കമ്മിഷൻ ദൗത്യം മറന്നാൽ...

Tuesday 29 June 2021 12:00 AM IST

സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പദവിയിൽ നിന്ന് സി.പി.എമ്മിന്റെ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമായ എം.സി. ജോസഫൈന് രാജിവയ്ക്കേണ്ടി വന്നു. അനിവാര്യമായൊരു രാജി. വനിതാ കമ്മിഷൻ എന്ന സുപ്രധാനമായ സ്ഥാപനത്തിന്റെ തലപ്പത്ത് ഒരിക്കലും പ്രതീക്ഷിക്കാത്തത് പലതും നടക്കുമ്പോൾ അതൊരു അശ്ലീലമായി സമൂഹം വിലയിരുത്തുന്നത് സ്വാഭാവികം. നിർഭാഗ്യമെന്ന് പറയട്ടെ,​ കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിൽ സംഭവിച്ചുകൊണ്ടിരുന്നത് അതായിരുന്നു. ഇടതുപക്ഷ പുരോഗമന സ്വഭാവം ഉയർത്തിപ്പിടിക്കേണ്ട ഒരു സർക്കാർ അധികാരത്തിലിരിക്കുമ്പോൾ തികഞ്ഞ വൈരുദ്ധ്യമായി മുഴച്ചുനിൽക്കുന്ന ഒന്നായി വനിതാകമ്മിഷൻ അദ്ധ്യക്ഷയുടെ കസേര . പ്രകാശം പരത്തുന്ന പെൺകുട്ടിയുടെ കഥ പറഞ്ഞുതന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ടി. പത്മനാഭന് പോലും അക്കാര്യം തുറന്നു പറയേണ്ടി വന്നു.

എൺപത്തിയൊമ്പത് വയസുള്ള അമ്മൂമ്മയുടെ പരാതി ലഭിച്ചാൽ,​ തള്ളയെക്കൊണ്ട് പരാതി കൊടുപ്പിച്ചതെന്തിന് എന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ ചോദിച്ചാൽ അത് അശ്ലീലം തന്നെയാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരും സാംസ്കാരികപ്രവർത്തകനും കലാകാരനും അത് കണ്ണ് തുറന്നുകാണും. അതവർ തുറന്നുകാട്ടിയെന്ന് വരും. സി.പി.എം നേതാക്കൾ ഗൃഹസന്ദർശനവേളയിൽ ടി. പത്മനാഭന്റെ വീട്ടിലെത്തിയപ്പോൾ,​ കഥാകാരൻ അവർക്ക് മുന്നിൽ തുറന്നുകാട്ടിയത് തനിക്ക് ബോധിക്കാത്ത അശ്ലീലത്തെയായിരുന്നു.

പക്ഷേ അതിൽനിന്ന് വനിതാകമ്മിഷന്റെ മുൻ അദ്ധ്യക്ഷ പാഠം പഠിച്ചില്ലെന്ന് പിന്നീടുണ്ടായ സംഭവവികാസങ്ങൾ തെളിയിച്ചു. ഏറ്റവുമൊടുവിൽ ഒരു ദൃശ്യമാദ്ധ്യമത്തിന്റെ ലൈവ് സംപ്രേഷണത്തിലിരുന്ന് അവർ തന്റെ ധാർഷ്ഠ്യം മറയില്ലാതെ വീണ്ടു പ്രകടമാക്കി. പരാതി പറയാൻ വിളിച്ച സ്ത്രീയോട്,​ പൊലീസിൽ പരാതിപ്പെട്ടോയെന്ന് അസ്വസ്ഥമായ മുഖഭാവത്തോടെ ചോദിക്കുന്ന വനിതാകമ്മിഷൻ അദ്ധ്യക്ഷയെ നാം കണ്ടു. വനിതാകമ്മിഷൻ അദ്ധ്യക്ഷയ്ക്ക് അങ്ങനെയൊരു മുഖഭാവം ഉണ്ടാകാനേ പാടില്ലായിരുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെങ്കിൽ അനുഭവിച്ചോ എന്നാണ് ആ പരാതിക്കാരിയോട് അദ്ധ്യക്ഷ പറഞ്ഞത്. ആ ലൈവ് സംപ്രേഷണം നേരിട്ട് കണ്ടവർക്കോ,​ കേട്ടവർക്കോ ഒരിക്കലും ഉൾക്കൊള്ളാനാവാത്തതായി ആ രോഷപ്രകടനം.

വനിതാ കമ്മിഷന്റെ ഉദ്ഭവം...

