വഴിമുട്ടി വഴിവാണിഭക്കാർ

Wednesday 30 June 2021 9:54 PM IST

തൃശൂർ: കൊവിഡ് വ്യാപനത്തിൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് വഴിയോര കച്ചവടക്കാരും തൊഴിലാളികളും. ആദ്യ തരംഗത്തിന്റെ ആധി തീരും മുമ്പേയെത്തിയ രണ്ടാം തരംഗത്തിലും ആദ്യം താഴ് വീണതും വഴിയോര കച്ചവടത്തിനായിരുന്നു. മറ്റ് വിഭാഗങ്ങൾക്ക് ഇളവ് നൽകിയപ്പോഴും വഴിയോര വാണിഭത്തിന് ഇപ്പോഴും പ്രവർത്തനാനുമതിയില്ല. ഉപജീവനം നഷ്ടപ്പെട്ട് വഴിയോര കച്ചവടക്കാർ മിക്കവരും പട്ടിണിയിലാണ്. വർഷങ്ങളായി വഴിയോര കച്ചവടം കൊണ്ടു മാത്രം ജീവിക്കുന്ന നിരവധി പേരാണ് ജില്ലയിലുള്ളത്.

ഉപ്പ് തൊട്ട് കർപ്പൂരം വരെയും വീട്ടുപകരണങ്ങൾ തൊട്ട് ഇലക്ട്രോണിക് സാധനങ്ങൾ വരെയും വഴിയോര വിപണികളിൽ സുലഭമാണ്. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്നതും ഇത്തരം കച്ചവടക്കാരെയാണ്. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ സാധനം ലഭിക്കുമെന്നതാണ് കൂടുതലായി ആശ്രയിക്കാൻ കാരണം. കടകളിൽ ലഭിക്കാത്ത ചൈനീസ്, ഹോം മേഡ് ഉത്പന്നങ്ങളും ധാരാളമായി വഴിയോര കച്ചവട സ്ഥാപനങ്ങളിൽ ലഭിക്കാറുണ്ട്.

നഷ്ടങ്ങൾ പലവിധം

സാധനങ്ങൾ വിൽക്കാൻ കഴിയാത്തതിനാൽ മിക്കവർക്കും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. മിക്കവയും കാലപ്പഴക്കവും മോശം കാലാവസ്ഥയും മൂലം നാശമായി. മിക്ക തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധന സഹായം പോലും ലഭിച്ചില്ല. ഉപജീവനം മുടങ്ങിയതോടെ മിക്കവരുടെയും കുടുംബം പട്ടിണിയിലായി. ലോക്ക് ഡൗൺ കാലത്ത് സന്നദ്ധ സംഘടനകളും മറ്റും എത്തിച്ച് നൽകിയ കിറ്റുകളും ഭക്ഷണ സാധനങ്ങളുമാണ് പല കുടുംബങ്ങളുടെയും പട്ടിണി ഇല്ലാതാക്കിയത്. താമസിക്കുന്ന വീടിന്റെ വാടക, കറന്റ് ബിൽ എന്നിവ നൽകാൻ പോലും പലരും പ്രയാസപ്പെടുന്നു.

വെല്ലുവിളിയായി കൊവിഡ്

കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് കച്ചവടം നടത്തണമെന്നത് വഴി വാണിഭത്തിന് വലിയ വെല്ലുവിളിയാണ്. ഉപഭോക്താവിന് സാധനം തൊട്ടു നോക്കാനോ, തിരഞ്ഞെടുക്കാനോ കൊവിഡ് പ്രേട്ടോകോൾ പ്രകാരം അനുമതിയില്ല. ഇതെല്ലാം വഴിയോര കച്ചവടത്തിന് വെല്ലുവിളിയാകുന്നു. ലോക്ക് ഡൗൺ ഇളവുകൾ നൽകി വഴിയോര കച്ചവടം നടത്താൻ അനുവദിച്ചാലും കണ്ടെയ്‌മെന്റ് സോൺ, സാമൂഹിക അകലം എന്നീ വെല്ലുവിളികൾക്കിടയിൽ എങ്ങനെ കച്ചവടം നടത്തുമെന്ന് അറിയാതെ വ്യാകുലപ്പെടുകയാണ് കച്ചവടക്കാർ.

തെരുവ് കച്ചവടക്കാർ

ജില്ലയിൽ 30,000

ക്ഷേമനിധിയിൽ 10,000

കോർപറേഷൻ പരിധിയിൽ- 1350 (അംഗീകാരമുള്ളത് - 430)

ടി.പി.ആർ പത്തിൽ താഴെയുള്ള ഇടങ്ങളിൽ വഴിയോര കച്ചവടം സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും പലയിടത്തും സെക്ടറൽ മജിസ്‌ട്രേറ്റുമാർ തടസ്സം നിൽക്കുകയാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പാതയിലേക്ക് നീങ്ങും.

ടി. ശ്രീകുമാർ

ജില്ലാ ജനറൽ സെക്രട്ടറി

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ

Advertisement
Advertisement