ജനകീയ കോച്ചിംഗ് സെന്ററുകൾ

Monday 28 June 2021 1:39 AM IST

വേണ്ടത്ര പൊതുശ്രദ്ധയിൽ വരാത്ത ഒരു ജനകീയപ്രസ്ഥാനമാണ് പി.എസ്.സിക്കും മറ്റു പരീക്ഷകൾക്കും പ്രാദേശികമായി സൗജന്യ കോച്ചിംഗ് നൽകുന്ന കേന്ദ്രങ്ങൾ. കഴിഞ്ഞ ദിവസം തദ്ദേശഭരണവകുപ്പു മന്ത്രി കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ഇത്തരമൊരു പരിശീലന പ്രോജക്ടിനെ മാതൃകാപരമെന്നു പ്രശംസിച്ചു. കൊവിഡ് പകർച്ചവ്യാധിയും ലോക്ഡൗണുമെല്ലാം ആയതോടെ പല കോച്ചിംഗ് സെന്ററുകളും നിന്നു. അല്ലെങ്കിൽ ചുരുങ്ങി. ഈ സാഹചര്യത്തിൽ സർക്കാർ തൊഴിലന്വേഷകർക്ക്
ഓൺലൈനിലൂടെ വിവിധ മത്സരപരീക്ഷകൾക്കു കോച്ചിംഗ് ഈ പഞ്ചായത്ത് ആരംഭിച്ചിരിക്കുകയാണ്. ഇതിനായി പഞ്ചായത്ത് പ്രോജക്‌ട് തന്നെ തയ്യാറാക്കിയിട്ടുണ്ട്. നാട്ടിലെതന്നെ എൻജിനിയറിംഗ് വിദ്യാർത്ഥിയായ രോഹിത് രൂപകല്‌പന ചെയ്ത ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് പഠനത്തിനുള്ള ഏർപ്പാട് ചെയ്തിരിക്കുന്നത്. 100 ചോദ്യങ്ങളും ഉത്തരങ്ങളും ഓരോ പഠിതാവിനും കരിയർ കഞ്ഞിക്കുഴി എന്ന ലിങ്കിലൂടെ ലഭ്യമാക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. വിജയികൾക്കു സമ്മാനമുണ്ട്. ആഴ്ചയിൽ മൂന്ന് മത്സര പരീക്ഷകളാണ് നടത്തുക. നടത്തിപ്പിനായി പ്രത്യേക അക്കാഡമിക് കമ്മിറ്റിയുണ്ട്. പണ്ട് ട്യൂട്ടോറിയൽ കോളേജുകൾക്കുണ്ടായിരുന്ന സ്ഥാനമാണ് ഇന്ന് നാട്ടിൽ കോച്ചിംഗ് സെന്ററുകൾക്കുള്ളത്. ആറുമാസത്തെ കോഴ്സിന് 5000 രൂപ മുതൽ 20000 രൂപ വരെ ഫീസ് ഈടാക്കുന്നു. ക്ലാസുകൾ ദിവസവും ഒന്നൊക്കെ ഉണ്ടാവുകയുളളൂ. പരീക്ഷയാണ് പ്രധാനം. അതു മിക്കവാറും ആഴ്ചതോറും ഉണ്ടാവും. രണ്ടും മൂന്നും നിലയുള്ള ഉഗ്രൻ കെട്ടിടങ്ങളിലാണ് പല കോച്ചിംഗുകളും നടക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഒരു ഫീസും വാങ്ങാതെ സൗജന്യമായി കോച്ചിംഗ് നൽകുന്ന നിരവധി കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. എണ്ണത്തിൽ ഇവരായിരിക്കും കൂടുതൽ.