സംസ്ഥാനത്ത് സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും അവർ നേരിടുന്ന അധാർമ്മിക പ്രവൃത്തികളെക്കുറിച്ച് അന്വേഷിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായാണ് 1991ൽ വനിതാകമ്മിഷൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നത്. 1995ൽ എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരിക്കെ, വനിതാകമ്മിഷൻ നിയമം നിയമസഭ പാസാക്കി. അത് പ്രകാരം അദ്ധ്യക്ഷ ഒരു പ്രമുഖ വനിതയായിരിക്കണമെന്നും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മതിയായ അറിവും അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അനുഭവ പരിചയവും ഉണ്ടായിരിക്കമെന്നും വ്യവസ്ഥ ചെയ്തിരുന്നു.

ദൈനംദിനാടിസ്ഥാനത്തിൽ സ്ത്രീകൾ അവരുടെ ഭർത്തൃഗൃഹങ്ങളിലോ തൊഴിലിടങ്ങളിലോ നേരിടുന്ന പീഡനത്തെക്കുറിച്ചുള്ള പരാതികൾ പരിഗണിക്കാനോ പരിഹരിക്കാനോ അല്ല വനിതാകമ്മിഷനെന്ന് നിയമത്തിന്റെ പതിനാറാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. അത് പ്രകാരം പൊതുസ്വഭാവമുള്ള സ്ത്രീകളുടെ പ്രശ്നങ്ങളാണ് കമ്മിഷൻ കൈകാര്യം ചെയ്യേണ്ടത്. സ്ത്രീസുരക്ഷയ്ക്കായുള്ള നിയമങ്ങളിലെ പഴുതുകൾ അടയ്ക്കുന്നത് സംബന്ധിച്ചും അവ നടപ്പാക്കുന്നതിലുണ്ടാകുന്ന വീഴ്ചകൾ പരിഹരിക്കുന്നത് സംബന്ധിച്ചും തൊഴിലെടുക്കുന്ന സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ചും സ്ത്രീകൾക്ക് തുല്യാവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത് സംബന്ധിച്ചുമെല്ലാം കമ്മിഷന് ക്രിയാത്മക നടപടികൾ സ്വീകരിക്കാം. സ്വത്തവകാശം, രക്ഷാകർത്തൃത്വം, ദത്തെടുക്കൽ, വിവാഹമോചനം എന്നീ വിഷയങ്ങളിൽ നിലവിലെ നിയമങ്ങളിലുള്ള വിവേചനം എങ്ങനെ നിയമനിർമ്മാണത്തിലൂടെ അവസാനിപ്പിക്കാമെന്നതിൽ കമ്മിഷന് തീരുമാനമെടുക്കാനാവും. സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ഉപദേശങ്ങൾ നൽകാം. പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലും ലോക്കപ്പുകളിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാം. ഏതെങ്കിലും സർക്കാരുദ്യോഗസ്ഥർ സ്ത്രീകൾക്ക് അപമാനകരമായ പ്രവൃത്തികൾ ചെയ്യുന്നുണ്ടോയെന്ന് പരിശോധിച്ച് പരിഹരിക്കാനാവശ്യമായ ശുപാർശകൾ നൽകാം. ഇക്കാര്യത്തിൽ ഉത്തരവ് പാസാക്കാനൊന്നും കമ്മിഷന് സാധിക്കില്ല. പക്ഷേ ഇവ നടപ്പാക്കാനാവശ്യമായ സാങ്കേതിക സഹായം തേടാനും പണം ചെലവഴിക്കാനും റിപ്പോർട്ടുകൾ തയാറാക്കി സർക്കാരിലേക്ക് സമർപ്പിക്കാനുമൊക്കെയുള്ള വ്യവസ്ഥകൾ വനിതാകമ്മിഷൻ നിയമത്തിലുണ്ട്. കമ്മിഷന്റെ നാളിതുവരെയുള്ള ചരിത്രമെടുത്ത് നോക്കിയാൽ അത്തരത്തിലുള്ള ഇടപെടൽ കാര്യമായുണ്ടോയെന്ന് സംശയമാണ്.

