തടവറയിലൊടുങ്ങിയ ഉന്മാദി

Sunday 27 June 2021 12:00 AM IST

'അമേരിക്കൻ പ്രസിഡന്റാകണം. 'ആന്റി വൈറസ് സോ​​​​ഫ്റ്റ്‌ ​​​​വെ​​​​യ​​​​ർ സംരംഭകനും വിവാദപുരുഷനുമായ ജോൺ ഡേവിഡ് മക്കഫിയുടെ 'ചെറിയ' ആഗ്രഹങ്ങളിലൊന്നായിരുന്നു അത്. ചുറ്റിനും തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം മാത്രം പുറത്തിറങ്ങുന്ന, രാവുകളിൽ ലൈംഗികതയും ലഹരിയും നുരയിടുന്ന പാർട്ടികളിൽ മുങ്ങിക്കുളിക്കുന്ന മക്കഫിക്ക് വിചാരിക്കുന്നതെന്തും എത്ര വിലകൊടുത്തും നേടിയെടുക്കുന്ന സ്വഭാവമായിരുന്നു. അതിനെത്ര പണം ചെലവഴിക്കാനും മടിയില്ല. പണം കൊണ്ട് ലഭിക്കാത്തത് കൈക്കരുത്തുകൊണ്ട് നേടും. എന്തു വിലകൊടുത്തും ജീവിതം അടിച്ചുപൊളിച്ച് അർമാദിക്കണം. അതായിരുന്നു ജോൺ മക്കഫിയുടെ ചിന്ത.

ആരാണ് മക്കഫി ?

സമർത്ഥനായ എന്നാൽ സ്വഭാവഗുണമില്ലാത്തൊരു വിദ്യാർത്ഥി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സെറോക്സിൽ ഐ.ടി പ്രൊഫഷണലായി ജോലിക്കു കയറി. എന്നാൽ ലഹരിയും സെക്സും നിറഞ്ഞ കുത്തഴിഞ്ഞ ജീവിതശൈലി തിരിച്ചടിയായി. കമ്പനികൾ ജോണിനെ പുറത്താക്കി.

ജീവിക്കാനായി മയക്കുമരുന്ന വില്പന നടത്തിവരവെയാണ് മക്കഫിയുടെ തലവര തെളിയുന്നത്. 1980കളിൽ കമ്പ്യൂട്ടറുകളെ വൈറസുകൾ ബാധിക്കാനും, തകർക്കാനും തുടങ്ങി. മികച്ച പ്രോഗ്രാമറായിരുന്ന മക്കഫി വൈറസുകളെ പ്രതിരോധിക്കാൻ ഒരു മറുപ്രോഗ്രാമുണ്ടാക്കി. മക്കഫി അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒയുമായി. കമ്പ്യൂട്ടർ ആന്റിവൈറസ് സോഫ്റ്റ്‌വെയറിന്റെ പിതാക്കന്മാരിൽ ഒരാളായി മക്കഫി അറിയപ്പെട്ടു.

പിന്നീടങ്ങോട്ട് മക്കഫിയുടെ കാലമായിരുന്നു. സ്വന്തം പേരിൽ ഇറക്കിയ സോഫ്റ്റ്‌ വെയർ പണവും പ്രശസ്തിയും നേടി. 1990 കളിൽ മാത്രം ഏതാണ്ട് 10 കോടി ഡോളർ മക്കഫി നേടി.

പണം മക്കഫിയെ ഉന്മാദിയാക്കി മാറ്റി. സ്ഥാപനത്തിലെ 'ടാർഗറ്റ് അച്ചീവ്‌മെന്റ്' ആഘോഷങ്ങൾ പോലും ലഹരിയിലും സെക്സിലും മുങ്ങിക്കുളിച്ചു. രാപ്പാർട്ടികളിൽ വാൾപ്പയറ്റും കത്തിക്കുത്തും വരെ നടന്നു. ഈ വിവരങ്ങൾ പുറത്തറിഞ്ഞതോടെ സി.ഇ.ഒ സ്ഥാനത്തുനിന്നും മക്കഫി പുറത്തായി.