ഇലവഞ്ചേരി

പാലക്കാട്ടെ ഇലവഞ്ചേരി പഞ്ചായത്തിൽ നാലായിരത്തോളം സർക്കാർ ഉദ്യോഗസ്ഥരുണ്ട്. ഒരു പഞ്ചായത്തിൽ ഇത്രയും പേർക്ക് സർക്കാർ ജോലി കിട്ടുന്നതിനു അവസരമൊരുക്കിയത് അവിടുത്തെ കോച്ചിംഗ് കേന്ദ്രമാണ്. പരിഷത്ത് പ്രവർത്തകർ ആരംഭിച്ച സൗജന്യ ട്യൂഷൻ സെന്ററായിരുന്നു തുടക്കം. ട്യൂഷനെടുക്കുന്നവർ ഒത്തുചേർന്ന് മത്സരപരീക്ഷയ്ക്കുള്ള പഠനം ആരംഭിച്ചു. പലരും സർവീസിലും കയറി. ഇങ്ങനെ ജോലികിട്ടിയവരെല്ലാംകൂടി ചേർന്നാണ് 2005 ൽ സയൻസ് സെന്റർ ആരംഭിക്കുന്നത്. സെന്ററിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്ന് മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനം നൽകലാണ്. ഇപ്പോൾ റെഗുലർ, നൈറ്റ്, ഹോളിഡേ ബാച്ചുകളുണ്ട്. പഞ്ചായത്തിനു പുറത്തു നിന്നും ആളുകൾ എത്തുന്നുണ്ട്. ചെന്താമരാക്ഷൻ എംഎൽഎ മുൻകൈയെടുത്താണ് സെന്ററിന് അഞ്ചുസെന്റ് സ്ഥലവും കെട്ടിടവും ഒരുക്കിയത്. പരിശീലനം തികച്ചും സൗജന്യമാണ്. പക്ഷെ, പഠിച്ചു ജോലി കിട്ടിക്കഴിഞ്ഞാൽ ഒരു ചെറിയ വിഹിതം ഓരോരുത്തരും സെന്ററിന്റെ വികസനത്തിനു സംഭാവന ചെയ്യണം. ഇപ്പോൾ ചുറ്റുമായി 50 സെന്റ് സ്ഥലം ഇങ്ങനെ വാങ്ങിയിട്ടുണ്ട്. ഉടമസ്ഥത ജോലി കിട്ടിയവരുടെ പേരിൽ തന്നെ. പക്ഷെ സെന്ററിൽ പഠിക്കാൻ വരുന്നവരാണ് ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ഇപ്പോൾ സയൻസ് സെന്ററിനു പുറമേ യുറീക്കയും ഗ്രാമീണ പഠനകേന്ദ്രവും പരിശീലനത്തിനായി രംഗത്തുണ്ട്. പാലക്കാട്ടെ പല്ലശ്ശന പഞ്ചായത്ത് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത് നീന്തൽ പരിശീലനത്തിനാണ്. ഇവിടെ തുടക്കക്കാരൻ പരിഷത്ത് പ്രവർത്തകനായ ശ്യാകുമാർ എന്ന വി.ഇ.ഒ ആണ്. നാലു കുളങ്ങൾ വൃത്തിയാക്കി നീന്തൽ പരിശീലനം ആരംഭിച്ചു. നീന്തൽ പഠിച്ചവർക്കൊക്കെ നേവിയിലും പരിശീലകരായിട്ടുമെല്ലാം ജോലി ലഭിച്ചതോടെ പല്ലശ്ശന പ്രസിദ്ധമായി. ഇപ്പോൾ പഞ്ചായത്തുമെല്ലാം സഹകരിച്ചുകൊണ്ട് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.


മണ്ണടിയും തെക്കുംഭാഗവും
പത്തനംതിട്ടയിലെ കടമ്പനാട് പഞ്ചായത്തിലെ ആറ് വാർഡുകൾ ചേർന്ന മണ്ണടി പ്രദേശത്ത് 80 ശതമാനം വീടുകളിലും ഒരു സർക്കാർ ഉദ്യോഗസ്ഥനെങ്കിലുമുണ്ട്. ഈ മൂന്നര കിലോമീറ്റർ ചതുരശ്ര വിസ്തൃതിയിൽ 200 ൽപരം സൈനികർ, 200 ഓളം അധ്യാപകർ, 250 സർക്കാർ ജീവനക്കാർ എന്നിവരടക്കം ആയിരത്തോളം സർക്കാർ ഉദ്യോഗസ്ഥരുണ്ട്.
ഇവിടെ വായനശാലകളാണ് മുൻകൈയെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് അവിചാരിതമായിട്ടാണ് ചവറ തെക്കുംഭാഗത്തെക്കുറിച്ചു നേരിട്ട് അറിഞ്ഞത്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരുള്ള പഞ്ചായത്താകും ഇത്. മുരളീകൃഷ്ണൻ പഞ്ചായത്തിൽ ക്ലാർക്ക് ആയിരുന്നപ്പോഴാണ് കോച്ചിംഗ് പരിപാടിക്കു തുടക്കം കുറിച്ചത്. അദ്ദേഹത്തിനു സെക്രട്ടേറിയറ്റിൽ ജോലി കിട്ടിയതോടെ കൂടുതൽ ഉത്സാഹമായി. ജോലി ലഭിച്ചവരാണ് സന്നദ്ധാടിസ്ഥാനത്തിൽ പരിശീലനം നൽകുന്നത്. പഞ്ചായത്തിലെ 75 ശതമാനം കുടുംബങ്ങളിലും
ഒരാൾക്കെങ്കിലും സർക്കാർ ജോലിയുണ്ട്.


