ലഹരിക്ക് തടയിട്ട ലോക്ക്

Tuesday 29 June 2021 12:00 AM IST

കൊവിഡിനെ നിയന്ത്രിക്കാൻ നടപ്പാക്കിയ ലോക്ക് ഡൗൺ എല്ലാവർക്കും വലിയ കഷ്ടപ്പാടാണ് സമ്മാനിച്ചത്. മിക്കവരുടെയും പണി പോയി. വീട്ടിൽ അടുപ്പ് പുകയുന്നത് എങ്ങനെയെന്ന് പുറത്തുപറയാൻ മടി. മഹാമാരിക്കെതിരായ യുദ്ധമുറ ലോക്ക് ഡൗൺ ആയതുകൊണ്ട് എല്ലാവരും എല്ലാം സഹിച്ചു വീട്ടിലിരുന്നു. ലോക്ക് പതുക്കെ തുറന്നു വരുന്നതേയുള്ളൂ. പഴയതുപോലെ സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങളെടുക്കും. നാടിനെ ലോക്കിലാക്കിയതുകൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കാൻ കഴിഞ്ഞു എന്നത് വലിയ നേട്ടം. പക്ഷെ, ഇൗ ലോക്ക് കൊണ്ട് വേറെയും ചില നേട്ടങ്ങളുണ്ടായെന്ന് പലർക്കും അറിയില്ല. ടി.പി.ആർ കുറഞ്ഞത് ഒന്നാമത്തെ നേട്ടം നാട്ടിൽ ക്രിമിനൽ കേസുകളുടെ എണ്ണം കുറഞ്ഞതാണ് രണ്ടാമത്തെ നേട്ടം. പൊലീസുകാർക്ക് വാഹന പരിശോധന മാത്രം നടത്തിയാൽ മതിയായിരുന്നു. ആഹാരവും വെള്ളവും സന്നദ്ധ സംഘടനകൾ റോഡിൽ എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു. മൂന്നാമത്തെ നേട്ടം എന്തെന്ന് ചോദിച്ചാൽ നാട്ടിൽ ലഹരി ഉപയോഗം കുറഞ്ഞു എന്നതാണ്. ഇൗ വർഷത്തെ ലഹരിവിരുദ്ധ ദിനത്തിൽ അത് പ്രത്യേകം ഒാർക്കേണ്ടതാണ്. യുവതലമുറ ലഹരിയിൽ നിന്ന് മോചിതരായെന്ന് ഇതുകൊണ്ട് കരുതേണ്ടതില്ല. ലോക്ക് പൂർണമായി അഴിച്ച് കയ്യിൽ നാല് കാശ് കയറുമ്പോഴറിയാം ലഹരി പിടിയിലാണോ പിടിവിട്ടോയെന്ന്.

കഞ്ചാവ് കേസുകൾ

കുത്തനെ ഇടിഞ്ഞു

കൊവിഡ് ഒന്നാംതരംഗത്തിന് മുൻപ് വരെ കഞ്ചാവ് കടത്ത് സംഘങ്ങൾ ന്യൂജെൻ ബൈക്കുകളിൽ പറക്കുന്നത് സ്ഥിരം തലവേദനയായിരുന്നു. ഒറ്റുകാർ ഉണ്ടായതുകൊണ്ട് കഞ്ചാവ് കടത്തുകാരെ പിടിക്കാൻ എക്സൈസ് വകുപ്പിന് വലിയ തോതിൽ പണിപ്പെടേണ്ടി വന്നിട്ടില്ല. 2019-20 വർഷത്തിൽ പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസുകളുടെ കണക്ക് 175 ആയിരുന്നു. കൊവിഡ് വ്യാപകമായതിനെ തുടർന്ന് ലോക്ക് മുറുക്കിയതോടെ കഞ്ചാവ് കടത്തുകാരും മാളത്തിൽ ഒളിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2020-21 വർഷത്തിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസുകളുടെ എണ്ണം 39 ആയി കുത്തനെ താഴ്ന്നു.

ലോക്ക് ഡൗൺ പൊട്ടിച്ചത്, കൊവിഡിന്റെ കണ്ണികൾ മാത്രമല്ല കഞ്ചാവ് കടത്തുകാരുടെ കണ്ണികൾ കൂടിയാണ്. ലഹരി വില്‌പനയും ഉപയോഗവും സംബന്ധിച്ച കേസുകൾ കുറഞ്ഞെന്ന് ആശ്വസിക്കാനാവില്ല. ലോക്ക് ഡൗണിന് കൂടുതൽ ഇളവുകൾ വരികയും അന്തർസംസ്ഥാന യാത്രകൾ പരിശാേധനയില്ലാതെ അനുവദിക്കുകയും ചെയ്താൽ ലഹരിമാഫിയ വീണ്ടും തല പൊക്കിയേക്കും.

