ഗുരുദർശന സൗന്ദര്യം കണ്ട സ്വാമി ശാശ്വതികാനന്ദ

Wednesday 30 June 2021 12:10 AM IST

ജാതിക്കോട്ടകൾ തട്ടിനിരപ്പാക്കിയ മഹാസിദ്ധന്മാരായ ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സജീവ ചൈതന്യങ്ങളായിരുന്നു. മൈത്രീഭാവത്തിന്റെ പവിത്രമായ ആൾരൂപങ്ങളായിരുന്ന അവർ മനുഷ്യരാശിക്കെന്നും മഹനീയ മാതൃകയുമായിരുന്നു. ജാതിയും മതങ്ങളും തമ്മിൽ പോരടിക്കുകയും തീണ്ടലും തൊടീലും കൊടികുത്തി വാഴുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഗുരുദേവനും ചട്ടമ്പിസ്വാമികളും സന്തത സഹചാരികളായി അവധൂത ജീവിതം നയിച്ചിരുന്നത്.

നായരും ഈഴവരും തമ്മിൽ നാല്‌പതടി അകലം കർശനമായി പാലിക്കണമെന്ന ദുരാചാരം പ്രബലമായിരുന്ന കാലഘട്ടത്തിൽ അർത്ഥശൂന്യവും ജാതിപരവുമായ എല്ലാ ആചാരങ്ങളെയും ശക്തിയായി നിഷേധിച്ചുകൊണ്ട് സാമൂഹിക സമത്വത്തിന്റെയും ജാതീയ സമത്വത്തിന്റെയും സന്ദേശവാഹകരായി ഇരുവരും ജീവിച്ചു. സവർണരും അവർണരുമായ എല്ലാ സമുദായങ്ങൾക്കും മഹനീയ മാതൃകയായി കേരളമൊട്ടാകെ അവർ സഞ്ചരിച്ചു.

ഇങ്ങനെ ആത്മീയ പ്രകാശം പരത്തിയ ശ്രീനാരായണഗുരുവിന്റെ ദർശനത്തിൽ പ്രകാശിക്കുന്ന അന്തഃസത്ത എന്തെന്ന് തിരിച്ചറിഞ്ഞ സന്യാസിയായിരുന്നു സ്വാമി ശാശ്വതികാനന്ദ. സംഘടന കൊണ്ട് ശക്തരാകുവാനും വിദ്യാഭ്യാസം കൊണ്ടു സ്വതന്ത്രരും സമ്പന്നരും ആകുവാനുമാണ് ഗുരുദേവൻ ഉപദേശിച്ചത്.

ഇന്ത്യയിലെ ആരാധന സമ്പ്രദായത്തിനും ജാതിവെറിയിൽ അധിഷ്ഠിതമായ വിശ്വാസ പ്രമാണത്തിനും ഞെട്ടലും ആഘാതവും ഏല്‌പിച്ചുകൊണ്ട് 1888ൽ ഗുരുദേവൻ അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠയെക്കുറിച്ചും ഇന്നത്തെ തലമുറയ്ക്കും വ്യക്തമായ അറിവുണ്ട്. എന്നാൽ ധീരമായ ഈ നടപടിയെക്കുറിച്ച് ആത്മാഭിമാനത്തോടെ ശ്രീനാരായണീയർ ഓർക്കുന്നതിന് വഴിതെളിച്ചതിൽ സ്വാമി ശാശ്വതികാനന്ദ വഹിച്ച പങ്ക് അദ്വീതിയമായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും ആ ദർശന സൗന്ദര്യം കാണാം. ശാശ്വതികാനന്ദ സ്വാമി ആലുവാപ്പുഴയിൽ ബ്രഹ്മലീലനായതിന്റെ സ്‌മരണ പുതുക്കിക്കൊണ്ട് ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജൂലായ് ഒന്ന് മതാതീത ദിനമായി ആചരിക്കുന്നു.

(ശ്രീനാരായണ മതാതീത കേന്ദ്രം ജനറൽ സെക്രട്ടറിയാണ് ലേഖകൻ.

ഫോൺ: 8078108298.)

Advertisement
Advertisement