അടൂർ എന്തുകൊണ്ട് ആക്ഷൻ ചിത്രമെടുത്തില്ല ?

Tuesday 29 June 2021 12:00 AM IST

ചലച്ചിത്ര പ്രതിഭ അടൂർ ഗോപാലകൃഷ്ണന്റെ എൺപതാം പിറന്നാളായിരുന്നു കഴിഞ്ഞ ശനിയാഴ്ച ( ജൂൺ 26 ). മിഥുനമാസത്തിലെ ഉത്രാടമാണ് ജന്മനക്ഷത്രം. പിറന്നാളൊന്നും ആഘോഷിക്കാറില്ലാത്ത അടൂരിനെ ആ ദിനം ഓർമ്മിപ്പിച്ചത് വീട്ടിൽ സഹായത്തിന് നിൽക്കുന്ന സൗമ്യയായിരുന്നു. നല്ലൊരു പായസവും സൗമ്യ ഉണ്ടാക്കിത്തന്നെന്ന് അടൂർ പറഞ്ഞു. ജൂലായ് മൂന്നിന് ഡേറ്റ് ഓഫ് ബർത്താണെന്നേയുള്ളൂ. മകൾ അശ്വതിയും ഭർത്താവും മഹാരാഷ്ട്രയിലാണ്. കൊവിഡ് കാലമായതിനാൽ യാത്രയില്ല. എൺപതായതിനെക്കുറിച്ച് ചോദിച്ചപ്പോൾ " എന്തു ചെയ്യാനാണ്. എങ്ങനെയോ ഇവിടെ വരെയെത്തി." എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അടൂരിന്റെ മറുപടി.

സത്യജിത് റേയ്ക്കും മൃണാൾ സെന്നിനും ഒരുപോലെ പ്രിയങ്കരനായ അടൂരിന്റെ സിനിമകളെക്കുറിച്ച് വലിയ പഠനങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ട് വ്യക്തിപരമായ കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ അടൂർ എന്തു ചെയ്യുമായിരുന്നുവെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ഇതേക്കുറിച്ച് അദ്ദേഹത്തോടു തന്നെ ചോദിച്ചു. " സത്യത്തിൽ മലയാളം എം.എ ചെയ്ത് ഏതെങ്കിലും കോളേജിൽ ലക്ചററാകണമെന്നായിരുന്നു അന്നത്തെ താത്‌പര്യം. ഇന്റർമീഡിയറ്റിന് മലയാളത്തിന് നല്ല മാർക്കുമുണ്ടായിരുന്നു. അദ്ധ്യാപകനായാൽ അതിന്റെ കൂടെ നാടകവും കൊണ്ടുപോകാമെന്ന് ചിന്തിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബി.എ.ഓണേഴ്സിന് ഒന്നാമതായി അഡ്മിഷൻ കാർഡും കിട്ടി. മൂന്ന് വർഷത്തെ കോഴ്സ്. അത് കഴിയുമ്പോൾ എം.എയ്ക്ക് തുല്യമാകും. ജി.ശങ്കരപ്പിള്ളയൊക്കെ ആ കോഴ്സ് ചെയ്തിരുന്നു. എന്നാൽ തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ എത്തിയപ്പോൾ അവരൊക്കെ മലയാളത്തിന് ചേരുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തി. അങ്ങനെയാണ് പന്തളത്ത് ബി.എസ്‌സി സുവോളജിക്കു ചേർന്നത്. മെഡിസിന് പോകാമെന്നായിരുന്നു അടുത്ത പ്ളാൻ. മനുഷ്യർക്ക് നന്നായി സേവനം ചെയ്യാമെന്നതിനാൽ ഡോക്ടറാകാൻ ഇഷ്ടമായിരുന്നു. അപേക്ഷിച്ചെങ്കിലും പ്രവേശനം കിട്ടിയില്ല. പിന്നീടാണ് ഗാന്ധിഗ്രാമിൽ പബ്ളിക് അഡ്മിനിസ്ട്രേഷൻ ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്സ് കോഴ്സിനു ചേർന്നത്. അവിടെ ജി.ശങ്കരപ്പിള്ളസാർ മലയാളം പഠിപ്പിച്ചിരുന്നു.ലോക നാടകവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിക്കാൻ അവിടെ അവസരം ലഭിച്ചു. ആ കോഴ്സ് പാസാകുന്നവർക്ക് ബി.ഡി.ഓയായി ജോലി കിട്ടുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും കേരള സർക്കാർ ആ കോഴ്സ് അംഗീകരിച്ചതുപോലുമില്ലായിരുന്നു. തുടർന്നാണ് നാഷണൽ സാമ്പിൾ സർവേയിൽ ചേർന്നത്. അത് ഒരുകൊല്ലം കഴിഞ്ഞപ്പോൾ മടുത്തു. ഈ തൊഴിലുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് ഉറപ്പിച്ചു. ഉപരിപഠനമായിരുന്നു അടുത്ത ലക്ഷ്യം. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും ഹിന്ദിയായിരുന്നു മാദ്ധ്യമമെന്നതിനാൽ വേണ്ടെന്നുവച്ചു. പത്രത്തിലെ പരസ്യം കണ്ടാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിച്ചത്. കെ.എ. അബ്ബാസായിരുന്നു ഇന്റർവ്യൂ ബോ‌ർഡിന്റെ അദ്ധ്യക്ഷൻ. നല്ല വായനയുള്ളതിനാൽ ചോദ്യങ്ങൾക്കൊക്കെ മറുപടി പറഞ്ഞു. ഒന്നാമനായി സ്കോളർഷിപ്പോടെ പ്രവേശനം നേടി.

