കോട്ടയം നഗരസഭാദ്ധ്യക്ഷയെ പ്രതിപക്ഷം ഉപരോധിച്ചു

Wednesday 30 June 2021 12:00 AM IST

കോട്ടയം: കൗണ്‍സില്‍ യോഗം ചേരുന്നത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങൾ കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനെ ഉപരോധിച്ചു. കൊവിഡിന്റെ രണ്ടാം തരംഗത്തോടെ കൗണ്‍സില്‍ യോഗങ്ങള്‍ ഓണ്‍ലൈനായിരുന്നു. ഇത് മുതലെടുത്ത് ഭരണപക്ഷം അഴിമതി നടത്തുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇത്തരത്തില്‍ മീറ്റിംഗ് നടത്തുമ്പോള്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിധത്തിലല്ല മിനിറ്റ്സില്‍ എഴുതി ചേര്‍ക്കുന്നതെന്നും അവർ ആരോപിച്ചു. ഭരണപക്ഷത്തിന് താല്‍പ്പര്യമുള്ള വിധത്തില്‍ തീരുമാനങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് കൗണ്‍സിലര്‍ എന്‍. എന്‍ വിനോദ് പറഞ്ഞു. കൗണ്‍സില്‍ ചേരുമ്പോള്‍ അജണ്ട പൂര്‍ത്തിയാകും മുമ്പ് തന്നെ സമയം അവസാനിക്കാറുണ്ട്. എന്നാല്‍ സമയം നീട്ടിയെടുത്ത് അജണ്ട പൂര്‍ത്തിയാക്കാന്‍ ചെയര്‍പേഴ്സണ്‍ മിനക്കെടാറില്ല. ശേഷിക്കുന്ന അജണ്ടകള്‍ പാസാക്കിയതായി എഴുതി ചേര്‍ക്കുകയാണെന്നും ഇത് അഴിമതിക്കാണെന്നും കൗണ്‍സില്‍ അംഗം ഷീജ അനില്‍ ചൂണ്ടിക്കാട്ടി. അംഗങ്ങളില്‍ പലര്‍ക്കും കൃത്യമായി നെറ്റ് കിട്ടാറില്ല. ഇവര്‍ക്ക് കൗണ്‍സില്‍ ഹാളിലിരുന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇതും അനുവദിച്ചില്ലെന്ന് ഷീജ ആരോപിക്കുന്നു. അതേസമയം ചെയര്‍പേഴ്സന് താല്‍പ്പര്യമുള്ള ചില ഭരണപക്ഷ കൗണ്‍സിലര്‍മാരും ചെയര്‍പേഴ്സനും മുറിയില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍പേഴ്സനെ ഉപരോധിച്ചത്.

Advertisement
Advertisement