കൊവിഡ്‌ വന്നവർക്ക് വീണ്ടുംവരാം: മുഖ്യമന്ത്രി

Wednesday 30 June 2021 12:40 AM IST

തിരുവനന്തപുരം: വാക്‌സിനെടുത്തവരും കൊവിഡ് വന്നുപോയവരും ജാഗ്രത പാലിക്കണമെന്നും രോഗം വീണ്ടും പിടിപെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവരിൽ രോഗം പ്രകടമായില്ലെങ്കിലും മറ്രുള്ളവരിലേക്ക് പകരാവുന്ന തരത്തിൽ രോഗവാഹകർ ആകാനുള്ള സാദ്ധ്യതയുണ്ട്.

വാക്‌സിനേഷൻ പരമാവധി ആളുകളിലെത്തിച്ച് സാമൂഹിക പ്രതിരോധം ആർജ്ജിക്കുകയാണ് ലക്ഷ്യം. ജനസംഖ്യയുടെ 40ശതമാനം ആളുകൾക്ക് ആദ്യത്തെ ഡോസും 12 ശതമാനംപേർക്ക് രണ്ടു ഡോസുകളും നൽകി.

ഹോം സ്റ്റേകൾ, സർവീസ് വില്ലകൾ, ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരെ 18മുതൽ 45വയസ് വരെയുള്ളവരിലെ വാക്‌സിനേഷൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തും. ആയുഷ്, ഹോമിയോ മെഡിക്കൽ, ഫാർമസി കോഴ്‌സ് വിദ്യാർത്ഥികൾക്കുള്ള വാക്‌സിനേഷനും പൂർത്തീകരിക്കും.

സംസ്ഥാനം ആവശ്യപ്പെട്ട വാക്‌സിൻ കേന്ദ്രത്തിൽനിന്നും ലഭ്യമായാൽ നാലു മാസങ്ങൾക്കകം സാമൂഹിക പ്രതിരോധം ആർജ്ജിക്കാം. 25 ശതമാനം വാക്‌സിൻ സ്വകാര്യ ആശുപത്രികൾ വഴി ആയിരിക്കും വിതരണം ചെയ്യുക എന്ന് കേന്ദ്രം പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. നിലവിൽ സ്വകാര്യ ഏജൻസികൾ വഴിയാണ് വാക്‌സിൻ വാങ്ങി വിതരണം ചെയ്യുന്നത്.

Advertisement
Advertisement