ഫോണിൽ കുരുങ്ങി കുട്ടികൾ

Sunday 27 June 2021 12:00 AM IST

കോട്ടയം: ഓൺലൈൻ ക്ളാസിനായി കുട്ടികൾക്ക് നൽകിയ മൊബൈൽ ഫോണുകൾ കെണിയാകുന്നു. കുട്ടികളുടെ മൊബൈൽ ഫോൺ ദുരുപയോഗവുമായി ബന്ധപ്പെട്ട് ഗുരുകുലം പദ്ധതിയുടെ ഭാഗമായുള്ള പൊലീസ് സംവിധാനത്തിൽ നിരവധി പരാതികളാണ് ലഭിക്കുന്നത്.

മൊബൈൽ ഫോൺ അമിതമായ ഉപയോഗം, സ്വഭാവ വൈകല്യം,​ ഓൺലൈൻ അഡിക്‌ഷൻ അടക്കമുള്ള പ്രശ്നങ്ങളാണ് രക്ഷിതാക്കൾ ഉന്നയിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ ഇരുനൂറോളം മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത പൊലീസ്, ആയിരത്തോളം നമ്പരുകൾ പരിശോധിച്ചു. അശ്ലീല ചിത്രങ്ങളും കൊടുംക്രൂരതയുടെ വീഡിയോകളും ഇവയിൽ കണ്ടെത്തി. കഞ്ചാവ് മാഫിയകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വരെ അംഗമായ വിദ്യാർത്ഥികളുമുണ്ട്.

 അടിമകളായി കുട്ടികൾ

ഓൺലൈൻ ക്ലാസുകളുടെ പേരിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയത് കെണിയായെന്നാണ് രക്ഷിതാക്കൾ പറയുന്നത്. വീഡിയോ ഗെയിമുകൾക്ക് അടിമയായതോടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ കൂടി. സ്കൂൾ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ സുഹൃത്തുക്കളിൽ നിന്ന് പബ്ജി അടക്കമുള്ള വീഡിയോ ഗെയിമുകളെപ്പറ്റി പഠിക്കുകയും അതിന്റെ അടിമയാവുകയുമാണ്.

ക്ലാസിനിടെ ഹാക്കിംഗ്

കഴിഞ്ഞ ദിവസം ജില്ലയിലെ ഒരു സ്‌കൂളിൽ ക്ലാസിനിടെ ഗൂഗിൾ മീറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ക്ലാസ് നടന്നുകൊണ്ടിരിക്കെ ചോർന്നു കിട്ടിയ ഐ.ഡിയുമായി ഒരാൾ ക്ളാസിൽ കയറി ഹാക്ക് ചെയ്യുകയായിരുന്നു. തുടർന്ന് അശ്ലീലം പറയുകയായിരുന്നു. ഇതോടെ അദ്ധ്യാപകർക്ക് ക്ലാസ് അവസാനിപ്പിക്കേണ്ടി വന്നു. രണ്ടു ദിവസങ്ങൾക്ക് ശേഷം ക്ലാസ് പുനരാരംഭിച്ചെങ്കിലും വീണ്ടും സമാന അനുഭവം ഉണ്ടായി. ഇതേ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകി.

പൊലീസ് പറയുന്നു

ഓൺലൈൻ ക്ളാസിന് ലാപ്ടോപ്പ് നൽകുക

 പഠനം കഴിഞ്ഞാൽ ഫോൺ വാങ്ങിവയ്ക്കുക

രാത്രിയിൽ മൊബൈൽ ഫോൺ നൽകരുത്

 ഫോണിന് പാസ് വേർഡ് അനുവദിക്കരുത്

ലഭിച്ചത് 323 പരാതികൾ

'' രക്ഷിതാക്കൾ കണ്ണീരോടെയാണ് സമീപിക്കുന്നത്. ഓൺലൈൻ ഗെയിമിലൂടെ കാശ് നഷ്ടപ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്. രക്ഷിതാക്കളുടെ കണ്ണ് കുട്ടികളുടെമേൽ എപ്പോഴുമുണ്ടാവണം. ആറ് മാസത്തിനിടെ ജില്ലയിൽ 323 രക്ഷിതാക്കളുടെ പരാതിയാണ് ലഭിച്ചത്. ''

കെ.ആർ. അരുൺ കുമാർ, നോഡൽ ഓഫീസർ, ഓപ്പറേഷൻ ഗുരുകുലം

Advertisement
Advertisement