മൈക്ക് ക്ലിക്കിംഗ് ... ഇമയടയ്ക്കാതെ ആ കാമറ

Monday 28 June 2021 1:50 AM IST

തൃശൂർ : മൈക്ക് കണ്ടാൽ വിടാത്ത ഒരുപാട് പേരുണ്ട്. പക്ഷേ മൈക്കിന് മുന്നിൽ ആരെയെങ്കിലും കണ്ടാൽ അവരെ വിടാത്ത ഒരാളുണ്ട്. മൈക്ക് ടെസ്റ്റിംഗ് മൈക്ക് ടെസ്റ്റിംഗ് എന്ന് മൈക്ക് ഓപറേറ്റർ പറയുമ്പോൾ മൈക്ക് ക്ലിക്കിംഗ് മൈക്ക് ക്ലിക്കിംഗ് എന്നു മനസിൽ പറയുന്ന ഒരാൾ. അതാണ് ഫോട്ടോഗ്രാഫർ ഇമ ബാബു. പൊതുവേ ഫോട്ടോഗ്രാഫർമാർക്ക് പ്രസംഗിക്കുന്ന ഫോട്ടോകളോട് കമ്പം അത്ര പോരാ. പക്ഷേ ബാബുവിന് എപ്പോഴോ അത്തരം ചിത്രങ്ങളോട് വല്ലാത്ത കമ്പം തോന്നി. ശരിക്കുപറഞ്ഞാൽ കാൽനൂറ്റാണ്ടായി ബാബു ഇത്തരം ചിത്രങ്ങൾ കൗതുകത്തോടെ ക്ലിക്ക് ചെയ്യുന്നു. ആദ്യം ഒരു തമാശയും കൗതുകമായിരുന്നു. പിന്നീട് തമാശ വലിയ കാര്യമായി. സാഹിത്യകാരന്മാർ, രാഷ്ട്രീയപ്രവർത്തകർ, സിനിമാ നാടകപ്രവർത്തകർ, ചിത്രകാരന്മാർ എന്ന് വേണ്ട കേരളത്തിലെ സർവ്വ മേഖലകളിലുമുള്ള പ്രശസ്തരായ മുന്നൂറിൽ പരം പേർ മൈക്കിനു മുന്നിൽ നിന്ന് സംസാരിക്കുന്നതിന്റെ വൈവിദ്ധ്യമാർന്ന ഭാവങ്ങൾ ബാബുവിന്റെ ശേഖരത്തിലുണ്ട്. മുൻ മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ നായനാർ, പി.കെ വാസുദേവൻ നായർ, ലീഡർ കെ. കരുണാകരൻ എന്നിവർക്ക് പുറമേ കവി കുഞ്ഞുണ്ണി മാഷ്, സച്ചിദാനന്ദൻ, ഒ.എൻ.വി, എം.ടി, ഉമ്മൻ ചാണ്ടി, പിണറായി വിജയൻ, വെളിയം ഭാർഗവൻ തുടങ്ങി നിരവധി പേർ അക്കൂട്ടത്തിലുണ്ട്.

സ്വന്തം നാടായ തൃപ്രയാറിൽ പ്രദേശിക വാർത്താ ചിത്രങ്ങൾക്കായി കാമറയുമായി നടക്കുമ്പോഴാണ് പ്രസംഗിക്കുന്ന ഒരുപാട് പേരുടെ ചിത്രങ്ങൾ ബാബുവിന് എടുക്കേണ്ടി വന്നത്. മണിക്കൂറുകളോളം പ്രസംഗിക്കുന്നവരുടെ മൈക്കിനു മുന്നിലെ വിവിധ മുഖഭാവങ്ങൾ ഒരു തമാശയ്ക്കായി പകർത്തിത്തുടങ്ങി. കുഞ്ഞുണ്ണി മാഷുടെ മാത്രം ആയിരത്തിലധികം ചിത്രങ്ങളാണ് പക്കലുള്ളത്. അദ്ദേഹത്തെ കുറിച്ച് ഡോക്യുമെന്ററിയും പുറത്തിറക്കി. കൊവിഡും ലോക്ക്ഡൗണും പൊതു പരിപാടികൾക്ക് താഴിട്ടപ്പോൾ മൈക്കും പ്രസംഗവും ഇല്ലാതായി. അതുകൊണ്ട് ബാബുവിന്റെ കാമറ ഇപ്പോൾ ഒപ്പിയെടുക്കുന്നത് പ്രകൃതിദൃശ്യങ്ങളാണ്. മഞ്ഞും മഴയും വെയിലും ആകാശവും എല്ലാം ഇമ ബാബുവിന്റെ കാമറക്കണ്ണുകളിൽ പതിയുന്നു. 1991 ൽ വലപ്പാട് ഇമ സ്റ്റുഡിയോ ആരംഭിച്ചതോടെയാണ് ഇമ ബാബുവായി മാറിയത്. മഹാമാരിയുടെ കാലം കഴിഞ്ഞ് വീണ്ടും പൊതുപരിപാടികൾ ആരംഭിക്കുമ്പോൾ, മൈക്കിന് മുന്നിലേക്ക് ആവേശത്തോടെ പ്രാസംഗികർ കടന്നുവരുമ്പോൾ വീണ്ടും ഇമ ബാബു മനസ്സിൽ പറയും മൈക്ക് ക്ലിക്കിംഗ് മൈക്ക് ക്ലിക്കിംഗ് ...

Advertisement
Advertisement