ലഹരിക്ക് അടിമകളായവരുടെ ലോക്ക് ഡൗൺ കാല ജീവിതം പിരിമുറക്കം നിറഞ്ഞതാണ്. പുക വലിക്കാനാകാതെ വീട്ടിനുള്ളിലിരുന്ന് പലരും മാനസിക പ്രശ്നങ്ങൾ കാട്ടിത്തുടങ്ങിയെന്നാണ് എക്സൈസ് അധികൃതരുടെ വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിൽ എക്സൈസ് വകുപ്പിന് കീഴിലുള്ള ഏക ലഹരി വിമുക്ത കേന്ദ്രം റാന്നി താലൂക്ക് ആശുപത്രിയിലാണ്. ലോക്ക് ഡൗൺ കാലത്ത് ഇവിടെ ചികിത്സയ്ക്ക് എത്തിയത് 3884 പേരാണ്. ഇത് ലോക്ക് ഡൗണിന് മുൻപ് ഒരു വർഷത്തെ ശരാശരി കണക്കിന്റെ മൂന്നിരട്ടിയോളം വരും. 580 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചാണ് ചികിത്സ നൽകിയത്. ചികിത്സക്കെത്തിയവരിൽ എൺപത് ശതമാനവും മുപ്പത് വയസിൽ താഴെയുള്ളവരാണ്. അവരിൽ തന്നെ കൗമാരപ്രായക്കാരും ഏറെയുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന ലഹരി ലഭിക്കാതെ വീടുകളിൽ അക്രമ വാസന കാട്ടിയവരെയാണ് ലഹരി വിമുക്ത കേന്ദ്രത്തിലെത്തിച്ചത്. ഇവരെ സാധാരണ ജീവതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ക്ളാസുകളും നടന്നുവരുന്നു.

ലോക്ക് അഴിക്കുമ്പോൾ

കഞ്ചാവും മയക്കുമരുന്നുകളും നാട്ടിലേക്ക് എത്തുന്നത് അന്യസംസ്ഥാനത്ത് നിന്ന് ആണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ബംഗളുരൂ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ടൂറിസ്റ്റ് ബസുകളിൽ എത്തിക്കൊണ്ടിരുന്ന വിദ്യാർത്ഥികളിൽ ചിലർ ലഹരിക്കടത്തുകാരായ സംഭവങ്ങൾ നിരവധിയുണ്ട്. രണ്ടുവർഷം മുൻപ് തിരുവല്ലയിൽ ബ്യൂപിനോർഫിൻ പോലുള്ള ലഹരി മരുന്നുകളുടെ ആംപ്യൂളുകൾ കണ്ടെത്തിയിരുന്നു. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നു സംഘങ്ങളിലേക്കാണ് അന്വേഷണം നീണ്ടതെങ്കിലും യഥാർത്ഥ ഉറവിടം കണ്ടെത്താൻ ശ്രമമുണ്ടായില്ല. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് വില്‌പന സംഘങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് തങ്ങളുടെ താവളം മാറ്റിക്കൊണ്ടിരുന്നു. സ്കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിച്ചിരുന്ന സമയങ്ങളിൽ ഇടവഴികളിൽ പതുങ്ങി നിന്ന് കഞ്ചാവും മയക്കുമരുന്നുകളും വിറ്റുകൊണ്ടിരുന്ന സംഘങ്ങളെ നാട്ടുകാർ പൊലീസിൽ പിടിച്ചേൽപ്പിച്ച സംഭവങ്ങളുമുണ്ട്. ലോക്ക് അഴിച്ച് സ്കൂളുകളും കോളേജുകളും തുറന്നാൽ മാഫിയ സംഘങ്ങൾ വീണ്ടും ഉണരും. അതിന് തടയിടാൻ ഉൗർജിത കർമ്മപദ്ധതികളാണ് ആവശ്യം.

മയക്കുമരുന്ന് വേട്ടയ്‌ക്ക് ആധുനിക പരിശോധന രീതികൾ എക്സൈസിൽ ഉണ്ടെങ്കിലും നടപ്പാക്കുന്നതിൽ വലിയ കാലതാമസമാണ് ഉണ്ടാകുന്നത്. ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ എക്സൈസിന് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അവ ഉപയോഗിച്ചുള്ള പരിശാേധന നടക്കാറില്ല. പിടിക്കപ്പെടുന്ന മയക്ക് മരുന്ന് ഏത് വിഭാഗത്തിൽ പെടുന്നതാണെന്ന് കണ്ടെത്താൻ രാസപരിശോധന അടക്കമുള്ള സംവിധാനമാണ് നിലവിലുള്ളത്. എല്ലാ ജില്ലകളിലും നാർക്കോട്ടിക് കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. കൗമാരക്കാരിൽ ലഹരിക്ക് അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുളള കൗൺസിലിംഗ് ഉൾപ്പെടെ നടത്തുന്ന എക്സൈസ് മയക്കു മരുന്നുകളുടെ ഉറവിടം തകർക്കാൻ കരുത്ത് കാട്ടേണ്ടതുണ്ട്.

Advertisement
Advertisement