ഓരോന്നും ഓരോ എടുത്തുചാട്ടങ്ങളായിരുന്നു. എന്താണ് സംഗതിയെന്നറിയാതെ, എന്താണ് ഭാവിയെന്നറിയാതെയുള്ള എടുത്തുചാട്ടം. സിനിമയോടൊന്നും ഭ്രാന്തമായ അഭിനിവേശം ഇല്ലായിരുന്നു. എന്റെ അമ്മാവന് അടൂരും പറക്കോടും ഏനാത്തുമൊക്കെ തിയറ്ററുകളുണ്ടായിരുന്നതിനാൽ സിനിമ കാണുമായിരുന്നെന്ന് മാത്രം. സിനിമയിലേക്ക് വരുമെന്നൊന്നും ഒരിക്കലും ചിന്തിച്ചിരുന്നില്ല. അത് നമുക്ക് വിദൂരമായതെന്തോ എന്നായിരുന്നു അന്നൊക്കെ കരുതിയത്. സിനിമയിൽ വന്നില്ലെങ്കിൽ നാടകത്തിൽ എന്തായാലും ഉറച്ചുനിൽക്കുമായിരുന്നു. സാമുവൽ ബക്കറ്റിന്റെ വെയിറ്റിംഗ് ഫോർ ഗോദോ ആയിരുന്നു ഞാൻ അവസാനം ചെയ്ത നാടകം. 1974 ൽ തിരുവനന്തപുരത്തായിരുന്നു അത്. പിന്നീട് കെ.പി.എ.സിയൊക്കെ നാടകം ചെയ്യാൻ നിർബന്ധിച്ചെങ്കിലും പോയില്ല. നാടകം പതുക്കെ വിട്ടു.

മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ നാടകം എഴുതുകയും അവതരിപ്പിക്കുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുമായിരുന്ന അടൂർ എന്തുകൊണ്ടാണ് സിനിമയിൽ അഭിനയിക്കാതിരുന്നത്.?ഉത്തരം ഇങ്ങനെയായിരുന്നു." സംവിധായകൻ വി.ആർ.ഗോപിനാഥ് എന്നെ ഒരു സിനിമയിൽ അഭിനയിപ്പിക്കാൻ ഒരുപാട് നിർബന്ധിച്ചിരുന്നു. പക്ഷേ ഞാൻ വഴങ്ങിയില്ല. ഉണ്ണിക്കുട്ടന് ജോലികിട്ടി എന്ന സിനിമയാണെന്ന് തോന്നുന്നു. കൃത്യമായ ഓർമ്മയില്ല. സംവിധായകനായ ശേഷം നടനായി പ്രതിഷ്‌ഠിക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു."

