കൊവിഡ് കാലത്തും അന്നം മുട്ടില്ല, മുത്തപ്പന്റെ അരുമകൾക്ക്

Tuesday 29 June 2021 12:11 AM IST
നിർമ്മലും റിജിഷയും ക്ഷേത്രനsയിലെ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നു

പറശ്ശിനിക്കടവ്: മീനൂ,ഗോപാലാ, സുന്ദരി...ഓടിവാ..... നിർമ്മലിന്റെ വിളി കേട്ടാൽ ഭക്ഷണമെത്തിയെന്ന് ഉറപ്പാണ്. വാലാട്ടി സ്നേഹം പ്രകടിപ്പിച്ച് അച്ചടക്കത്തോടെ നായകൾ നിർമ്മലിന്റെ സമീപം നിൽക്കും. പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ ക്ഷേത്രത്തിലെ നായകൾ ഈ കൊവിഡ് കാലത്ത് ഇദ്ദേഹത്തിന്റെ സ്നേഹപരിലാളനകളേറ്റാണ് കഴിഞ്ഞത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രം അടച്ചതോടെ മുത്തപ്പന്റെ വേട്ട മൃഗങ്ങൾ പട്ടിണിയിലാകുമെന്ന അവസ്ഥയിൽ ക്ഷേത്ര ജീവനക്കാരനും ക്ഷേത്ര കുടുംബാംഗവുമായ നിർമ്മലും ഭാര്യ റിജീഷയും ചേർന്നാണ് ഇവയെ ഊട്ടുന്ന ദൗത്യം ഏറ്റെടുത്തത്. ഉച്ചയ്ക്ക് ഇരുപതോളം നായകൾക്ക് മീനും ചോറും ചിക്കൻ കറിയും മാറിമാറി നൽകി. ദിവസം കഴിയുന്തോറും കൂടുതൽ പേർ എത്തിയതോടെ ഭക്ഷണപ്പൊതിയുടെ എണ്ണം കൂട്ടേണ്ടിവന്നു. നിർമ്മലിന്റെ സത്പ്രവൃത്തി കണ്ട മുത്തച്ഛനും ക്ഷേത്ര ട്രസ്റ്റിയുമായ ബാലകൃഷ്ണൻ തുടർന്നുള്ള ദിവസങ്ങളിൽ നായകളുടെ ഭക്ഷണത്തിനായി ക്ഷേത്രം വക അരി നൽകി.

ഒരു ദിവസം അഞ്ച് കിലോ അരിയുടെ ചോറും കറിയുമാണ് നായകൾക്ക് നൽകി വന്നത്.

ഒന്നാം ലോക്ക്ഡൗണിൽ ക്ഷേത്രത്തിൽ അറ്റകുറ്റപ്പണികൾ നടന്നതിനാൽ തൊഴിലാളികൾക്കുള്ള ഭക്ഷണത്തിൽ നിന്നുള്ള ഒരു പങ്ക് നായ്ക്കൾക്ക് ലഭിച്ചിരുന്നു. എന്നാൽ പണി തീർന്നതോടെ ഇതു മുടങ്ങി. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് അകത്തും പുറത്തുമായി ഇരുന്നൂറിലധികം നായ്ക്കൾ ഉണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു ക്ഷേത്രം ഇന്നലെ മുതൽ തുറന്നെങ്കിലും അന്നദാനമുൾപ്പെടെ ഇനിയും ആരംഭിച്ചിട്ടില്ല.

എങ്കിലും ക്ഷേത്രത്തിനകത്തും പുറത്തുമായുള്ള മുഴുവൻ നായകൾക്കും ഇന്നലെ മുതൽ ഉച്ചയ്ക്ക് ഭക്ഷണം നൽകുന്നതായി ക്ഷേത്ര ട്രസ്റ്റി ബാലകൃഷ്ണൻ അറിയിച്ചു.

Advertisement
Advertisement