ലോക് ഡൗണിൽ ബേക്കറികളിൽ നാടൻ തരംഗം

Sunday 27 June 2021 8:39 PM IST

തൃശൂർ: കൊവിഡ് വ്യാപനവും ലോക് ഡൗണും കാരണം ബേക്കറി വിഭവങ്ങളുടെ ഡിമാൻഡ് കുറച്ചതോടെ, വീട്ടുപലഹാരങ്ങളുടെ നിർമ്മാണം കൂട്ടി ചുവടുമാറ്റുകയാണ് ബേക്കറികൾ. ബേക്കറികളിൽ 50 ശതമാനം വിൽപ്പന മാത്രമാണ് ലോക്ക് ഡൗൺ കാലയളവിൽ നടന്നതെന്നാണ് ഉടമകൾ പറയുന്നത്.
ആളുകൾ പുറത്തേക്കിറങ്ങുന്നത് കുറഞ്ഞതും ലോക് ഡൗണിൽ ബേക്കറികൾ അടഞ്ഞുകിടന്നതുമെല്ലാം വീട്ടുപലഹാരങ്ങളുടെ പ്രിയമേറാൻ കാരണമാക്കി. വൃത്തിയുള്ളതും കലർപ്പില്ലാത്തതുമായ പലഹാരങ്ങൾ വിശ്വസ്തതയോടെ കഴിക്കാമെന്നുള്ളതും വീട്ടുപലഹാരങ്ങളുടെ പ്രിയം കൂടാൻ കാരണമാക്കി. ഇഡലി, ദോശ, പുട്ട്, കൊഴുക്കട്ട, ഇലയട, വെള്ളേപ്പം, നൂലപ്പം, ഉണ്ണിയപ്പം എന്നീ വീട്ടുപലഹാരങ്ങളെല്ലാം ബേക്കറികളിലെയും താരങ്ങളായി. സമൂസ, ഉഴുന്നുവട, പരിപ്പ് വട, ഉള്ളിവട, പൊറോട്ട, ചപ്പാത്തി എന്നിവ വീടുകളിലുണ്ടാക്കാൻ തുടങ്ങിയതോടെ ബേക്കറികളിൽ ലഭിച്ചിരുന്ന മിക്‌സചർ, ലഡു, ജിലേബി, മുറുക്കുകൾ, എണ്ണയിൽ വറുത്ത സാധനങ്ങൾ എന്നിവയ്ക്ക് ആവശ്യക്കാർ കുറഞ്ഞു.
യു ട്യൂബിലൂടെയുള്ള വീഡിയോ പാചകക്കുറിപ്പുകൾ ഉപയോഗപ്പെടുത്തിയാണ് മിക്കവരും പുതിയ വീട്ടുപലഹാരങ്ങളുണ്ടാക്കാൻ തുടങ്ങിയത്. കേക്കുകൾ, ജാമുകൾ എന്നിവയും വീടുകളിൽ യഥേഷ്ടം ഉണ്ടാക്കി വിൽക്കുന്നവരുണ്ട്. വീട്ടുപലഹാരങ്ങൾ യഥേഷ്ടം ലഭ്യമാകാൻ തുടങ്ങിയതോടെ കുട്ടികളുടെ ഫാസ്റ്റ് ഫുഡ് ഭ്രമവും കുറഞ്ഞു.

മധുരം വിതറി ബേക്കറികൾ

സംസ്ഥാനത്ത് ആകെ 15,000

പലഹാരം തയ്യാറാക്കുന്നത് 7000

ഉണ്ണിയപ്പം, മുറുക്ക്, ഉന്നക്കായ തുടങ്ങി വീട്ടുപലഹാരങ്ങൾ ബേക്കറികൾ യഥേഷ്ടം ലഭ്യമാക്കുന്നുണ്ട്. കൂടുതൽ വീട്ടുപലഹാരങ്ങൾ ഇനിയും വിൽപ്പനയ്‌ക്കെത്തിക്കാനാണ് തീരുമാനം. ആളുകൾ കൂടുതലായി പുറത്തേക്ക് വരുമ്പോഴേക്കും ബേക്കറികൾ കൂടുതൽ സജ്ജമാക്കുന്ന പ്രവർത്തനം ഇപ്പോഴും നടന്നുവരുന്നു. കിച്ചണുകൾ കൂടുതൽ ഹൈജീനിക്കാക്കാൻ എന്തെല്ലാം ചെയ്യണം, നിർമ്മാണ ഘട്ടങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്നുമുള്ള കൂടിയാലോചനകൾ സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിൽ സൂം മീറ്റിംഗുകളിലൂടെ സജീവമായി നടത്തിവരികയാണ്.


വിജീഷ് വിശ്വനാഥ്
സംസ്ഥാന പ്രസിഡന്റ്
ബേക്കേഴ്‌സ് അസോ.

Advertisement
Advertisement