ഇന്ത്യയുടെ വികല ഭൂപടം :ട്വിറ്ററിനെതിരെ കേസ്

Wednesday 30 June 2021 12:30 AM IST

ന്യൂഡൽഹി:കാശ്‌മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളാക്കി, ഇന്ത്യയുടെ ഭൂപടം വികലമായി പ്രസിദ്ധീകരിച്ചതിന് ട്വിറ്റർ ഇന്ത്യ മേധാവിമാർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ട്വിറ്ററിന്റെ കരിയർ വിഭാഗമായ ട്വീപ് ലൈഫ് പേജിലാണ് ഇന്ത്യയുടെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ ബജ്‌റംഗ് ദൾ നേതാവ് പ്രവീൺ ഭാട്ടി സമർപ്പിച്ച പരാതിയിൽ ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരി, വാർത്താവിഭാഗം മേധാവി അമൃത ത്രിപാഠി എന്നിവർക്കെതിരെയാണ് യു.പി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് ട്വിറ്റർ വികലമായ ഭൂപടം നീക്കം ചെയ്തിരുന്നു.

ട്വിറ്റർ രണ്ടാം തവണയാണ് ഇന്ത്യയുടെ ഭൂപടം വികലമാക്കി പ്രസിദ്ധീകരിക്കുന്നത്. ലേ ചൈനയുടെ ഭാഗമാണെന്ന മട്ടിൽ കഴിഞ്ഞ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിനെതിരെ ഇന്ത്യ ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.

ട്വിറ്ററിനെതിരെ യു.പി. പൊലീസ് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ മുസ്ലിം സമുദായാംഗമായ വൃദ്ധനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്‌തത് മതസ്പർദ്ധ വളർത്തുന്നതാണെന്ന് കാട്ടി കേസെടുക്കുകയും മനീഷ് മഹേശ്വരിയോട് കഴിഞ്ഞ വ്യാഴാഴ്ച ചോദ്യംചെയ്യാൻ യു.പിയിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് അയയ്‌ക്കുകയും ചെയ്തിരുന്നു. ബംഗളൂരുവിൽ താമസിക്കുന്ന മനീഷ് മഹേശ്വരി ഈ കേസിൽ കർണാടക ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയാണ് ചെയ്തത്. മനീഷ് മഹേശ്വരിക്ക് ഉത്തർപ്രദേശിലേക്ക് വരാനാകില്ലെന്നും പൊലീസിന് വെർച്വൽ മാദ്ധ്യമങ്ങളിലൂടെ ചോദ്യം ചെയ്യാമെന്നുമാണ് കോടതി വ്യക്തമാക്കിയത്. കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ യു.പി പൊലീസ് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചു. തൊട്ടുപിന്നാലെ മനീഷ് മഹേശ്വരിയും സുപ്രീംകോടതിയെ സമീപിച്ച് യു.പി പൊലീസിന്റെ അപേക്ഷയിൽ തീരുമാനം എടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കാൻ ഹർജി സമർപ്പിച്ചു.

Advertisement
Advertisement