കൊവിഡ് പാക്കേജുകൾക്ക് മന്ത്രിസഭാ അംഗീകാരം

Wednesday 30 June 2021 8:48 PM IST

ന്യൂഡൽഹി: കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച 6.28ലക്ഷം കോടി രൂപയുടെ പുതിയ ആശ്വാസ പാക്കേജിൽ ഉൾപ്പെട്ട ചില പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.

കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ ഗ്യാരണ്ടി പദ്ധതിക്ക് 50,000 കോടി വകയിരുത്തിയത് അംഗീകരിച്ചു. നിലവിലുള്ളതും പുതിയതുമായ പദ്ധതികൾക്ക് മൂന്നുവർഷത്തേക്ക് പരമാവധി 7.95 ശതമാനം പലിശ നിരക്കിൽ സർക്കാർ ഗ്യാരണ്ടിയോടെ 100 കോടി രൂപ വരെയാണ് വായ്പ ലഭിക്കുക.

കേരളം അടക്കം 16 സംസ്ഥാനങ്ങളിൽ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടെ 3.61ലക്ഷം ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്ന ഭാരത്‌നെറ്റ് പദ്ധതിക്ക് 19,041 കോടി രൂപ വകയിരുത്തിയതിനും മന്ത്രിസഭ അംഗീകാരം നൽകി.

അതിവേഗ ബ്രോഡ്ബാൻഡ് സൗകര്യം എല്ലാ ഗ്രാമങ്ങളിലും എത്തിച്ച് ഇസേവനങ്ങൾ, ഓൺലൈൻ വിദ്യാഭ്യാസം, ടെലിമെഡിസിൻ, നൈപുണ്യ വികസനം, ഇകൊമേഴ്‌സ് തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ആത്മനിർഭർ ഭാരത് റോസ്ഗാർ യോജ്നയ്ക്കു കീഴിൽ

പുതിയ ജീവനക്കാരുടെ രണ്ടുവർഷത്തെ ഇ.പി.എഫ് വിഹിതത്തിന് സബ്സിഡി നൽകുന്ന പദ്ധതി 2022 മാർച്ച് 31 വരെ നീട്ടിയതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ കാലാവധി ജൂൺ 30വരെയായിരുന്നു.

Advertisement
Advertisement