പ്രമുഖ വനിത എന്ന വ്യവസ്ഥ പ്രാവർത്തികമാക്കപ്പെട്ടത് ഒന്നാമത്തെ അദ്ധ്യക്ഷയായി അനശ്വര കവയിത്രി സുഗതകുമാരി നിയമിതയായപ്പോഴും പിന്നീട് ജസ്റ്റിസ് ഡി. ശ്രീദേവി നിയമിതയായപ്പോഴും മാത്രമാണ്. മറ്റുള്ളവർ പ്രമുഖരുടെ പട്ടികയിൽ വരുന്നില്ലെന്നല്ല അർത്ഥമാക്കുന്നത്. എം. കമലം, കെ.സി. റോസക്കുട്ടി, ഇപ്പോൾ സ്ഥാനമൊഴിഞ്ഞ എം.സി. ജോസഫൈൻ എന്നിവരെല്ലാം അവരവരുടെ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. പക്ഷേ, പ്രകടമായ രാഷ്ട്രീയചായ്‌വ്, പ്രമുഖവനിത എന്ന വിശേഷണത്തിന് കുറച്ചിലുണ്ടാക്കുന്നു. പ്രമുഖ എന്ന് വിശാലാർത്ഥത്തിൽ ഉദ്ദേശിച്ചാൽ, അത് കക്ഷിരാഷ്ട്രീയത്തിന്റെ കള്ളികളിൽ ഒതുങ്ങാത്ത, വിശാലമായി ചിന്തിക്കുന്ന സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവർക്കും സ്വീകാര്യമാകുന്ന മുഖമാകണം. സുഗതകുമാരിക്കും ജസ്റ്റിസ് ശ്രീദേവിക്കും കിട്ടുന്ന സ്വീകാര്യത മറ്റുള്ളവർക്ക് കിട്ടാതിരിക്കുന്നതിന്റെ പരിമിതി ഒരുപക്ഷേ ഇതായിരിക്കാം.

എങ്കിൽപ്പോലും പ്രവൃത്തിയിലൂടെ അത് നേടിയെടുക്കാനെങ്കിലുമാകണം. സംഘടനാരംഗത്ത് ഏറെ പോരാടി കടന്നുവന്ന കമ്മ്യൂണിസ്റ്റ് നേതാവും അധ:സ്ഥിത പിന്നാക്ക ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്നവരുമായ എം.സി. ജോസഫൈന് അത് തീർച്ചയായും സാധിക്കേണ്ടിയിരുന്നു. എന്തുകൊണ്ടോ, അവർ അത് ബോധപൂർവം റദ്ദാക്കുന്ന കാഴ്ചയാണ് കണ്ടത്. അനിവാര്യമായ പതനത്തിലേക്ക് അവർ എത്തിച്ചേർന്നതും അതുകൊണ്ടായിരിക്കാം.

സ്ത്രീപക്ഷ മുഖം

സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ട് തിളക്കമാർന്ന വിജയത്തോടെ തുടർഭരണം സാദ്ധ്യമാക്കിയത് കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ്. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ഒരേ മുന്നണിക്ക് തുടർഭരണം കേരളത്തിൽ സാദ്ധ്യമായിട്ടുണ്ട്. പക്ഷേ, സ്ഥിതി വ്യത്യസ്തമായിരുന്നു. ഒന്നാമത്, അടിയന്തരാവസ്ഥക്കാലത്തെ സവിശേഷമായ രാഷ്ട്രീയ കാലാവസ്ഥ. മറ്റൊന്ന് മുന്നണിയെ വീണ്ടും തിരഞ്ഞെടുപ്പിൽ നയിച്ചത്, അതുവരെ നാട് ഭരിച്ച മുഖ്യമന്ത്രി സി. അച്യുതമേനോൻ ആയിരുന്നില്ല. ഇവിടെ അങ്ങനെയല്ല. സി.പി.എമ്മിന്റെ മുതിർന്ന പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം തന്നെയാണ് തിരഞ്ഞെടുപ്പിനെ നയിച്ചത്.