കിരീടം വയ്ക്കാത്ത രാജാവ്

2009ൽ മക്കഫി മദ്ധ്യ അമേരിക്കൻ രാജ്യമായ ബെലീസിന് സമീപമുള്ള ഒറ്റപ്പെട്ട ദ്വീപായ അബേർഗ്രിസ് കീയിലെ (Ambergris Caye) കൊട്ടാരം പോലുള്ള വീട്ടിലേക്ക് മാറി. 150കോടിയായിരുന്നു വീടിന്റെ വില. കൂട്ടിന് നിരവധി സ്ത്രീകളും. പല പങ്കാളികളിലായി തനിക്ക് 47 കുട്ടികളുണ്ട് എന്ന് മക്കഫി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ചുറ്റും തോക്കേന്തിയ ബോഡിഗാർഡുകളില്ലാതെ അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. സ്വയം രാജാവും യോഗഗുരുവും ദൈവമായുമെല്ലാം മക്കഫി ആ കൊട്ടാരത്തിൽ വിരാജിച്ചു. ഇരുനൂറോളം ശിഷ്യരെ യോഗ പഠിപ്പിച്ചു. ആത്മീയതയെക്കുറിച്ച് നാലു പുസ്തകങ്ങൾ വരെ രചിച്ചു. എന്നാൽ മക്കഫി അസോസിയേറ്റ്സ് വിറ്റ് നേടിയ നൂറു മില്യൺ ഡോളർ വളരെ പെട്ടെന്ന് തന്നെ തീർന്നു. ഇതോടെ മക്കഫി മയക്കുമരുന്ന് നിർമ്മാണത്തിലേക്ക് തിരിഞ്ഞു.

2012ൽ ബെലീസ് പൊലീസ് മക്കഫിയുടെ കൊട്ടാരം റെയ്ഡ് ചെയ്തു. എന്നാൽ അവർക്ക് മയക്കുമരുന്നൊന്നും കിട്ടിയില്ല.തൊട്ടടുത്ത ദിവസം മാക്കഫിയുടെ അയൽക്കാരൻ അമേരിക്കക്കാരനായ ഗ്രിഗറി ഫോൾ കൊല്ലപ്പെട്ടു. മക്കഫിയുടെ നായ്ക്കൾക്ക് വിഷം നല്‍കി കൊന്നതിനു ശേഷമാണ് ഗ്രിഗറി തലയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസ് മക്കഫിയെ സംശയിച്ചു. എന്നാൽ തനിക്ക് ഈ കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്ന് മക്കഫി ആവർത്തിച്ചു. പക്ഷേ, ഇതോടെ കൊട്ടാരം വിട്ട് മക്കഫി ഒളിച്ചോടി. എന്നാൽ ഗ്വാട്ടിമാലയിൽ അഭയം തേടാനൊരുങ്ങവെ പിടിയിലായി. അമേരിക്കയിലേക്ക് തിരിച്ചു നാടുകടത്തി.

വീണ്ടും ഒളിച്ചോട്ടം,

പിന്നാലെ അറസ്റ്റ്

എട്ടുവർഷമായി നികുതി അടയ്ക്കാത്തതിന്റെ പേരിൽ അമേരിക്കൻ ഇന്റേണൽ റവന്യൂ സർവീസ് നോട്ടീസ് അയച്ചതോടെ 2019 ജനുവരിയിൽ മക്കഫി ബോട്ട് ഉപയോഗിച്ച് അമേരിക്കയിൽ നിന്ന് ഒളിച്ചോടി. 2019 മാർച്ചിൽ ഗ്രിഗറിയുടെ കൊലപാതകത്തിൽ ഫ്ളോറിഡ കോടതി മക്കഫി 2.5 കോടി ഡോളർ പിഴയൊടുക്കണമെന്ന് വിധിച്ചു. എന്നാൽ താനൊരു പിഴയും അടയ്‌ക്കില്ലെന്ന് മക്കഫി പറഞ്ഞു.
ഒടുവിൽ അമേരിക്കൻ പ്രോസിക്യൂട്ടർമാരിൽ നിന്നുള്ള നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി 2020ൽ സ്‌പെയിനിൽ വച്ച് മക്കഫി അറസ്റ്റിലായി. നികുതി വെട്ടിപ്പ്, ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവ ചുമത്തിയായിരുന്നു അറസ്റ്റ്. ഇവ തെളിയിക്കപ്പെട്ടാൽ അമേരിക്കയിൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. മക്കഫിയെ അമേരിക്കയ്ക്ക് കൈമാറാൻ സ്പെയിൻ കോടതി വിധിച്ചു. ഈ ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിൽ മക്കഫി ആത്മഹത്യ ചെയ്തു.

Advertisement
Advertisement