടമനുസരിച്ച് ബാത്ത്‌റൂം നിർമ്മിക്കാതെ പഞ്ചായത്തിൽ നിന്ന് വീട്ടുനമ്പറും ലഭിക്കില്ല. കൃത്യമായി വയറിംഗ് നടത്താതെ വൈദ്യുതി കണക്ഷനും ലഭിക്കില്ല. പട്ടികജാതി വികസന വകുപ്പിൽ നിന്ന് 2010-11 വർഷത്തിൽ അനുവദിച്ചു കിട്ടിയ 75,000 രൂപ ഉപയോഗിച്ച് 650 ചതുരശ്ര അടിയിലുള്ള വീട് നിർമ്മാണം തുടങ്ങിയെങ്കിലും പൂർത്തീകരിക്കാനായില്ല. ഇതിനിടയിൽ ജിഷയ്ക്ക് ഒരു അപകടം സംഭവിച്ചതോടെ വീട് പണി തൽക്കാലം ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് മാറി. ഇപ്പോൾ എട്ട് വർഷവുമായി. ഒരു വർഷം മുമ്പ് റേഷൻ കാർഡ് ലഭിച്ചപ്പോൾ അത് പൊതുവിഭാഗത്തിനുള്ള വെള്ള നിറത്തിലുള്ളതായിരുന്നു. ഇനി വീട് നിർമ്മാണം പൂർത്തീകരിക്കുന്നതും വയറിംഗ് പണികളും മറ്റും ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.

Advertisement
Advertisement