ആരും തിരിഞ്ഞുനോക്കാതെ പാറ്റൂരിലെ ബസ് വെയ്റ്റിംഗ് ഷെഡ്

Saturday 26 June 2021 1:46 AM IST

തിരുവനന്തപുരം: നിരവധിപേർ ആശ്രയിക്കുന്ന പാറ്റൂരിലെ ബസ് വെയിറ്റിംഗ് ഷെഡ് നിലംപതിച്ചിട്ട് മാസങ്ങളായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. പാറ്റൂരിലെ സെൻട്രൽ മാളിന് മുൻവശമുള്ള ബസ് വെയിറ്റിംഗ് ഷെഡാണ് അധികൃതരുടെ അനാസ്ഥയുടെ സാക്ഷ്യപത്രമായി തകർന്നുകിടക്കുന്നത്. ബസ് വെയിറ്റിംഗ് ഷെഡിന്റെ ഇരുമ്പ് പൈപ്പുപയോഗിച്ചുള്ള നാല് തൂണുകളും തകർന്ന് റോഡിലേക്ക് വീണുകിടക്കുകയാണ്. നിലത്ത് പതിപ്പിച്ചിരുന്ന ഇന്റർലോക്ക് കട്ടകളും ഇളകിയിട്ടുണ്ട്.

പേട്ട,​ വേളി,​ മെഡിക്കൽ കോളേജ്,​ കഴക്കൂട്ടം,​ എയർപോർട്ട്,​ ആറ്റിങ്ങൽ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നതിനായി യാത്രക്കാർ ആശ്രയിക്കുന്ന വെയിറ്റിംഗ് ഷെഡാണിത്. യാത്രക്കാർക്ക് ഇരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന സിറ്റിംഗ് നേരത്തെ തന്നെ ആരോ എടുത്തുമാറ്റി. അത് പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടതുമില്ല. ഇപ്പോൾ വെയിറ്റിംഗ് ഷെഡ് പൂർണമായി വീണതോടെ വെയിലും മഴയും സഹിച്ചാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. സംഭവത്തെപ്പറ്റി അറിയില്ലെന്നും വെയിറ്റിംഗ് ഷെഡ് നിലംപതിച്ചത് തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും വ‌ഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു പ്രതികരിച്ചു.

ആഴ്ചകൾക്ക് മുൻപ്​ വെയിറ്റിംഗ് ഷെഡിലെ പോരായ്മകൾ തീർക്കാൻ നഗരസഭാ സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയറും റോഡ് ഫണ്ട് ബോർഡ് മേധാവിയും സംയുക്തമായി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. പൊതുമരാമത്ത്, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവിടങ്ങളിൽ നിന്ന് കമ്മിഷൻ റിപ്പോർട്ടും വാങ്ങി. വെയിറ്റിംഗ് ഷെഡിന്റെ കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അന്ന് കമ്മിഷനെ അറിയിച്ചു. നഗരസഭയ്ക്കാണ് ഉത്തരവാദിത്തമെന്ന് റോഡ് ഫണ്ട് ബോർഡും വ്യക്തമാക്കി.

പൊതുമരാമത്ത് റോഡിന് സമീപമുള്ള നിർമ്മാണത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന നിലപാട് നഗരസഭയും വ്യക്തമാക്കി. അപാകതകൾ പരിഹരിക്കാതെ ഉദ്യോഗസ്ഥർ പരസ്പരം പഴിചാരിയതോടെ കമ്മിഷൻ ഉത്തരവ് ഇതുവരെ നടപ്പായതുമില്ല. എത്രയും പെട്ടെന്ന് യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യസഹിതം വെയ്റ്റിംഗ് ഷെഡ് പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Advertisement
Advertisement