ശിവന് സ്‌മാരകമൊരുക്കും: മന്ത്രി സജി ചെറിയാൻ

Wednesday 30 June 2021 4:20 AM IST

തിരുവനന്തപുരം: അന്തരിച്ച കേരളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫർ ശിവന് തലസ്ഥാനത്ത് സ്‌മാരകം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേസരി ഹാളിൽ പത്ര പ്രവർത്തക യൂണിയൻ സംഘടിപ്പിച്ച ശിവൻ അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്ന ശിവൻ സ്റ്റുഡിയോസിനെ കുടുംബത്തിന് സമ്മതമുണ്ടെങ്കിൽ സ്‌മാരകമാക്കും, അതിന് കഴിഞ്ഞില്ലെങ്കിൽ മറ്റ് സാദ്ധ്യതകൾ തേടുമെന്നും മന്ത്രി പറഞ്ഞു. സ്‌മാരകത്തിന്റെ കാര്യം മുൻ മന്ത്രി സി. ദിവാകരൻ മുന്നോട്ടുവച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ചലച്ചിത്രരംഗത്തും ഛായാഗ്രഹണരംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവനെന്നും മന്ത്രി പറഞ്ഞു. ഡോ. ജോർജ് ഓണക്കൂർ, ബി. ജയചന്ദ്രൻ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, ഇൻഫർമേഷൻ കമ്മിഷണർ കെ.വി. സുധാകരൻ തുടങ്ങിയവർ ശിവനെ അനുസ്‌മരിച്ചു.

Advertisement
Advertisement