ചുംബന വിവാദം :മാപ്പ് പറഞ്ഞ് ഹാൻകോക്ക്

Sunday 27 June 2021 12:39 AM IST

ലണ്ടൻ: ലോക്ക്ഡൗണിനിടെ സഹപ്രവർത്തകയെ ചുംബിച്ച് പുലിവാൽ പിടിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്. തന്റെ സഹപ്രവർത്തകയും സുഹൃത്തുമായ യുവതിയെ ഹാൻകോക് ചുംബിക്കുന്ന ചിത്രം 'ദി സൺ' പത്രമാണ് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്. ഇതോടെ, ആരോഗ്യ സെക്രട്ടറി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് നിരവധി പേർ രംഗത്തെത്തി. സംഭവത്തിൽ ഹാൻകോക് മാപ്പ് പറഞ്ഞു.

മേയ് ആറാം തീയതിയിലെ സി.സി.ടി.വി ദൃശ്യമാണ് ചിത്രമെന്ന് പത്രം വ്യക്തമാക്കിയിരുന്നു. മേയ് ആറ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.

സാമൂഹിക അകലം പാലിക്കൽ താൻ ലംഘിച്ചതായി 42കാരനായ ഹാന്‍കോക് പ്രസ്താവനയിൽ പറഞ്ഞു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊവിഡിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങൾ ശക്തമായി തുടരും. വ്യക്തിപരമായ വിവാദത്തിൽ തന്റെ കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിച്ചതിൽ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹാന്‍കോക് ആണ് ബ്രിട്ടനിലെ കൊവിഡ് പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്നത്. അതേസമയം, ഹാൻകോക്കിന്റെ ഖേദപ്രകടനം സ്വീകരിച്ചെന്നും വിവാദം അവസാനിച്ചുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതികരിച്ചു.

Advertisement
Advertisement