നാടിനെ ലഹരി മാഫിയയ്ക്ക്വിട്ടുകൊടുക്കരുത്

Wednesday 30 June 2021 12:40 AM IST

സായാഹ്ന നടത്തത്തിനു ശേഷം വീടുകളിലേക്കു മടങ്ങുകയായിരുന്ന ഉത്തരേന്ത്യൻ ഉദ്യോഗസ്ഥ കുടുംബത്തിനു നേരെ ഞായറാഴ്ച രാത്രി പേട്ട അമ്പലത്തുമുക്കിലുണ്ടായ ആക്രമണവും അന്താരാഷ്ട്ര വിമാനത്താവളത്തിനു തൊട്ടടുത്ത് ദേശീയപാതയോരത്തെ വാടകവീട്ടിൽ യൂബർ ടാക്സി ഡ്രൈവർ മൃഗീയമാംവിധം കുത്തേറ്റു മരിച്ച സംഭവവും തലസ്ഥാന നഗരിയിൽ വളർന്നുകൊണ്ടിരിക്കുന്ന ലഹരി മാഫിയയുടെ കരാളമുഖമാണ് ഒരിക്കൽക്കൂടി വെളിച്ചത്തു കൊണ്ടുവരുന്നത്. സ്വച്ഛവും ശാന്തവുമെന്ന് പെരുമ നേടിയ തലസ്ഥാന നഗരം എത്രമേൽ അരക്ഷിതമായിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണിത്. കുറച്ചുകാലമായി ഗുണ്ടാസംഘങ്ങളും ലഹരി മാഫിയകളും ഇവിടെ തേർവാഴ്ച നടത്തുകയാണ്. ഒളിഞ്ഞും തെളിഞ്ഞും നടന്നുകൊണ്ടിരിക്കുന്ന ലഹരിക്കച്ചവടത്തെക്കുറിച്ചും അതിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങളെക്കുറിച്ചും പൊലീസിനും എക്‌സൈസിനും നല്ല ധാരണയുണ്ട്. ഇടയ്ക്കിടെ പലരും പിടിക്കപ്പെടുന്നുമുണ്ട്. പക്ഷേ ഇവർ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കാൻ നിയമപാലകർക്ക് കഴിയുന്നില്ല. അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരുന്നതാകട്ടെ ഇതിലൊന്നും യാതൊരു പങ്കുമില്ലാത്ത നഗരവാസികളും. നഗരഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെമ്പാടും ലഹരിക്കച്ചവടം പൊടിപൊടിക്കുകയാണ്.

യൂബർ ഡ്രൈവറെ കൊലപ്പെടുത്തിയതിനു പിന്നിൽ ലഹരികടത്തിന്റെ വിവരം പൊലീസിനു ചോർത്തിക്കൊടുത്തതിന്റെ പകയാണെന്നാണ് പൊലീസ് നിഗമനം. പിടിയിലായ രണ്ട് യുവാക്കളും ലഹരി കടത്തും കച്ചവടവും തൊഴിലാക്കിയവരാണത്രെ. ലഹരി കടത്തുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ വേറെയും കേസുകളുണ്ട്. കൊലചെയ്യപ്പെട്ട ഡ്രൈവറുടെ ദേഹത്ത് അറുപതിൽപ്പരം മുറിവുകളേറ്റിരുന്നു. മുഖമാകെ കത്തികൊണ്ടുള്ള അസംഖ്യം മുറിവുകളുണ്ടായിരുന്നു. മൃഗീയവും പൈശാചികവുമായി ഇത്തരത്തിൽ ഒരാളെ വകവരുത്തണമെങ്കിൽ പ്രതികൾ അത്രയേറെ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടാകണം.

ഉത്തരേന്ത്യൻ ദമ്പതികൾക്കു നേരെനടന്ന ആക്രമണവും നഗരത്തിൽ വേരോട്ടമുറപ്പിച്ച സാമൂഹ്യവിരുദ്ധ ശക്തികളുടെ സ്വാധീനം വിളിച്ചറിയിക്കുന്നു. ആക്രമണത്തിനു ശേഷവും വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്താൻ തയ്യാറായതിൽ നിന്നുതന്നെ അവരുടെ കൂസലില്ലായ്മ വ്യക്തമാണ്. പിടിയിലായാലും വൈകാതെ ഇവരെ പുറത്തെത്തിക്കാൻ ആളുണ്ടാകും.

മദ്യപാനം ശീലമാക്കാൻ സാഹചര്യം സൃഷ്ടിച്ചശേഷം മദ്യശാലകൾ അനിശ്ചിതമായി അടച്ചിടുന്നതാണ് സകല ലഹരിവസ്തുക്കളുടെയും കള്ളക്കച്ചവടം വർദ്ധിക്കാനിടയായതെന്ന യാഥാർത്ഥ്യം ഭരണകർത്താക്കൾ തിരിച്ചറിയുന്നില്ല. രഹസ്യമായി നടക്കുന്ന ലഹരിക്കച്ചവടം വൻ വടവൃക്ഷമായി വളർന്നുകഴിഞ്ഞു. സമാധാന ജീവിതം ആഗ്രഹിക്കുന്ന സമൂഹത്തിന് ഭീഷണിയാവുന്ന നിലയിലേക്ക് ലഹരിമാഫിയയുടെ പ്രവർത്തനം എത്തുമ്പോഴാണ് ആപത്ത് പലരും തിരിച്ചറിയുന്നത്. നിലവിലുള്ള പൊലീസ് - എക്സൈസ് സംവിധാനങ്ങൾ കൊണ്ട് ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ ലഹരി മാഫിയയുടെ അധോലോക പ്രവർത്തനങ്ങൾ. ഫലപ്രദമായ സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമായി.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ എത്തുന്ന കഞ്ചാവ് സംസ്ഥാനമൊട്ടുക്കും കൈമാറ്റം ചെയ്യപ്പെടുന്നു. വൻ ശൃംഖലകൾ തന്നെ ഇതിനായി പ്രവർത്തിക്കുന്നു. സംഘങ്ങൾക്ക് സ്വന്തം അതിർത്തികളും നിശ്ചയിച്ചിട്ടുണ്ടാകും. അത് മറികടന്ന് പ്രവർത്തിക്കുമ്പോഴാണ് പകയും ഒറ്റുകൊടുക്കലും ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും വരെ നടക്കുന്നത്. ലഹരിക്കച്ചവടം പൊലീസിനെ അറിയിച്ചതിന്റെ പേരിൽ നാട്ടുകാരും മാഫിയകളുടെ ആക്രമണങ്ങൾക്കിരയാകാറുണ്ട്. അതിനാൽ കൺമുന്നിൽ കണ്ടാലും കണ്ണടയ്ക്കാനാണ് പലരും തയ്യാറാവുക. തന്റെയും കുടുംബത്തിന്റെയും ജീവനാണല്ലോ എല്ലാവർക്കും വലുത്.

Advertisement
Advertisement