കേന്ദ്രം സുപ്രീംകോടതിയിൽ ,​ വാക്സിനേഷൻ ഡിസംബറിൽ തീരും,​ ഇനി വേണ്ടത് 188 കോടി ഡോസ്

Sunday 27 June 2021 11:30 PM IST

ന്യൂഡൽഹി പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവരുടെയും വാക്‌സിനേഷൻ ഇക്കൊല്ലം അവസാനത്തോടെ പൂർത്തിയാക്കുമെന്നും ഇതിനായി സർവ സജീകരണങ്ങളും തയ്യാറായതായും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു.

ഇന്നലെ കോടതിയിൽ സമർപ്പിച്ച,​ ഡിസംബർ വരെയുള്ള വാക്‌സിൻ വിതരണത്തിന്റെ വിശദമായ പദ്ധതിരേഖയിലാണ് ഇക്കാര്യം. വാക്‌സിനേഷൻ സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാരിന്റെ വിശദീകരണം.

ഏകദേശം 94 കോടി പേർക്കായി ആകെ വേണ്ടത് 186 - 188 കോടി ഡോസ് വാക്‌സിനാണ്.ഇതിൽ 51.6 കോടതി ജൂലായ് 31ഓടെ ലഭിക്കും. ബാക്കി 135 കോടി ഡോസ് ഈ വർഷം ആഗസ്റ്റ് - ഡിസംബറിൽ ലഭ്യമാക്കും. മുതിർന്നവരിൽ 5.6 ശതമാനത്തിനും രണ്ട് ഡോസ് വാക്‌സിൻ ഇതുവരെ നൽകി. മുൻകൂട്ടി രജിസ്‌ട്രേഷൻ കൂടാതെ വാക്‌സിൻ കേന്ദ്രത്തിൽ പോയി കുത്തിവയ്‌പ്പെടുക്കാനുള്ള സൗകര്യം ഒരുക്കിയതായും ഡിജിറ്റൽ ഡിവൈഡ് ഇനി വാക്‌സിനേഷന് തടസമാകില്ലെന്നും കേന്ദ്രം അറിയിച്ചു. 30 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

അഞ്ച് നിർമ്മാതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു

കൊവിഷീൽഡ്, കൊവാക്‌സിൻ, ബയോസ് ഇ. സബ് യൂണിറ്റ് വാക്‌സിൻ, സൈ‌ഡസ് കാഡില ഡി.എൻ.എ. വാക്‌സിൻ, സ്‌പുട്‌നിക് V എന്നീ അഞ്ച് നിർമ്മാതാക്കളിൽ നിന്ന് വാക്‌സിൻ പ്രതീക്ഷിക്കുന്നതായി കേന്ദ്രം അറിയിച്ചു. റഷ്യയുടെ സ്പുട്‌നിക്കിന് അടിയന്തരാനുമതി നൽകികഴിഞ്ഞു. ബയോസ് ഇ, സൈഡസ് കാഡില വാക്‌സിനുകൾ ക്ലിനിക്കൽ പരീക്ഷണത്തിലാണ്. 12- 18 പ്രയക്കാർക്കുള്ള വാക്‌സിൻ നിർമ്മാണത്തിലാണ് സൈ‌ഡസ് കാഡില. ഇതും ഉടൻ ലഭ്യമാക്കും.50 കോടി കൊവിഷീൽഡ് ഡോസും 40 കോടി കൊവാക്‌സിൻ ഡോസും ലഭ്യമാക്കും.

25% സ്വകാര്യആശുപത്രികൾക്ക് തന്നെ

സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന 25% വാക്സിൻ നിർത്താനാകില്ല. രാജ്യത്തെ 55 ശതമാനം പേരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. 45 ശതമാനം മാത്രമാണ് സ‌ർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. വാതിൽപ്പടി വാക്സിനേഷൻ പരീക്ഷിക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷ്വറൻസ്

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് പദ്ധതിയിലൂടെ ധനസഹായം നൽകാൻ ഏഷ്യൻ വികസന ബാങ്കുമായി ചേർന്ന് ഇൻഷുറൻ പദ്ധതി ആലോചിക്കുന്നു . ചർച്ച ഏപ്രിലിൽ തുടങ്ങി. ദേശീയ ദുരന്തനിവാരണ നിയമപ്രകാരമുള്ള 4 ലക്ഷം രൂപ കുടുംബങ്ങൾക്ക് നൽകണം എന്ന ഹർജിയിലാണ് കേന്ദ്ര നിലപാട് അറിയിച്ചത്. ധനസഹായം നൽകാൻ സാമ്പത്തിക പ്രതിസന്ധി തടസ്സമെന്നാണ് കേന്ദ്രം നേരത്തെ പറഞ്ഞത്.

Advertisement
Advertisement