മാരാരിക്കുളം
എന്റെ കണ്ണിൽപ്പെട്ട ചില കൂട്ടായ്മകൾ മാത്രമാണ് ഇവിടെ പറഞ്ഞത്. ഇതിനു പുറമേ എത്രയോ സ്ഥലങ്ങളിൽ വായനശാലകളുമായി ബന്ധപ്പെട്ട കോച്ചിംഗ് കൂട്ടായ്മകളുണ്ട്. ഇതിലൊന്നുമായി എനിക്കു സ്ഥിരബന്ധമുണ്ടായിരുന്നു. മാരാരിക്കുളത്തെ വൈ.എം.എ വായനശാലയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ പ്രവർത്തകനായ മോഹൻദാസ് നടത്തുന്ന പരിശീലന കേന്ദ്രമാണിത്. എം.എൽ.എ ആയിരുന്നപ്പോൾ ഇവിടെയാണ് എല്ലാ വർഷവും ഞാൻ കുട്ടികളെ അക്ഷരമെഴുതിക്കാൻ എത്തുക. 1996ൽ 18 കുട്ടികളുമായി ആരംഭിച്ച ഈ സ്ഥാപനമായിരിക്കും ഒരുപക്ഷെ കേരളത്തിലെതന്നെ ആദ്യത്തെ പി.എസ്.സി കോച്ചിംഗിന്റെ കേന്ദ്രം. ഇവിടെ പഠിച്ച ആയിരത്തിലേറെ പേർ ഇപ്പോൾ വിവിധ തസ്തുകകളിൽ ജോലി ചെയ്യുന്നുണ്ട്.
ഇപ്പോൾ സ്വന്തമായി ഒരു ഹാളുണ്ട്. രാവിലെ ഓഫീസിൽ പോകുന്നതിനു മുമ്പ് ജോലി കിട്ടിയവർ തന്നെയാണ് ക്ലാസ് എടുക്കുക. അതുകഴിഞ്ഞ് ചുറ്റുപാടുള്ള പറമ്പുകളിലും മരത്തണലുകളിലും ഇരുന്നാണ് ഉദ്യോഗാർത്ഥികൾ പഠിക്കുക. ആഴ്ചതോറും പരീക്ഷയുണ്ട്. ഇവിടെവന്നു പഠിച്ചാൽ ജോലി കിട്ടുമെന്ന വിശ്വാസം മൂലം എം.എൽ.എയുടെ ശുപാർശ കത്തിനുവരെ ആൾക്കാർ വരാറുണ്ടായിരുന്നു. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും പഠിക്കാൻ ഉദ്യോഗാർത്ഥികൾ വരുന്നുണ്ട്. പലരും പഠനം ഒരു കോഴ്സുകൊണ്ടു നിർത്തില്ല. ജോലികിട്ടി പിരിയുക എന്നതാണ് സമീപനം. അച്ചടിച്ച കോഴ്സ് മെറ്റീരിയലിനുള്ള ചെലവല്ലാതെ മറ്റു ഫീസുകളില്ല. ഈയൊരു പ്രദേശത്തു നിന്നും പി.എസ്.സി ഇന്റർവ്യൂവിനു കൂട്ടമായി കുട്ടികൾ ചെന്നതുകണ്ട് ദേവദത്ത് പുറക്കാട് പി.എസ്.സി മെമ്പർ ആയിരിക്കമ്പോൾ ഇന്റർവ്യൂ നിറുത്തിവച്ചു. അഴിമതിയൊന്നുമില്ലെന്ന് അന്വേഷണം നടത്തി ബോദ്ധ്യപ്പെട്ടതിനു ശേഷമാണ് ഇന്റർവ്യൂ നടപടികൾ പൂർത്തിയാക്കിയത്. തൊട്ടടുത്ത കലവൂർ ഹയർ സെക്കണ്ടറിയിലെ ആറ് അധ്യാപകർ ഇവിടെ കോച്ചിംഗിന് ഉണ്ടായിരുന്നവരാണ്.


ഡിജിറ്റൽ നൈപുണി കാമ്പയിൻ
ഇത്രയും എഴുതിയതിന് ഒരു കാരണമുണ്ട്. കേരളം 30 -40 ലക്ഷം അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ നൈപുണി പരിശീലനത്തിന് ഒരു വലിയ ജനകീയ കാമ്പയിനു തയ്യാറാവുകയാണല്ലോ. ഈ ഉയർന്ന നൈപുണി പരിശീലനം നിശ്ചയമായും സ്ഥാപനാടിസ്ഥാനത്തിലേ കഴിയൂ. എന്നാൽ നമ്മുടെ അഭ്യസ്തവിദ്യരിൽ ഭൂരിപക്ഷം പേർക്കും പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനംപോലും ഇല്ലെന്നതാണു വാസ്തവം. ഈ പ്രാഥമികതല പരിശീലനത്തിന് പ്രാദേശികതലത്തിൽ സ്‌കൂൾ ലാബും മറ്റു ഉപയോഗപ്പെടുത്തി വിപുലമായൊരു പരിശീലന പരിപാടി ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇവിടെ മിനിമം കമ്പ്യൂട്ടർ നൈപുണി ആർജിച്ച ശേഷം വേണം ഇന്നത ഡിജിറ്റൽ സ്‌കില്ലുകൾക്കു വേണ്ട പരിശീലനം നൽകാൻ. ഒരു കേന്ദ്രീകൃത നേതൃത്വവും ഇല്ലാതെതന്നെ കേരളത്തിൽ ഇന്നു നടന്നുകൊണ്ടിരിക്കുന്ന ജനകീയ കോച്ചിംഗ് പരിപാടിയിൽ നിന്നും ഒട്ടേറെ പാഠങ്ങൾ ഡിജിറ്റൽ നൈപുണി പ്രസ്ഥാനത്തിനു കണ്ടെത്താനാകും.

Advertisement
Advertisement