കാശ്മീർ ചർച്ചയിലെ ശുഭസൂചന

Saturday 26 June 2021 12:00 AM IST

ഇന്ത്യയുടെ മകുടമെന്നും പൂന്തോട്ടമെന്നും മറ്റും വിശേഷണങ്ങളുള്ള ജമ്മുകാശ്മീർ വീണ്ടും പഴയ പ്രതാപ ഐശ്വര്യങ്ങൾ വീണ്ടെടുക്കുന്നതു കാണാൻ രാജ്യമൊന്നാകെ ആഗ്രഹിക്കുന്നുണ്ട്. ദീർഘകാലമായി അവിടെ നടന്നുകൊണ്ടിരുന്ന ദേശവിരുദ്ധവും വിധ്വംസകവുമായ പ്രവൃത്തികൾക്ക് അടുത്തകാലത്തായി തെല്ലു ശമനം ഉണ്ടായിട്ടുണ്ട്. എന്നാലും പൂർണ സമാധാനവും ശാന്തിയും കൈവന്നതായി പറയാനാകില്ല. കാശ്മീരിന്റെ പ്രത്യേക പദവിയും അവകാശങ്ങളും റദ്ദാക്കിക്കൊണ്ട് 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്രം കൈക്കൊണ്ട തീരുമാനത്തോട് കടുത്ത രോഷവും പ്രതിഷേധവുമുള്ള കക്ഷികളും ഒരു വിഭാഗം ജനങ്ങളും ഇപ്പോഴുമുണ്ട്. 370-ാം വകുപ്പ് റദ്ദാക്കിയതിനൊപ്പം ജമ്മു കാശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുകയും ചെയ്തിരുന്നു. ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചെങ്കിലും പലരും കരുതിയതു പോലുള്ള കലാപങ്ങൾക്ക് അതു കാരണമാകാതിരുന്നത് കേന്ദ്രം കൈക്കൊണ്ട ദൃഢവും നയതന്ത്രജ്ഞതയുമുള്ള സമീപനത്തെത്തുടർന്നാണ്.

കാശ്മീർ സംബന്ധിച്ച പുതിയ ഭരണഘടനാ ഭേദഗതി നിയമം പാർലമെന്റിൽ അവതരിപ്പിച്ച വേളയിൽ കഴിയുന്നത്ര വേഗത്തിൽ കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയിരുന്നു. കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ പതിന്നാലു പാർട്ടികളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ‌ഷായും ഉദ്യോഗസ്ഥ സംഘവും നടത്തിയ ചർച്ചയിലും ഈ ഉറപ്പ് ആവർത്തിച്ചു. കേന്ദ്ര നടപടികളെ നഖശിഖാന്തം എതിർക്കുന്ന കക്ഷികളും ക്രിയാത്മക സമീപനം സ്വീകരിക്കാൻ തയ്യാറായി എന്നതാണ് ഈ ചർച്ചയുടെ കാലിക പ്രസക്തി. ചർച്ചയ്ക്കില്ലെന്നു പറഞ്ഞ് മുഖം തിരിഞ്ഞു നിന്നിരുന്ന പി.ഡി.പി നേതാവ് മെഹ്‌ബുബ മുഫ്‌തി ഉൾപ്പെടെയുള്ളവരും ഏറ്റുമുട്ടൽ നിലപാട് ഉപേക്ഷിച്ച് ചർച്ചയിൽ സംബന്ധിച്ചത് നല്ല ലക്ഷണമായി കാണാം.

ഇപ്പോൾ കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്മീരിൽ മണ്ഡല പുനർ നിർണയത്തിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പുനർനിർണയ കമ്മിഷനുമായി പല കക്ഷികളും സഹകരിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. വേഗം തിരഞ്ഞെടുപ്പ് സാദ്ധ്യമാകണമെങ്കിൽ മണ്ഡല പുനർനിർണയവും വേഗത്തിൽ പൂർത്തിയാക്കണം.

കാശ്മീരിൽ യുവാക്കൾ കൂട്ടത്തോടെ വിധ്വംസക പ്രവർത്തനങ്ങളിലേക്കു തിരിഞ്ഞിരുന്ന പഴയ സ്ഥിതിക്കു മാറ്റം വന്നിട്ടുണ്ട്. തൊഴിലില്ലായ്മയും വികസന മുരടിപ്പുമാണ് കാശ്മീർ നേരിട്ടുകൊണ്ടിരുന്ന മുഖ്യപ്രശ്നം. തൊഴിലില്ലായ്മയ്ക്കു പരിഹാരമുണ്ടാകണമെങ്കിൽ വർദ്ധിച്ച തോതിലുള്ള അവസരങ്ങൾ സൃഷ്ടിക്കണം. സ്വത്തവകാശം സംബന്ധിച്ച നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ പുറത്തുനിന്ന് വ്യവസായികൾ വരാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.

ജനങ്ങളുടെ നല്ല ജീവിതവും ഐശ്വര്യവുമാണ് മുഖ്യപരിഗണനയെങ്കിൽ കാശ്മീർ നേതാക്കളുടെ ചിന്തയിലും സമീപനത്തിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായേ മതിയാവൂ.

Advertisement
Advertisement