കൊടിയേറ്റം എന്ന ചിത്രത്തിൽ ഭരത് ഗോപി അവതരിപ്പിച്ച ശങ്കരൻകുട്ടി എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. വേഗത്തിൽ ചെളി തെറിപ്പിച്ചു പോകുന്ന വാഹനത്തെ നോക്കി ഹോ...എന്തൊരു സ്പീഡെന്ന്... തിയറ്റർ ഇളകി മറിഞ്ഞ് ചിരിച്ച ആ രംഗം ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്. കൊടിയേറ്റം കണ്ട് റേ ഉച്ചത്തിൽ ചിരിച്ചിരുന്നു.

എന്തുകൊണ്ടാണ് അടൂർ കോമഡി ചിത്രമോ ആക്ഷൻ ചിത്രമോ എടുക്കാതിരുന്നത്.?

" ആക്ഷൻ -കോമഡി എനിക്ക് താത്‌പര്യമില്ലാത്ത കാര്യമാണ്. കോമഡി എനിക്കിഷ്ടമാണ്. കഥാസന്ദർഭത്തിന് അനുസരിച്ചുള്ളവ മാത്രം.എന്തൊരു സ്പീഡ് എന്ന പ്രതികരണം ആരും പ്രതീക്ഷിക്കുന്നതല്ല. എന്നാൽ സ്വാഭാവികമായി വരുന്നതാണ്. എനിക്കാസ്വദിക്കാൻ പറ്റുന്ന ചിത്രങ്ങളേ ഞാൻ എടുക്കാറുള്ളൂ.ആക്ഷൻ ചിത്രങ്ങളിൽ എനിക്ക് ഒട്ടും താത്‌പര്യമില്ല, തീരെ ഇഷ്ടവുമില്ല. അടിയും പിടിയും കൂടുന്നതും ചോര തെറിക്കുന്നതുമൊക്കെ സിനിമയിൽ കണ്ടാൽ എനിക്കു വലിയ വിഷമമാകും. അതൊന്നും എന്റെ വിഷയവുമല്ല. ഞാൻ എന്നും സമാധാനം ഇഷ്ടപ്പെടുന്നയാളാണ്. സ്കൂളിൽ പഠിക്കുമ്പോഴെ ഞാനൊരു ഗാന്ധിയനാണ്. അന്നേ ഖദറാണ് ധരിക്കുന്നത്. ആക്ഷൻ ചിത്രത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ല." അടൂർ വ്യക്തമാക്കി.

അടുത്ത ചിത്രം ഒന്നുമായിട്ടില്ലെന്ന് അടൂർ പറയുന്നു. " ഒന്നും പ്രചോദിപ്പിക്കാത്ത കാലമാണിത്. ഉള്ളിൽ നിന്നൊരു പ്രചോദനം വരാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. അതിനു പുറമെ സൂപ്പർ സെൻസറിംഗുമൊക്കെ വരികയല്ലേ...?കൊങ്ങയ്ക്കു പിടിച്ചു ഞെരിച്ചുകൊണ്ട് എങ്ങനെ സിനിമയെടുക്കും? എന്തിനുള്ള പുറപ്പാടാണിത്.?അടൂർ ചോദിക്കുന്നു..

മലയാളം ലോകത്തിന് സമ്മാനിച്ച ഈ ചലച്ചിത്രകാരനിൽ നിന്ന് ഇനിയും മികച്ച സൃഷ്ടികൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും അദ്ദേഹം ആദ്യം ചിന്തിച്ചതുപോലെ ലക്ചററും ഡോക്ടറുമൊന്നുമാകാതിരുന്നത് ഇന്ത്യൻ സിനിമയുടെ സൗഭാഗ്യം എന്നേ പറയേണ്ടൂ.

Advertisement
Advertisement