തുടർഭരണത്തിന് വഴി തെളിച്ചതിൽ മുഖ്യമായ കാരണങ്ങളിലൊന്ന് സ്ത്രീകളുടെ പ്രതികരണമായിരുന്നു. പ്രളയം, നിപ്പ, ഓഖി, ഏറ്റവുമൊടുവിൽ കൊവിഡ് എന്നീ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ കാലഘട്ടമായിരുന്നു ഒന്നാം പിണറായി സർക്കാരിന്റേത്. പ്രതിസന്ധി കാലത്തെ രക്ഷകൻ ഇമേജ് സൃഷ്ടിച്ചെടുക്കാൻ പിണറായി വിജയന് സാധിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്. പ്രതിസന്ധികാലത്ത് കൊടും ദുരിതത്തിന് നടുവിൽ നിന്ന നിരാലംബ ജനതയ്ക്ക് ആശ്രയമായി നിന്ന സർക്കാരാവാൻ കഴിഞ്ഞത് ഭക്ഷ്യകിറ്റും ക്ഷേമപെൻഷനും പോലുള്ള ഇടപെടലുകളായിരുന്നു. ഒരു മുടക്കവുമില്ലാതെ കിറ്റുകൾ അടുക്കളകളിലെത്തിയപ്പോൾ വീട്ടമ്മമാർ ഉണർന്നു. അത് മാത്രമോ? കൊവിഡ് ലോക്ക് ഡൗൺ കാലത്തെ ദുരിതത്തിനിടയിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് സാമൂഹ്യ അടുക്കളകളിലൂടെയും മറ്റും താങ്ങായി നിന്ന സർക്കാരിന് നേതൃത്വം നൽകിയ മുഖ്യമന്ത്രിയെന്ന പ്രതിച്ഛായയാണ് പിണറായിക്ക് ചാർത്തപ്പെട്ടത്. അത് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിന്റെ ജനകീയപരിവേഷം ഉയർത്തി. മുഖ്യമന്ത്രി പങ്കെടുത്ത പ്രചരണയോഗങ്ങളിൽ തടിച്ചുകൂടിയ ജനസാമാന്യം, ഇ.എം.എസിനും ഇ.കെ. നായനാർക്കും വി.എസ്. അച്യുതാനന്ദനും ശേഷമുണ്ടായ ജനകീയനേതാവെന്ന നിലയിലേക്ക് പിണറായി വിജയനെ ഉയർത്തി നിറുത്തി.

തിരഞ്ഞെടുപ്പിന് ശേഷവും ഫെമിനിസ്റ്റ് മുഖം ഉയർത്തിപ്പിടിക്കുന്ന പോസ്റ്ററുകളും പ്രചരണങ്ങളും തന്നെയാണ് ബോധപൂർവം ഇടതുപക്ഷവും സർക്കാരും മുന്നോട്ടുവച്ചത്. കേരളം ഭരിച്ച സർക്കാരിൽ ഏറ്റവുമധികം വനിതാ മന്ത്രിമാർ ഉണ്ടാവുന്നത് ഈ മന്ത്രിസഭയിലാണ്. മൂന്ന് പേർ. സി.പി.എമ്മിൽ നിന്ന് രണ്ട് പേരും സി.പി.ഐയിൽ നിന്ന് ഒരാളും. ഒന്നാം പിണറായി സർക്കാരിലുമുണ്ടായിരുന്നു രണ്ട് സി.പി.എം മന്ത്രിമാർ. 1996ന് ശേഷം വനിതാ എം.എൽ.എമാരുടെ എണ്ണത്തിലും ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്തവണ. പത്ത് പേർ. യു.ഡി.എഫിൽ ഒരു വനിത മാത്രം. യു.ഡി.എഫിന്റേതെന്ന് തീർത്ത് പറയാനുമാവില്ല. യു.ഡി.എഫിന് പുറത്തു നിന്ന് പിന്തുണ നൽകുന്ന ആർ.എം.പിയിലെ കെ.കെ. രമ ആണ് ആ അംഗം. കഴിഞ്ഞ തവണ എട്ട് വനിതാ അംഗങ്ങളുണ്ടായിരുന്നു. എട്ട് പേരും ഇടതുമുന്നണിയുടേത്.

യു.ഡി.എഫിൽ നിന്ന് വ്യത്യസ്തമാണ് എൽ.ഡി.എഫ് എന്ന് നിയമസഭയിലെയും മന്ത്രിസഭയിലെയും സ്ത്രീ പ്രാതിനിദ്ധ്യത്തിലൂടെയെങ്കിലും ഇടതുനേതൃത്വം ഉറക്കെ പ്രഖ്യാപിക്കുമ്പോഴാണ് വനിതാകമ്മിഷൻ അദ്ധ്യക്ഷപദവിയിൽ അതിനൊരു അപവാദമുയരുന്നത്.

കേരള മണ്ണിലെ വിപ്ലവനായിക കെ.ആർ. ഗൗരി അമ്മയുടെ ഓർമ്മകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉൾപ്പുളകമായി നിൽക്കുകയാണ്. വനിതാകമ്മിഷനിൽ അതുകൊണ്ട് ഒരു ശുദ്ധീകരണം എന്തുകൊണ്ടും നന്നായി എന്നുതന്നെ പറയണം.

Advertisement
Advertisement