പാരമ്പര്യത്തിലൂന്നിയ പരിവർത്തനമാണ് ലക്ഷ്യം; അയോദ്ധ്യ ആത്മീയ, വിനോദസഞ്ചാര കേന്ദ്രമായി മാറണമെന്ന് പ്രധാനമന്ത്രി

Sunday 27 June 2021 12:00 AM IST

ന്യൂഡൽഹി: രാമക്ഷേത്ര നഗരിയായ അയോദ്ധ്യയെ ആത്മീയ കേന്ദ്രമായും ആഗോള വിനോദസഞ്ചാര കേന്ദ്രമായും സുസ്ഥിര സ്മാർട്ട് നഗരമായും വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അയോദ്ധ്യാ വികസന പദ്ധതി വീഡിയോ കോൺഫറൻസ് വഴി അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഉത്തർപ്രദേശ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

പാരമ്പര്യത്തിലൂന്നിയ പരിവർത്തനമാണ് അയോദ്ധ്യയിൽ ലക്ഷ്യം. ഒരിക്കലെങ്കിലും അയോദ്ധ്യ സന്ദർശിക്കാനുള്ള ആഗ്രഹം വരും തലമുറകൾക്ക് തോന്നുന്ന രീതിയിലാകണം വികസനം. ഈ നഗരത്തിലെ മാനവിക മൂല്യങ്ങൾ അത്യന്താധുനിക അടിസ്ഥാന സൗകര്യങ്ങളുമായി വിളക്കിച്ചേർക്കുന്നത് വിനോദ സഞ്ചാരികളും തീർത്ഥാടകരും ഉൾപ്പെടെ പ്രയോജനപ്പെടും. യോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ തുടങ്ങിയവരും പങ്കെടുത്തു.

സ്മാർട്ട് നഗരമാകാൻ അയോദ്ധ്യ

പ്രത്യേക വിമാനത്താവളം വരും. റെയിൽവേ സ്​റ്റേഷൻ വിപുലീകരിക്കും. ആധുനിക ബസ് സ്​റ്റേഷൻ, ഉന്നത നിലവാരത്തിലുള്ള റോഡുകൾ, ദേശീയ പാതകൾ തുടങ്ങിയവും അയോദ്ധ്യയുടെ മുഖച്ഛായ മാറ്റും. ഇവിടെ തയ്യാറാക്കുന്ന ഗ്രീൻഫീൽഡ് പട്ടണത്തിൽ ഭക്തർക്കുള്ള താമസസൗകര്യം, ആശ്രമങ്ങൾ, മഠങ്ങൾ, ഹോട്ടലുകൾ, വിവിധ സംസ്ഥാന ഭവനുകൾ തുടങ്ങിയവയുമുണ്ടാകും. വിനോദ സഞ്ചാരത്തിനായുള്ള കേന്ദ്രങ്ങളും ലോക നിലവാരത്തിലുള്ള മ്യൂസിയവും നിർമ്മിക്കും. സരയു നദിയിലും കരയിലെ ഘട്ടുകളിലും പരിഷ്കാരങ്ങൾ വരും. ചു​റ്റുമുള്ള മലനിരകളെ ഉൾപ്പെടുത്തിയുള്ള വികസന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. സരയു നദിയിലൂടെ ബോട്ട് യാത്രയ്ക്ക് സൗകര്യമൊരുക്കും.

250 കോടി

അയോദ്ധ്യാ വികസനത്തിനായി കേന്ദ്രം 250 കോടി രൂപ അനുവദിച്ചു. റെയിൽവേ സ്റ്റേഷൻ വികസനത്തിന് മാത്രമായി 100 കോടി രൂപയുണ്ട്. വിമാനത്താവളത്തിനായുള്ള 555.66 ഏക്കർ സ്ഥലം വാങ്ങാൻ യു.പി സർക്കാർ 1000 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു.

Advertisement
Advertisement