വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന് പഠനം

Wednesday 30 June 2021 12:00 AM IST

ലണ്ടൻ: അസ്​​ട്രാസെനക വാക്​സി​ൻ രണ്ടാം ഡോസും മൂന്നാം ഡോസും വൈകി എടുക്കുന്നത്​ രോഗപ്രതിരോധ ശേഷി കൂട്ടുമെന്ന്​ ഓക്​സ്​ഫഡ്​ സർവകലാശാല പഠനം. വാക്സിന്റെ ഒന്നും രണ്ടും ഡോസുകൾക്കിടയിൽ 45 ആഴ്ച വരെ ഇടവേളയുണ്ടാകുന്നത്​ മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷി നല്കുമെന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്.

രണ്ടാമത്തെ ഡോസ്​ എടുത്ത്​ ആറ്​ മാസത്തിന്​ ശേഷം മൂന്നാം ഡോസ്​ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. ആൻറിബോഡി വർദ്ധിപ്പിക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായകരമാകും. വാക്സിൻ ആദ്യ ഡോസ്​ എടുത്ത്​ 10 മാസം കഴിഞ്ഞ്​ രണ്ടാം ഡോസ്​ എടുത്താലും മികച്ച ഫലമാണ്​ ലഭിക്കുന്നതെന്ന് ഓക്​സ്​ഫഡ്​ സർവകലാശാലയിലെ ഗവേഷണ വിദഗ്​ധനായ ആൻഡ്രൂ പൊള്ളാർഡ് പറഞ്ഞു. പുതിയ കണ്ടു പിടുത്തം മതിയായ വാക്സിൻ ഇതുവരെ ലഭ്യമല്ലാത്ത ദരിദ്ര രാഷ്ട്രങ്ങൾക്ക് ആശ്വാസമാകുമെന്നും ആദ്യ ഡോസിന് ശേഷം രണ്ടാമത്തെ ഡോസ് നല്കുന്നതിലുള്ള കാലതാമസത്തെ പറ്റിയുള്ള ആശങ്ക കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതു കൂടാതെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ മറ്റൊരു പഠനത്തില്‍, അസ്ട്രാസെനെക്ക, ഫൈസര്‍-ബയോടെക് വാക്സിനുകളുടെ ഇടകലര്‍ത്തിയുള്ള ഡോസുകള്‍ വൈറസിനെതിരെ ശക്തമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തെി.

ഈ വാക്സിനുകളുടെ 'മിക്സഡ്' ഷെഡ്യൂളുകള്‍ SARS-CoV2 സ്പൈക്ക് പ്രോട്ടീനെതിരെ ഉയര്‍ന്ന അളവില്‍ ആന്റിബോഡി സൃഷ്ടിക്കുന്നുവെന്നാണ് കണ്ടെത്തൽ.

അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. വേൾഡോമീറ്റർ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി നാൽപത്തിയഞ്ച് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 6.19 ലക്ഷം പേർ മരിച്ചു.

കൊവിഷീൽഡിന്റെ അംഗീകാരത്തിനായി അപേക്ഷ ലഭിച്ചില്ല : യൂറോപ്യൻ യൂണിയൻ

അസ്ട്ര സെനകയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ച സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കൊവിഷീൽഡ് വാക്സിന്റെ അംഗീകാരത്തിനായി ഇന്ത്യയുടെ ഭാഗത്ത് നിന്ന് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് യൂറോപ്യൻ യൂണിയൻ. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് യൂറോപ്പിലേക്കുള്ള യാത്രകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന വ്യാപക പരാതികൾക്കിടെയാണ് യൂറോപ്യന്‍ യൂണിയന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. യൂറോപ്യൻ മെഡിക്കൽ ഏജൻസിക്ക് ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്നും അപേക്ഷ ലഭിക്കുമ്പോൾ നടപടി ക്രമങ്ങൾ അനുസരിച്ച് അത് പരിശോധിക്കുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു. കൊവിഷീല്‍ഡ് യൂറോപ്യന്‍ യൂണിയന്റെ വാക്‌സിനേഷന്‍ പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. നിലവിൽ ഫൈസർ, മൊഡേണ എന്നീ വാക്സിനുകൾ ഉൾപ്പെടെ നാലെണ്ണത്തിന് മാത്രമാണ് വാക്സിൻ പാസ്പോർട്ട് നല്കുന്നത്. വാക്സിൻ പാസ് പോർട്ട് ഉള്ളവർക്ക് പകർച്ച വ്യാധി സമയത്ത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ യാത്ര ചെയ്യാം.

Advertisement
Advertisement