'എന്റെ എംപി ഫണ്ടെല്ലാം തീർന്നു, ഇനിയുള്ള സിനിമകളിൽ നിന്ന് അഞ്ച് കോടി മാറ്റിവയ്‌ക്കണം': ചാണകസംഘിയെന്ന് സുരേഷ് ഗോപിയെ വിളിക്കുന്നവർ അറിയാൻ

Wednesday 30 June 2021 2:32 PM IST

സൂപ്പർതാരം, രാഷ്‌ട്രീയപ്രവർത്തകൻ എന്നതിലൊക്കെ ഉപരിയായി തന്റെ മാനുഷിക മൂല്യങ്ങളാണ് സുരേഷ് ഗോപിയെ വ്യത്യസ്‌തനാക്കുന്നത്. സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കാണ് അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റി വയ‌്ക്കുന്നത്. രാജ്യസഭ മെമ്പർ എന്ന നിലയിൽ ഏറ്റവും മികച്ച പ്രവർത്തനവും സുരേഷ് ഗോപി ഇക്കാലയളവിൽ കാഴ്‌ചവച്ചു കഴിഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ജോസ് തോമസ് തന്റ യൂട്യൂബ് ചാനലിൽ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്.

ഇടക്കാലത്ത് സുരേഷിന് സിനിമകൾ കുറഞ്ഞുവന്നു. അദ്ദേഹം നിർമ്മാതാക്കളിൽ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് എന്ന രീതിയിൽ പ്രചരണങ്ങളുണ്ടായി. എന്നിട്ടും നിരവധിപേർ പണം കൊടുക്കാനുണ്ടായിരുന്നു. കർശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവർത്തനങ്ങളാണ് സുരേഷ് ചെയ്യുന്നത്. എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. ഒരുപാട് പേർ എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമയിലും രാഷ്‌ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താൻ അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്.

അദ്ദേഹം ഒരു രാഷ്‌ട്രീയ പാർട്ടിയിൽ ചേർന്നപ്പോൾ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേൾക്കേണ്ടിവന്നത്. സിനിമ കണ്ട് കൈയടിച്ചവർ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളിൽ സുരേഷിനെ അധിക്ഷേപിച്ചു. ഞാൻ വിശ്വസിക്കുന്ന രാഷ്‌ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവർ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അടുത്തകാലത്ത് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. 'എന്റെ എംപി ഫണ്ടെല്ലാം തീർന്നു. ഇനിവരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ‌്ക്കണം'.