ഫൈസൽഖാന്റെ 'തവിട്ടുനിറമുള്ള പക്ഷി' നോവൽ പ്രകാശനം ചെയ്തു

Wednesday 30 June 2021 7:36 PM IST

തിരുവനന്തപുരം: മഹാമാരിയുടെ കാലത്ത് മാനവികതയുടെ ശബ്ദം ഉച്ചത്തിൽ ഉയരേണ്ടിയിരിക്കുന്നുവെന്ന് സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. എം.എസ്. ഫൈസൽ ഖാൻ രചിച്ച തവിട്ട് നിറമുള്ള പക്ഷി എന്ന നോവൽ എ ഒ .തോമസിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനമോ പദവിയോ ജീവിതത്തിൽ വലിയ പ്രശ്നമല്ലെന്നും പരസ്പര സ്നേഹം മാത്രമാണ് നിലനിൽക്കുന്നതെന്നും മനുഷ്യന് ബോധ്യപ്പെടുന്ന വർത്തമാനകാലത്ത് നിരാശാഭരിതമായ മനസ്സുകൾക്ക് സാന്ത്വനമരുളാൻ കലയ്ക്കും സാഹിത്യത്തിനും കഴിയുന്നുണ്ടെന്നും പെരുമ്പടവം ചൂണ്ടിക്കാട്ടി.

നോവലിസ്റ്റ് പഠിച്ച പട്ടം സെന്റ് മേരീസ് സ്കൂളിലായിരുന്നു പുസ്തക പ്രകാശനം. അന്നത്തെ പ്രിൻസിപ്പൽ ആയിരുന്ന എ ഒ തോമസ് ആണ് പുസ്തകം ഏറ്റുവാങ്ങിയത്. സ്കൂൾ വിദ്യാഭ്യാസകാലത്ത് ശരാശരി വിദ്യാർത്ഥി ആയിരുന്ന ഫൈസൽ ഖാനെ ലക്ഷ്യബോധമുള്ള വ്യക്തിയാക്കി മാറ്റിയത് പട്ടം സ്കൂളിലെ അദ്ധ്യാപകരുടെയും തൊട്ടടുത്ത പള്ളിയിലെ വികാരിയുടെയും ഇടപെടലിലൂടെയാണെന്ന അനുഭവമാണ് പഠിച്ച സ്കൂൾ അങ്കണത്തിൽ വച്ച് പുസ്തകം പ്രകാശനം ചെയ്യുവാൻ ഫൈസലിനെ പ്രേരിപ്പിച്ചത്. ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,​ എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്,​ പ്രിൻസിപ്പൽ ജോൺ കിഴക്കേടത്തിൽ, ഹെഡ്മാസ്റ്റർ ബിജോയ്,​ പി.ടി.എ പ്രസിഡന്റ് ഷാജി കുര്യാത്തി,​ മുൻ ഹെഡ് മാസ്റ്റർ എബി എബ്രഹാം,​ മദർ പി.ടി.എ പ്രസിഡന്റ് ഷബീല അഷ്റഫ് ,​ വിനോദ് സെൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement